സുധീഷ്​ കോ​ട്ടേ​മ്പ്രം

​​​​​​​ബാർമേറ്റ്

വിടെയായിരുന്നു
നമ്മൾ പറഞ്ഞുനിർത്തിയത്?

രണ്ടാമത്തെ കുപ്പി തുറക്കുമ്പോൾ
ഒരു നീലപ്പൊന്മാൻ
നമ്മൾക്കിടയിലൂടെ പറന്നു.
അതിനുശേഷമാണ്
നിങ്ങളാ കവിത ചൊല്ലിയത്.

അതൊരു സാധാരണ കവിതയായിരുന്നല്ലോ
അതെ, പക്ഷേ
സാധാ കവിതകളിലുമുണ്ട്
ഒരു പക്ഷിച്ചിറക്
ഒരാന്തൽ
ഇരുന്നിടത്തുനിന്നും
ഒരനക്കം.

വീട്ടിലെയൂണ് ഹോട്ടലിൽ;
അതായിരുന്നല്ലോ പറഞ്ഞുവന്നത്.
അതെ.
ഹോട്ടലിലെ ഭക്ഷണം കഴിക്കാനാണ്
ഹോട്ടലിൽ പോകുന്നത്
വീട്ടിലെയൂണ് വീട്ടിൽക്കഴിച്ചാൽപ്പോരേ?
ഹോട്ടലിൽച്ചെന്നിട്ടും വീട് രുചിക്കണമെന്ന്.
എല്ലാവീടും രുചിക്കുമെന്ന തിയറിയാണ് പ്രശ്നം.

രുചിക്കാത്ത വീടുള്ളവന്
ഹോട്ടലാണ് രുചി.
എന്നിട്ട് കവിതയിൽ എന്താണ്
നിങ്ങൾ പറയാൻ ശ്രമിക്കുന്നത്?
കവിതയിൽ എന്തുപറയാൻ?

കവിത തന്നെ
പറച്ചിലിനെതിര്
പഴക്കംചെന്ന വൈൻ.
കഴിക്കാനെന്തെങ്കിലും
പറയണ്ടേ?

ബീഫ് പറ
പൊറോട്ടയും
മെല്ലെപ്പറ
കൊല്ലുമോ?
ആരുമാരെയും
കത്തികൊണ്ട്?
ഏറുകൊണ്ട്
ശൂലംകൊണ്ടും
തോക്ക് കൊണ്ട്
അല്ലല്ല
ഇനി ബുൾഡോസർ വരും.
കൂര മാന്തും
കുലം മാന്തും
കൂര മാന്തും
കുലം മാന്തും

മധുശാലകൾ മുഴുവൻ
ലോകത്തിന്റെ മിടിപ്പിനെ
കൂടുതൽ മുഴക്കത്തിൽ കേൾപ്പിക്കുന്നു
ഒച്ചകളെ കൂടുതൽ ഒച്ചപ്പെടുത്തുന്നു.
ഒച്ചയില്ലായ്മയെ കനപ്പിക്കുന്നു.
ഇരിപ്പിനെ ഇരിപ്പാക്കുന്നു.
ഇരട്ടിപ്പിച്ച ലോകത്തിന്റെ ഇരുട്ടിനെ
അരണ്ടവെളിച്ചത്തിൽ വെളിവാക്കുന്നു.
വാർത്താച്ചാനൽ
മാറ്റാൻ ഒരാൾ കയർക്കുന്നു.
വാർത്തയിൽനിന്ന്
ഓരാൾ പുറത്താകുന്നു
അയാളുടെ ഉടുപ്പിലെ
ചോരക്കറ തൊട്ട്
മറ്റൊരാൾ മുപ്പതുമില്ലി കൂടി അകത്താക്കുന്നു.

വിളമ്പുകാരൻ
ഇപ്പോൾ കൊണ്ടുവെച്ച അച്ചാർ
ചുടുചോരയായ് തിളക്കുന്നു.
അതിലെ നാരാങ്ങാക്കഷ്ണം
അറ്റവിരലോ ചെവിയോ
നാക്കോ കരളോ കുടൽമാലയോ!
ഞാനിവിടെ ഇരിക്കുകയാണ്
അപ്പുറത്ത് ജഗൻ
അപ്പുറത്ത് സുധാംശു
അപ്പുറത്ത് ശോഭരാജ്
അപ്പുറത്ത് ഹോച്മിൻ
അപ്പുറത്ത് സായന്ത്
അപ്പുറത്ത് വിഷ്ണു
അപ്പുറത്ത് ഷിഫു
അപ്പുറത്ത് ആഞ്ചലോ
അപ്പുറത്താരുമാവാം
അപ്പുറത്താരുമില്ലാതാവാം
അപ്പുറമേയില്ലാതാവാം
ഞാനിവിടെ ഇരിക്കുകയാണ്

തലക്കുചുറ്റും
നീലവെളിച്ചത്തിൽ
ഒച്ചകളൊച്ചകളൊരേതരമൊച്ചകൾ.
നാവുകൾ
ചെവികൾ
ചൂണ്ടുവിരലുകൾ.

ഞാനിവിടെ ഇരിക്കുകയാണ്
ഒരു സാധാരണകവിതയിലെ
വറ്റ് പെറുക്കിത്തിന്നുകൊണ്ട്.
അല്ല
ഒരു സാധാ തെരുവിന്റെ
ചോര രുചിച്ചുകൊണ്ട്.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി. കലാവിമർശകൻ. ന്യൂഡൽഹി ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിൽ കലാചരിത്ര ഗവേഷകൻ. ​​​​​​​ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments