വിഷം കഴിച്ചോ
കയറിൽ തൂങ്ങിയോ
തീയിൽ കുളിച്ചോ
നദിയിൽ ചാടിയോ
ട്രെയിനിന് തല വച്ചോ
കറണ്ടടിപ്പിച്ചോ
കഴുത്തറത്തോ
ഒക്കെ
ആത്മഹത്യ ചെയ്യുന്നതിൽ
ഒരാവേശവും
തോന്നാത്തത് കൊണ്ട്
ഇതുവരെയാരും
പരീക്ഷിക്കാത്ത
ഏറ്റവും നൂതനവും
എന്റേതു മാത്രവുമായ
ആത്മഹത്യയേപ്പറ്റിയുള്ള
പഠനത്തിലാണ്
മറ്റൊരാളിൽ നിന്നും
വ്യതിരിക്തമായി ഒന്നുമില്ലാത്ത
വെറുതേ ജീവിക്കുന്ന
പടു സാധാരണക്കാരനാണ്
ജീവിതത്തിന്റെ
കല്ലും മുള്ളുമെന്നൊക്കെയല്ലാതെ
കവിതയിൽ പോലും പുതുമയില്ലാത്തവനാണ്
വെറുതേ ജീവിച്ച് മരിക്കാതെ
മരിച്ച്
മഹസറിലൂടെയെങ്കിലും
ഓർമ്മിക്കപ്പെടണം
മുന കെട്ടതും
തുരുമ്പിച്ചതുമായ
ഈ കവിത പോലും
ചിലപ്പോൾ വിഷാദമെന്ന
കാരണം കൊണ്ട്
പ്രയോഗ വസ്തു ആയേക്കാം
ആവില്ല, കാരണം
ഏറ്റവും നൂതനവും
എന്റേതു മാത്രവുമായ
ആത്മഹത്യയേപ്പറ്റിയുള്ള
പഠനത്തിലാണല്ലോ ഞാൻ
എത്രയും പെട്ടെന്ന് തന്നെ
ഞാനത് കണ്ടെത്തിയേക്കും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.