സുരേന്ദ്രൻ കാടങ്കോട്

സജീവൻ എന്ന
മുങ്ങൽവിദഗ്ധൻ

കടൽകേളി

മുത്തപ്പൻ ബോട്ടിലെ
സ്രാങ്കാണ് സജീവൻ.
അഴിമുഖത്തലറുന്ന
തിരകളെ വെട്ടിച്ച്
പറക്കും കുതിരയെപ്പോലെ
കടൽപൂകും മുത്തപ്പൻ.

കാറും കോളും കനത്ത്
കടലിലൊരാൾ തെറിച്ചിടുമ്പോൾ
ബോട്ടുകൾ മുങ്ങിടുമ്പോൾ
അഗാധതയിൽ ചുഴിയിൽ
മുങ്ങി പരതാനെത്തും സജീവൻ.

ചൂണ്ടയിടവെ പാത്തി മറിഞ്ഞ്
അഴിമുഖത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ
ജമാലിനെ മുങ്ങിയെടുത്തത്
പുഴയും കടലും അതിശത്തോടെ
നോക്കി നിന്നിട്ടുണ്ട്.
ആ രാത്രി പുഴ മീനുകളാൽ
ചൊടര് കാട്ടി ആഘോഷിച്ചു
കടൽ നക്ഷത്രങ്ങളുമായി
വീരഗാഥ പങ്കിട്ട് രോമാഞ്ചംകൊണ്ടു
തെങ്കരങ്കാറ്റ് അതെല്ലാവരെയും കേൾപ്പിച്ചു.

കരയിൽ അറിയപ്പെടുന്ന
കടൽജീവിയാണ് സജീവൻ.

ദായംകളി

ട്രോളിംഗ് നിരോധനമായാൽ
ബോട്ടുജെട്ടിയിലെ സിമന്റുതറയിൽ
ദായംകളിയുടെ കളങ്ങൾ നിറയും
കട്ടകളെ പൊന്നേയെന്നും എരപ്പേയെന്നും
വിളിച്ച് പുഴയോരം ബഹളത്തിന്റെ അലയിളക്കും.

ഉള്ളംകൈകളിലുരസി നീട്ടിയുരുട്ടി
തള്ളവിരലും നടുവിരലും ചേർത്തു ഞൊടിച്ചയൊച്ചയിൽ
കട്ടകളെ മെരുക്കിനിർത്തി സജീവൻ താരമാകും.
കരുക്കളുടെ അപ്രതീക്ഷിത നീക്കങ്ങൾ
അപകടകരമായ ചുവടുകൾ തന്ത്രങ്ങൾ .
വളഞ്ഞിട്ടാക്രമിച്ചാലും തളരാതെ സജീവന്റെ കരുക്കൾ !
എതിരാളികളുടെ വെല്ലുവിളികളെ
കടൽച്ചുഴിയെ മെരുക്കുന്ന
അതേ വിരലുകൾകൊണ്ട്
ലാഘവത്തോടെ ...

ഒളിച്ചുകളി

ജീവന് ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്
വീട്ടിൽ ഒന്നിച്ചിരിക്കുമ്പോൾ
പൊടുന്നനെ അയാൾ മുങ്ങും
തിരിച്ചെത്തുത്തുമ്പോൾ വീട് പട്ടച്ചാരായം മണക്കും
അതൊന്നും കുട്ടികൾക്ക് അത്ര എടങ്ങേറായി തോന്നിയിട്ടില്ല.

സജീവൻ രാത്രി ഞണ്ടിനെ കുത്താനിറങ്ങും
ഞണ്ടിനെ മക്കൾക്ക് ഇഷ്ടമാണ്
തിന്നാനിരിക്കുമ്പോൾ അതിന്റെ അടച്ചപ്പൂവിനായി
അവർ വഴക്കുകൂടും.
അപ്പോൾ അതിന്റെ കാലുകളെക്കുറിച്ച്
അയാൾ പറഞ്ഞുകൊടുക്കും
പൊരുതാനുള്ള അതിന്റെ മൂർച്ചയെപ്പറ്റി.

ഒരു നട്ടപ്പാതിരായ്ക്ക്
അയാൾ മുറ്റത്തെ മാവിൽ കയറി,
കടലിനെ മെരുക്കുന്ന വിരലുകൾകൊണ്ട്
ഒരു കുരുക്കുണ്ടാക്കി!
​​▮

(പാത്തി - ചെറിയ തോണി ചൊടര് - ചില രാത്രികളിൽ വെള്ളമിളകുമ്പോഴുണ്ടാകുന്ന വെള്ളിനിറം. തെങ്കരങ്കാറ്റ് - തെക്കൻ കരക്കാറ്റ് എടങ്ങേറ് -ബുദ്ധിമുട്ട്)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സുരേന്ദ്രൻ കാടങ്കോട്

കവി. അധ്യാപകൻ. വയ​ലോർമ, ഐസുവണ്ടിക്കാരൻ, കടലിനും കവിക്കുമിടയിൽ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments