സുധീഷ്​ കോ​ട്ടേ​മ്പ്രം

വരാൽച്ചുഴി

പിണങ്ങിപ്പോയതിനുശേഷം
ഒരുനാൾ അവൾ വന്നു.
തുന്നൽവിട്ട തലയിണ തുന്നിച്ചേർത്തു.
നിരതെറ്റിവളർന്ന ചെടികൾ വെട്ടിയൊതുക്കി.
പൊട്ടിയ കപ്പിന്റെ കൈപ്പിടി
ഫെവിക്രിൽ കൊണ്ട് ഒട്ടിച്ചുചേർത്തു.
എവിടെനിന്നോ കൊണ്ടുവന്ന
മുറികൂടിച്ചെടിയുടെ കൊളുന്ത് നട്ടു.

കിടപ്പുമുറിയിലെ
ഉടഞ്ഞ കണ്ണാടിയിൽ കാണാം
വന്നതിന്റെയോ പോകുന്നതിന്റെയോ
ഒരുക്കപ്പാട്.
കത്തിത്തീർന്ന മെഴുതിരിവെട്ടം.
പാതിയിൽ വായിച്ചുനിർത്തിയ
പുസ്തകത്തിന്റെ തുറന്ന വായ.
ഇനി കുടിക്കേണ്ടതില്ലാത്തപോൽ
കമിഴ്ത്തിവെച്ച മൺകൂജ.

ചില ലോകകാര്യങ്ങൾ
ആവേശത്തോടെ
പറഞ്ഞതൊഴിച്ചാൽ
പറയേണ്ടതുമാത്രം
പറയാതിരിക്കാൻ
ഞങ്ങൾ പരസ്പരം ശ്രദ്ധവെച്ചു.

ഉറങ്ങാൻ നേരത്ത്
കിടക്കവിരിയുടെ ഒത്തനടുക്ക്
അവളൊരു വട്ടംവരയുന്നത് കണ്ടു.
എല്ലാ പണിയും കഴിഞ്ഞ്
നിലമടിച്ചുവാരും പോലെ.
പതുക്കെപ്പതുക്കെ
ആ വട്ടമൊരു ചുഴിയായി മാറുന്നു.
വാതിലുകളും ജനലുകളുമടച്ച്
കുടിക്കാനുള്ള വെള്ളം കട്ടിലിനരികെവെച്ച്
ആ ഉറക്കച്ചുഴിയിലേക്കവൾ കാലെടുത്തുവെക്കുന്നു.

പുതപ്പിന്റെ ആയിരം നൂൽത്തിരകളി-
ലൊരു വരാൽമീനെന്നപോലെ
വട്ടംകറങ്ങികറങ്ങി യൊടുവിലൊ-
രൊറ്റവീർപ്പിനാൽ
മുങ്ങിയമരുന്നു
നിശ്ശബ്ദം
നിശ്ചലം.

കിടക്കവിരിയിലിപ്പോൾ
ചുളിവുകളേയില്ല
ഒരു ചുഴിയുണങ്ങുന്നതിന്റെ
നേരിയ ഈർപ്പം.
അതിന്റെ തണുത്ത ഓർമ.​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി. കലാവിമർശകൻ. ന്യൂഡൽഹി ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിൽ കലാചരിത്ര ഗവേഷകൻ. ​​​​​​​ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments