സുരേന്ദ്രൻ കാട​ങ്കോട്​

നട്ടിക്കണ്ടത്തിലെ യക്ഷി

നിലാവ്

ട്ടിക്കണ്ടത്തിൽ
നിലാവെളിച്ചത്തിൽ
മുടിയഴിച്ചിട്ട് ഒരു പെണ്ണ്!

പുഴയിൽ കുറ്റിവലയിട്ട്
മടങ്ങും നേരത്ത്
കുഞ്ഞേട്ടനാണ് ആദ്യം കണ്ടത്,
കൂവലിനടുത്ത് കാറ്റിലുലഞ്ഞ്
വെൺപുടവ !

ചിരുകണ്ടന്റെ കണ്ടത്തിൽ പ്രേതം!
കണ്ടത്തിലേക്ക്
ആരും പോകാതെയായി.

മമ്പാനിയേറ്റി തളിച്ചു
പൊന്നിച്ചുവളർത്തിയ
പച്ചപ്പടർപ്പുകളിലേക്ക്
ചിരുകണ്ടന് പോകാതിരിക്കാനാവില്ലല്ലോ.

യക്ഷി വെള്ളരിക്ക തിന്നുമോ?
കക്കിരിക്ക? വത്തക്ക?
മൂപ്പൊത്തതൊക്കെ കാണാതാവുന്നു!

ഹേയ്! ഇതതൊന്നുമല്ല,
പഠിച്ച കള്ളനാ!

പാതിരാക്ക് അയാൾ
കൈതച്ചെടികൾക്കിടയിൽ ഒളിച്ചിരുന്നു.

ന്​ലാവത്ത്​
മറ്റൊരു ന്‌ലാവോ ...!
ചിരുകണ്ടന് ബെറ വന്നു.

കണ്ടത്തിൽ വെളുത്ത രൂപം
ചാക്ക് തുറക്കുന്നു.

അവൾ നടക്കുന്ന വഴിയേ
സ്വപ്നത്തിലെന്ന പോലെ
അയാളും നടന്നു.
പാലപൂത്ത മണമടിച്ചുവോ
അവളുടെ കാലുകൾ
ഭൂമിയെ തൊടുന്നുണ്ടോ
അവ്യക്തതയുടെ മൂടുപടലം!

ചാലിൻകരയിലൂടെ നടന്നുനടന്ന്
അവർ പാലപ്പൂക്കുന്ന് കയറുന്നു.
എന്തൊരു പാച്ചലാണവൾ
അയാൾ കിതച്ചു.
പത്തുപന്ത്രണ്ട് വർഷങ്ങൾക്കുശേഷം
വീണ്ടുമീക്കുന്ന് കയറുകയാണ് !

കുന്നിൻമോളിൽ
അയാളെ കാത്തിരുന്നത്
ഒരു നട്ടുച്ചയായിരുന്നു!

തമ്പായി

ല്ല വെയിലായിരുന്നു.
പാറയിലെ പച്ചത്തളിർപ്പിലേക്ക്
രാവിലെ കൊണ്ടുവിട്ട പശുക്കളെ
എന്തോ തരം ഒച്ചയാക്കി
അയാൾ വിളിച്ചു.

കുന്നിലെ ഒത്ത നടുക്കുള്ള
വെള്ളക്കെട്ടിലേക്ക് പശുക്കളെ ഇറക്കി.

അവ വെള്ളം കുടിക്കുമ്പോൾ
അങ്ങേയറ്റത്ത് അവളെ കണ്ടു,
പളുങ്കുവെള്ളം കോരിയെടുത്ത്
മോത്തേക്കെറിയുന്നു
തലയിൽക്കെട്ടിയ തുണിയഴിച്ചെടുത്ത്
ജലവിതാനത്തിൽ പതുക്കെ തഴുകുന്നു.
മാറുലഞ്ഞു നിവർന്നു
ചെമന്ന ബ്ലൗസിൽ വെയിൽ കിടന്നു
കളളിക്കള്ളി ലുങ്കിയിൽ
കറുത്ത അരക്കെട്ട് പിടഞ്ഞു.

അപ്പുറം പൊരപ്പുല്ലുകളെ
കാറ്റ് ചായ്ച്ച് ചായ്ച്ച്
തിരമാലകളാക്കിക്കൊണ്ടിരിക്കുന്നു!

വെറകു പെറുക്കാൻ വരുന്ന
പെണ്ണുങ്ങളുടെ കൂട്ടത്തിൽ
പുതിയതാണവൾ.
ഇന്നവൾ തനിച്ചാണ് !

വെറക് പിടിച്ച് തര്വോ?
മോത്തെ വെള്ളത്തുള്ളികൾ
വെള്ളിമുത്തുകളായി!

കശുമാവിൻ കൂട്ടത്തിലേക്ക്
അവർ നടന്നു.

വെറകുകെട്ട് തലയിൽ വച്ചുകൊടുക്കുമ്പോൾ
അയാളവളുടെ അരക്കെട്ട് പിടിച്ചു.
കെട്ട് താഴെ വീണപ്പോൾ
അയാളവളെ കെട്ടിപ്പിടിച്ചു.
അവൾ കുതറിക്കുതറി നിശ്ചലയായി
കരിയിലകൾ അമർന്നു.

പോകുമ്പോൾ അവളുടെ പേരുമാത്രം
അയാൾ ചോദിച്ചു.

ത... ത...തമ്പായി

അത്രയും പതിഞ്ഞ ശബ്ദം
വേറെ ഉണ്ടെന്നു തോന്നുന്നില്ല.

തമ്പായി കുന്നിനപ്പുറത്തേക്ക് ഇറങ്ങി
തിരിഞ്ഞു നോക്കാതെ ...

കൈതോല മണം

കുന്നിറങ്ങി നാറിച്ചക്കാടുകൾക്കിടയിലൂടെ
യക്ഷിക്കു പിന്നാലെ ചിരുകണ്ടൻ നടന്നു.
അദൃശ്യമായ ഒരു ചരടിൽ
കൊളുത്തിയതുപോലെ!

ശ്മശാനത്തിന്നരികിലെ
കാരമുൾച്ചെടികൾക്കിടയിലെ
കൂർത്ത മുരൾച്ച ചെവിയിൽ തറച്ചു.

പൊയ്യമൈതാനത്തിൽ
അവൾ ഒഴുകുകയാണ്!
ഒറ്റത്തെങ്ങുപാലത്തിലൂടെ
എത്ര വേഗത്തിലാണവൾ
തോട്ടിനപ്പുറമെത്തിയത് !
ചെകരിക്കമ്പനി മുറ്റത്തെ
ചോറിൽ ചവിട്ടി നടക്കുമ്പോൾ
താനും ഭൂമിയിൽനിന്നുയരുന്നതായി
ചിരുകണ്ടന് തോന്നി.

ഒരിറക്കം കഴിഞ്ഞാൽ
ഉണങ്ങിയ കൈതോല മണമുള്ള
ഒരിടത്തെത്താം.

അവൾ ചെറ്റവാതിൽ നീക്കി അകത്തുകേറി
അയാൾ ചെറ്റതുളച്ച് ഉള്ളിലേക്ക് നോക്കി.
ഉയർത്തിയ ചിമ്മിണിബെളിയിൽ
അവൾ വെളുത്ത തുണി അഴിച്ചുമാറ്റുന്നു
കറുത്ത അരക്കെട്ടിൽ നേർത്ത ബെളി കിടന്നു
അയാളുടെ ഉളള് പിടഞ്ഞു.

കൈതോലപ്പായയിൽ
ചുരുണ്ടു കിടന്നിരുന്ന കുട്ടി
കാലുവലിച്ച് നിരങ്ങി വന്ന്
ചാക്കിൽ തൊട്ടു .

വല്ലോരുടേത്
എന്തിനാണമ്മേ...?

ആരാന്റെ മൊതലൊന്നുമല്ല
നിന്റേതാ ...നിനക്കവകാശപ്പെട്ടതാ ...
അവൾ പറഞ്ഞു.

അത്രയും കനത്ത ശബ്ദം
വേറെ ഉണ്ടെന്നു തോന്നുന്നില്ല.

ചിരുകണ്ടൻ തരിച്ചു
തിരിച്ചുനടന്നു.

പാലപ്പൂക്കുന്ന് കറുത്ത്
അകാശംമുട്ടെ വളർന്ന്
ഭൂമിയുടെ അറ്റം എന്നപോലെ
മുന്നിൽ നില്ക്കുന്നു !

(കൂവൽ - വെളളം എടുക്കുന്നതിന് വയലിൽ ഉണ്ടാക്കിയ ചെറിയ തോട് ബെറ - വിറയൽ മോത്ത് -മുഖത്ത് പൊയ്യ -പൂഴി ബെളി -വെളിച്ചം)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സുരേന്ദ്രൻ കാടങ്കോട്

കവി. അധ്യാപകൻ. വയ​ലോർമ, ഐസുവണ്ടിക്കാരൻ, കടലിനും കവിക്കുമിടയിൽ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments