സുഭാഷ് ഒട്ടുംപുറം

​രാവണന്റെ പേര്

രാവണൻ എന്നായിരുന്നു പേര്.
ആദ്യത്തെ വെട്ടിന്
തലയോടൊപ്പം ആദ്യാക്ഷരം ഉരുണ്ടങ്ങു പോയി.
കൈകളോടൊപ്പം രണ്ടാമത്തേതും.
കാലുകൾ വെട്ടിയിട്ടപ്പോൾ അവസാനത്തെ ചില്ലക്ഷരവും ഉടഞ്ഞു.
ഏറെ പണിപ്പെട്ടാണവർ
വിട്ടുപോയതെല്ലാം തുന്നിച്ചേർക്കുന്നത്.
ഇപ്പോൾ കണ്ടാലൊരു നോക്കുകുത്തിയെ പോലുണ്ട്.
അതാണവർക്കും വേണ്ടത്.
ദസറയിൽ കത്തിച്ചുകളയാനൊരു കോലം.
മരിച്ചുപോയാൽ അടക്കം ചെയ്യും വരെ
ശവമെന്നതിന്റെ പര്യായങ്ങളാണ് ഒരുവന്റെ പേര്.
പക്ഷേ, എത്ര ദസറ കഴിഞ്ഞാലും
ഏത് ചിതയിൽ ചുട്ടാലും
ഞാനെന്നും രാവണൻ തന്നെ.
തുന്നിക്കെട്ടൽ പൂർത്തിയായിട്ടുവേണം
അവരൊരുക്കുന്ന ചിതയിൽ കുളിച്ച്
എനിക്കെന്റെ പേര് വീണ്ടെടുക്കാൻ.
ബ്രിസ്രാഖിലെ കരിദിനത്തിലെനിക്ക്
പത്ത് തലകളുയർത്തി നിൽക്കാനുള്ളതാണ്.

(ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഗ്രാമമാണ് ബിസ്രാഖ്. രാമായണ കഥാപാത്രമായ രാവണൻ ഈ ഗ്രാമത്തിൽ ജനിച്ചുവെന്നും പിന്നീട് ലങ്കയിൽ തന്റെ സാമ്രാജ്യം സ്ഥാപിച്ചെന്നുമാണ് വിശ്വാസം. രാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്കായി നടത്തുന്ന ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങൾ ഈ ഗ്രാമത്തിലുള്ളവർ ആഘോഷിക്കാറില്ല. രാവണനെ തങ്ങളുടെ വീരനായകനായി കാണുന്ന ഈ ഗ്രാമവാസികൾ അന്നേ ദിവസങ്ങളിൽ ദുഃഖാചരണം നടത്തുകയും രാവണന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനുള്ള പ്രാർത്ഥനകളും പൂജകളും മറ്റും നടത്തുകയും ചെയ്യുന്നു. /വിക്കിപീഡിയ)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments