സുനിലൻ കായലരികത്ത്​

കൂട്ടുകാരൻ മരിച്ച ദിവസം

കൂട്ടുകാരൻ മരിച്ച ദിവസം
കാട്ടിലൊറ്റയ്ക്കകപ്പെട്ട പോലെ,
ബാക്കിയായ് ഉള്ള കാര്യങ്ങൾ ചെയ്യാൻ
ഓർത്ത് വിങ്ങി തുളുമ്പാതെ നിന്നു.

മൂപ്പരേക്കണ്ട് കാര്യം പറഞ്ഞു.
കർമ്മിയേത്തേടി ആളേയയച്ചു.
പട്ടടയ്ക്ക് കുഴിയൊരുക്കുമ്പോൾ
തൊട്ടടുത്തായ് മരവിച്ച് നിന്നു.

ഓർത്ത് ഞെട്ടിക്കരയുന്നവന്റെ
വേർപ്പതിറ്റി കുളിർന്നോരു പെണ്ണ്.
എന്തിനാണെന്നറിയാത്ത പോലെ
നൊന്ത് കേഴുന്നു പാവമേ കുഞ്ഞ്.

നീർതൊടാനായ് എടുക്കുന്ന നേരം
ബോധമില്ലാതെ വീഴുന്നു പെണ്ണ്
വായ്ക്കരിക്കായ് അവളേ എടുത്ത്
ചേർത്ത് നിർത്തുമ്പോൾ കൂട്ടക്കരച്ചിൽ.

കാണുവാനിനി ആരുണ്ട് ബാക്കി?
ആരുമില്ലതാ തീപിടിക്കുന്നു
ഓർമ്മകൾ കത്തി ചാരമായ് പാറി
കാറ്റിനൊത്തവൻ നീറി തുടങ്ങി

വന്നവർക്കൊപ്പം സൂര്യൻ മടങ്ങി
യാത്രയില്ല വെറുതേ നടന്നു
സന്ധ്യയായി മഴക്കുടുക്കത്തിൻ
ഗഞ്ചിറയ്‌ക്കൊത്ത് കണ്ണുകൾ ചാറി
​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments