അച്യുതൻ ബർമൂഡയിൽ
തെന്നി നീങ്ങുന്നു
ചിത്രകൂടത്തിലെ വെള്ളച്ചാട്ടത്തോടൊപ്പം
അവസാനത്തെ പരീക്ഷയ്ക്കായി
നദിയെ വായിച്ചു കൊണ്ട്
അവന്റെ കീശയിൽ നിന്ന്
ഓഷോയുടെ നാവ്
നനഞ്ഞ തുടകളെ നക്കിത്തുടക്കുന്നു
നീൽ ഇൻറർനെറ്റിലേക്ക് കുടിയേറി
കംപ്യൂട്ടറിന് 24 കാലുകൾ വച്ചിട്ടുണ്ട്
നഗരത്തിലുള്ള അവന്റെ അച്ഛന്
മൊബൈൽ ഫോണിൽ അവനെ കിട്ടുന്നതേയില്ല
അൽബൻ റ്റോപ്പോ സ്കൂളിലെത്തിയിട്ടില്ല
അമ്മയുടെ മുറിവുകൾ വെച്ചു കെട്ടേണ്ടതുണ്ട്
സ്വന്തം കണ്ണുനീരും പാഠങ്ങളും കൊണ്ട്
ഉച്ചയുടെ പുറത്ത് അച്ഛൻ
കള്ളും കുടിച്ച്
കൂർക്കം വലിച്ചുറങ്ങുമ്പോൾ
തർസില ഒരു വേട്ടനായയെപ്പോലെ ഓടുന്നു
നിരക്ഷരകുക്ഷിയായ വില്ലേജാഫീസറുടെ കയ്യിൽ നിന്നും
ആദായ സർട്ടിഫിക്കറ്റ് നേടി
കോട്ടും സൂട്ടുമിട്ട യൂണിവേഴ്സിറ്റിക്ക് സമർപ്പിക്കാൻ
കോടതി പരിശീലന കളരിയിൽ പൂവൻകോഴികൾ ബഹിരാകാശ നിയമങ്ങൾ പയറ്റുമ്പോൾ
ചന്ദ്രൻ മഹുവ മരത്തിലേക്ക് നടന്നു കയറുന്നു
സുസ്ഥിര പങ്കാളിയെത്തേടി
ബസ്തർ സെൻട്രൽ ജയിലിൽ
വിധിന്യായം കാത്തുകിടക്കുന്ന തടവുകാരിക്ക്
കുടിവെള്ള സമരത്തിനായി
വീട്ടിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ട്
നമുക്ക് വനാന്തരങ്ങളിലേക്ക് പോകാം?
അവിടെ ഊഷ്മളത നമ്മെ കാത്തിരിക്കുന്നുണ്ടാവും
എല്ലാ നിഷേധങ്ങളുടെയും
ബലിതർപ്പണം നടക്കുന്നയിടം
ഓർമ്മിക്കലുകളുടെ വേദനയിൽ നിന്ന്
നിനക്ക് തണൽ ലഭിക്കുകയും ചെയ്യും
നമുക്ക് നദിയിൽ വെച്ചു കാണാം
രക്തത്തിന്റെ ഒരു തുള്ളിയും കാണില്ല
പക്ഷേ കീറിമുറിച്ച ഒരു ഹൃദയമുണ്ടാവും
നിന്റെ സ്നേഹത്തിന്റെ ഓക്സിജൻ കിട്ടാൻ കാത്തുകിടക്കുന്ന
അടഞ്ഞ ധമനികളോടെ
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.