സിദ്ധാർഥ്​ എസ്​.

​​​​​​​ഇരപിടിയൻ കാട്ടുപൂക്കൾ

കലിന്റെ തുറസ്സുകൾ,
വെളിയിടങ്ങൾ.

വിസ്തൃതമെങ്കിലും
വെളിച്ചം പരുവപ്പെടുത്തിയ
പേടി
അവളിലും എന്നിലും
ബാധിച്ചുകഴിഞ്ഞിരിക്കുന്നു.

ഇരുട്ട്​ തുടങ്ങിയാൽ,
വെളിച്ചം
എത്തിനോക്കിയാൽ പോലും
ഉടുത്തതെല്ലാം
പീറ മണൽകൂനയിൽ
വലിച്ചെറിഞ്ഞ്
പുളഞ്ഞടുത്ത തിരയെ
വലിച്ചുകേറ്റി പുതക്കുന്ന
അവളുമാർ
ഞങ്ങളോട് പറഞ്ഞു,
പോയി കക്ഷങ്ങളിൽ ഒളിക്കൂ,
അവിടെ നിങ്ങൾ സ്വസ്ഥരാകുമെന്ന്.

ഒഴിഞ്ഞ പാർക്കിൽ
ഒറ്റമരചോട്ടിൽ
ഇളംമഞ്ഞ വന്ന്
ഞങ്ങളുടെ മുറിവിന്
എരി കേറ്റുമ്പോൾ
അവളുടെ കാലിലെ തള്ളവിരലിൽ
നിർത്താതെ ഉമ്മവെക്കുന്ന
ഈച്ചയേക്കാൾ ചെറുതാണ്
ഞാൻ.

അവളുടെ മുടിക്കുത്തിന്റെ
ചോട്ടിലെ
കല്ലിച്ച ചോര,
എന്റെ അടിവയറ്റിൽ
പൊന്തിവന്ന വീക്കം
ഇല്ലാത്ത കാരണങ്ങളുടെ
തരിക്കുന്ന പൊട്ടൽ.

ചോര വാർന്ന
എന്റെ മൂത്രത്തുള്ളികൾ
കക്ഷങ്ങൾക്ക്
അവളുടെ ഉപ്പുവറ്റിന്റെ
ചുവ സമ്മാനിച്ചു.

അതിന്റെ വേരുകളിൽ
കുമിഞ്ഞ
ലാവണ്ടർ പൊടി
ആ ഉപ്പുനീരേറ്റ്
ഉൾവലിഞ്ഞു.

നിജമായ മനിതന്റെ ഗന്ധം.

തിരക്കുള്ള നിരത്തിൽ
ഇരുകക്ഷങ്ങളും കെട്ടിപിടിച്ചപ്പോൾ,
കുതറിമാറിയ രോമങ്ങൾ
അള്ളിപിടിച്ച് പിണഞ്ഞപ്പോൾ,
ഞങ്ങൾ കണ്ട
മനുഷ്യർക്കൊന്നും തുണിയില്ലായിരുന്നു.

നാലാൾ കേൾക്കേ, ഓരിയിട്ട് പറയൂ
‘കക്ഷങ്ങൾ
ഇരപിടിയൻ കാട്ടുപൂക്കൾ ആണ്.'


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments