ശ്രീലേഖ എൽ. കെ.

രണ്ട്​ പെണ്ണുങ്ങൾ

ചായത്തിളയിൽ
കടൽത്തിര

ഇടയ്ക്കിത്തിരി പൊടി തൂവി
ഞാനതിനെ പാതിരയാക്കുന്നു

നിലാവെട്ടം പോലെ
പാൽതുള്ളി.

പഞ്ചാരത്തരികളിൽ
നക്ഷത്രങ്ങൾ പൂക്കുന്നു

ഞാൻ കുടിക്കുന്നുണ്ട്
ഉന്മാദത്തിന്റെ രാത്രികളെ

രണ്ട്

വെയില് മൂക്കും മുൻപ്
ഇലകൾ പൊഴിയുന്നേരം
നനഞ്ഞ ചുണ്ട് തോർത്തി,
പാതയോരത്തവൾ
ഇരപിടിക്കാൻ കാത്ത് നിന്നു

ഒളിച്ചു വന്നവനെ നീണ്ട നാക്കിൽ
ചേർത്ത് ഒറ്റയടിക്കകത്താക്കി
വിശപ്പ് തീർന്നെന്ന തോന്നലിൽ
ഞെളിഞ്ഞുയർന്നു.

പിന്നിലും മുന്നിലുമായ് വന്നയൊച്ചകൾ
ഇലപടർപ്പിലെ ഒരേ
നിറത്തിലേക്കൊളിപ്പിച്ച്
പിന്നെയും അടുത്തതിനായ് കാത്തു.

പലഭാഗത്തേക്കായ് പാഞ്ഞു
കേട്ടു പഴകിയ പുലഭ്യങ്ങളിൽ
പുതു ജീവൻ പകർന്ന്,
ഏറു കൊള്ളുമ്പോൾ
‘പാപം ചെയ്യാത്തവനോട്
കല്ലെറിയാൻ'പറയാതെ,
കാമം മയ്യെഴുതിയ കണ്ണിൽ
ഇരയെ കോർത്ത്
പിന്നെയും വരണ്ട ചുണ്ടു നനച്ചു.
തേവിടിശ്ശി. ​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments