വിമീഷ്​ മണിയൂർ

മൊബൈലും യുവകവിയും

തുറയൂർ പഞ്ചായത്തിൽ പള്ളിക്കൽ അംശം ദേശത്തിൽ കെട്ടിട നമ്പർ 20/1170 A1 ൽ താമസിക്കും നോവ ടു പ്ലസ് മൊബൈൽ ഫോൺ. ഒരു യുവകവിയാണ് എടുത്ത് വളർത്തിയത്. അതിന്റെ ഗുണദോഷങ്ങൾ കാണാതിരിക്കില്ല. സദയം തുറന്ന് വായിച്ചാലും.

1. ഡയലർ
(ചിരവയും ചൂലും)

എന്താ നിന്റെ പണി?
തേങ്ങ ചിരകൽ
അതു കഴിഞ്ഞാൽ?
പിന്നെ വെറുതെ
ചുമരും ചാരിയിരുന്നാൽ മതി.

എന്താ നിന്റെ പണി?
അടിച്ചുവാരൽ
അതു കഴിഞ്ഞാൽ?
തൂത്തുവാരൽ
അതു കഴിഞ്ഞാൽ?
പിന്നെ വാരിക്കളയൽ.

2. കോൺടാക്റ്റ്
(ഒരു കല്ലും ഒരു ഞാനും)

ഒരു കല്ലും ഒരു ഞാനും
കുഴിയിലേക്ക് വീണു
കുറേയധികം
വീണു പരിചയമുള്ളതുകൊണ്ടോ എന്തോ
കല്ലിന് ഒന്നും പറ്റിയില്ല
എന്റെ കാലുമുറിഞ്ഞു
കുനിഞ്ഞിരുന്ന് കല്ല്
എന്റെ മുറിവ് നോക്കി
ചോര പൊടിച്ചു വരുന്നത് കണ്ടപ്പോൾ
കല്ലിനു തല ചുറ്റി
ഇങ്ങനെ പോയാൽ
കല്ലിനെ ആശുപത്രിയിൽ
കൊണ്ടു പോവേണ്ടി വരുമെന്നോർത്ത്
ഞാൻ ചുറ്റും നോക്കി
അപ്പോൾ കുറേ മണ്ണ്
നിരങ്ങി വന്ന്
ഞങ്ങളെ പൊതിഞ്ഞു
കല്ലിന്റെ കണ്ണിലും മൂക്കിലും
മണ്ണ് കേറിക്കാണും
കല്ല് ഒന്നും മിണ്ടാതെയിരുന്നു

കുറച്ച് കഴിഞ്ഞ്
കുറേ വെള്ളം ഒലിച്ചുവന്നു
ഒരു എലിയും ഞങ്ങളെക്കൂടാതെ
വന്നു വീണു
കല്ല് വെള്ളത്തെ നോക്കി
ചിരിച്ച് ചിരിച്ച്
മണ്ണ് കപ്പി
ഞാൻ എലിയെ നോക്കി
ചുണ്ടുകൂർപ്പിച്ചു
അടുത്ത നിമിഷം
വെള്ളം കുഴിയുടെ അടിയിലൂടെ
ഓടിപ്പോയ്
എലി പറ്റിപ്പിടിച്ച്
ഇനി ഒരു കുഴിയിലും വീഴില്ലെന്ന്
മനസ്സിൽ പറഞ്ഞ്
കേറി രക്ഷപ്പെട്ടു

എനിക്ക് ഇനിയും
രക്ഷപ്പെടാനായിട്ടില്ല
കല്ലിനും
പറയൂ,
നിങ്ങളാരെങ്കിലും അടുത്തുണ്ടോ?

3. മെസേജിങ്ങ്
(ഞങ്ങൾ അനിയത്തിപ്രാവായ്)

ചെറുപ്പം മുതലേ
വറുത്ത കായയും ഞാനും തമ്മിൽ
പൊരിഞ്ഞ പ്രേമത്തിലായിരുന്നു

വന്ന് കേറുന്ന
വിരുന്നുകാർക്കിടയിലൂടെ
ഞങ്ങൾ
പരസ്പരം കണ്ടു
ചിരിച്ചു

എസ്.എസ് എൽ.സി
പരീക്ഷ കഴിഞ്ഞാൽ
ഒളിച്ചോടണമെന്ന്
ഉറപ്പിച്ചിരുന്നു

അതിന് രണ്ടുനാൾ മുമ്പ്
അമ്മച്ചിയെ
ആന ചവിട്ടിക്കൊന്നു
അടുക്കള
വല്ലപ്പോഴും തുറക്കുന്ന
കടയായ്
വിരുന്നുകാർ
കയറിയിരിക്കാതെയായ്

നാട്ടുകാർ അതുമിതും
പറഞ്ഞ് തുടങ്ങിയപ്പോൾ
പരസ്പരം കുറെ കരഞ്ഞ്
ഒന്നിച്ചുള്ള ജീവിതം
വേണ്ടെന്ന് വെച്ച്
ഞങ്ങൾ അനിയത്തിപ്രാവായ്

4. സെറ്റിങ്ങ്‌സ്
(ഫ്‌ളാറ്റിൽ)

ഒരു വാഷിങ് മെഷീന്റെ കരച്ചിലിനു കീഴെ
തൊട്ടു താഴെയുള്ള മുറിയിൽ
ഒരു മധ്യവയസ്‌കൻ വിട്ടുമാറാത്ത
മലബന്ധത്തെ പ്രാകിക്കൊണ്ട്
ഒരു ശ്രമം കൂടി നടത്തി നോക്കുന്നു
അതിനു താഴെയുള്ള മുറിയിൽ
ഒരു പെൺകുട്ടി ഇഷ്ടമില്ലാതെ
ഉപ്പുമാവിലേക്ക് കടലക്കറി ചേർത്ത്
കുഴച്ചുരുട്ടുന്നു
അതിനും താഴെ ഒരു ചെറുപ്പക്കാരൻ
ഭാര്യയുടെ അസാന്നിധ്യത്തിൽ
തൊട്ടു താഴെയുള്ള വീട്ടുകാരിയോട്
ചേർന്നു കിടന്നു മിണ്ടുന്നു
അതിനു താഴെ ഒരു സ്‌കൂൾ ടീച്ചർ
ഷെയർ മാർക്കറ്റിൽ
കണ്ണെടുക്കാതെ നോക്കിയിരിക്കുന്നു
തൊട്ടു താഴെ ഒരു വേലക്കാരി
നിലമടിച്ചു തുടയ്ക്കുന്നു
അതിനു താഴെ ഒരു യുവാവ്
ഒരു ഗ്ലാസിലേക്ക് മദ്യം പാർന്ന് പുകയൂതുന്നു
താഴെ ഒരു ഡെലിവറി ബോയ്
വർക്ക് ചെയ്യാത്ത ലിഫ്റ്റ് നോക്കി
കയറാനുള്ള പടികൾ എണ്ണി തുടങ്ങുന്നു

അതിനു താഴെ ജീവിച്ചിരിക്കുന്ന മനുഷ്യരില്ല
അതിർത്തി തർക്കത്തിന്റെ പേരിൽ
വിളിച്ചോണ്ട് പോയ്
പിന്നെ ഒരു വിവരവുമില്ലാതായ
ഒരു മനുഷ്യന്റെ തലയോട്ടി
തന്റെ ശവത്തിന്റെ പുറമ്പോക്കിൽ
പാർക്കാൻ വന്ന സർവ്വരെയും
മലർന്ന് കിടന്നു തുപ്പി ആട്ടുന്നു

5. ഗൂഗ്ൾ മാപ്പ്
(കുറ്റവാളി നഗരം)

കുറ്റവാളി കോഴിക്കോട് നഗരമാണെന്ന്
നട്ടുച്ചയ്ക്കു ശേഷം
മറ്റൊരു കേസിൽ പിടിക്കപ്പെട്ട
വാങ്ക് വിളിയാണ് തെളിവു നൽകുന്നത്
രണ്ട് പോലീസുകാർ
കാക്കകളുടെ രൂപത്തിൽ
രാവിലെ മുതൽ പിന്തുടരുന്നുണ്ടായിരുന്നു
അരയിടത്തു പാലം ജംക്ഷനിൽ വെച്ചാണ്
പ്രതിയെ കൈമോശം വരുന്നത്.
ഇടത്തോട്ടോ വലത്തോട്ടോ
നഗരം സഞ്ചരിക്കാൻ സാധ്യത എന്ന ചോദ്യത്തിന്
മാവൂർ റോഡിന്റെ മുമ്പിൽ ഉത്തരമുണ്ടായില്ല
മാനാഞ്ചിറയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന
എസ്.കെ പൊറ്റക്കാടിന്റെ വിളി
പത്ത് പത്തരയോടെ വരുമ്പോഴാണ്
എസ്.എം സ്ട്രീറ്റിലേക്ക്
കടന്നിട്ടുണ്ടെന്ന കാര്യം അറിയുന്നത്
അപ്പൊഴേക്കും കാക്കകളുടെ വേഷം അഴിച്ച്
പരുന്തുകളുടെ രൂപം സ്വീകരിച്ചിരുന്നു
അതൊരു പഴയ ഉടുപ്പായതിനാലോ എന്തോ
ആദ്യം മനംപിരട്ടലുണ്ടായി
പിന്നെ ഒന്നും വകവെയ്ക്കാതെ
എസ്.എം. സ്ട്രീറ്റിന് മുകളിലൂടെ പറന്നപ്പോൾ
കറുത്ത കുത്തുകൾ ഒഴുകുന്നത് കണ്ടതല്ലാതെ
കുറ്റം ചെയ്ത തല
ഏതെന്ന് വ്യക്തമായില്ല
മിൽക്ക് സർബത്ത് കടയ്ക്കു മുമ്പിൽ കണ്ടെന്ന്
പാരഗൺ ഹോട്ടലിന്റെ മെസ്സേജ്
മിന്നിക്കെട്ടുപോയത്
ആ അവസരത്തിലാണ്
അങ്ങനെ തിരിച്ചു പറക്കേണ്ടി വന്നു
സർബത്ത് കുടിക്കണമെങ്കിൽ
നന്നായ് ക്ഷീണിച്ചിരിക്കാമെന്നും
എങ്കിൽ അധികം താമസിയാതെ
വലയിലാക്കാമെന്നും
ഒരുന്തുവണ്ടിയുടെ രൂപത്തിലേക്ക് മാറി
പോലീസുകാർ ആലോചിച്ചു.
പിന്നാലെ കുറേ ഓടി നോക്കിയെന്ന്
പി.ടി ഉഷ റോഡ്
വഴിയിൽ വെച്ചു കണ്ടപ്പോൾ പറഞ്ഞു
പക്ഷെ അവിടെ എത്തിയപ്പോഴേക്കും
നഗരം കടന്നു കളഞ്ഞിരുന്നു
ഇനി എങ്ങോട്ട് എന്ന് പഴയ ഒരോട്ടോറിക്ഷയായ്
ഇരുപത് കിലോമീറ്റർ പെർ മണിക്കൂറിൽ
തിരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്
കടലിലേക്ക് നോക്കിയിരിക്കുന്ന
നാല് തലകളിൽ ഒന്ന്
കോഴിക്കോട് നഗരത്തിന്റെതാണെന്ന്
ആകാശവാണി അറിയിക്കുന്നത്
അപ്പോഴേക്കും ഉച്ച നീര് വെച്ച് വീർത്തിരുന്നു
കുറ്റവാളി കോഴിക്കോട് നഗരമാണെന്ന്
പാളയം ബസ്റ്റാന്റിന്റെ മൊഴി
ഒരു മാധ്യമത്തിലൂടെ പുറത്ത് വന്ന് കഴിഞ്ഞിരുന്നു
ഏതായാലും ഒരു ബീഫ് ബിരിയാണി കഴിച്ചിട്ട്
ബാക്കി തിരച്ചിലിനിറങ്ങാമെന്ന് വെച്ച്
പുതിയ റഹ്മത്തിന്റെ പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക്
രണ്ട് പൂച്ചകളായ് നടന്നു കയറിയതും
തൊട്ടടുത്ത് നിർത്തിയിട്ടിരിക്കുന്ന കാറിൽ
കോഴിക്കോട് നഗരമിരുന്ന് ഒരേ സമയം
മുറുക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നു
ഒരു "മ്യാവൂ' എന്ന് പറയുകയല്ലാതെ
അറസ്റ്റു ചെയ്യാനുള്ള ജനിതക വലുപ്പം
​പോലീസുകാർക്കപ്പോൾ ഉണ്ടായിരുന്നില്ല

6. ഇ-മെയിൽ
(ഭൂമിയുടെ മറുപുറത്ത് നിന്ന്)

ഭൂമിയുടെ മറുപുറത്ത് നിന്ന്
എന്നെ സ്‌നേഹിക്കുന്നില്ലെന്ന
അറിയിപ്പ് കിട്ടി
സ്‌നേഹം വാർന്ന് വാർന്ന്
മരിച്ചു പോയ
ഒരു മനുഷ്യന്റെ
ഓർമ്മ ദിവസമായ ഇന്ന്
ഇത്രയും മനോഹരമായ ദിവസത്തിൽ
ഇനിയും നേരിൽ കണ്ടുമുട്ടിയിട്ടില്ലാത്ത
ഒരു നക്ഷത്രത്തിന്റെ
തൊട്ടു താഴേ നിന്ന്
നടന്നു തുടങ്ങുകയായിരുന്നു
ഈന്തപ്പനകളും കാറ്റാടികളും തെങ്ങുകളും
കാട്ടുചന്ദനങ്ങളും കവുങ്ങുകളും
വരിവരിയായ് നടന്നു പോകുന്ന
പതിനാറു വരിപ്പാതയിൽ കുടുങ്ങി
നമ്മുടെ വിരലുകൾ
പരസ്പരം തൊടാം എന്ന് തീർച്ചപ്പെടുത്തി
മറ്റൊരു ഭാഷയിലെ അക്ഷരങ്ങളെപ്പോലെ
ഞാനതിന്റെ ഭംഗിക്കു പിന്നിൽ ഇറങ്ങി നിന്നു
തൊട്ടടുത്തുള്ള നദിയിലൂടെ
വീടുകളും കൃഷിയിടങ്ങളും ഓഫീസുകളും
ബസ്റ്റാന്റുകളും പൊതുകക്കൂസുകളും
ഒലിച്ചുപോകുന്നുണ്ടായിരുന്നു

തൊട്ടടുത്തായ് പെട്ടെന്ന് വന്ന
മഴവില്ലുകളിലൂടെ
കാട്ടുപന്നികളും ചെമ്മരിയാടിൻ കൂട്ടങ്ങളും
തീരെ ചെറിയ അരണകളും
പുളിയുറുമ്പുകളും പല്ലികളും
മഴക്കാലത്തിലേക്ക് എന്ന പോലെ
തവളകളും
കാലാവസ്ഥ മുറിച്ചു കടക്കുകയായിരുന്നു

അപ്പുറത്തെ പറന്നു പോകുന്ന ലിഫ്റ്റിൽ
ഒരു മയിൽ പുറത്തേക്ക് നോക്കി
ചിരിക്കുന്നുണ്ടെന്ന് നീ പറയുന്നത്
അടുത്ത നിമിഷം
ഞാൻ വിശ്വസിക്കാൻ തയ്യാറെടുക്കുന്നു

നമ്മൾ സഞ്ചരിച്ച വഴികളിൽ
ഒരിടത്തും
മനുഷ്യരെ കാണാത്തതെന്തെന്ന്
ഞാൻ ചിന്തിക്കുന്നേയില്ല

പിന്നാലെ സംശയിച്ച്
വാലാട്ടി വരുന്ന
പായലുകൾ പൂത്ത
മഴയെ കണ്ടപ്പോൾ
എനിക്കെന്റെ ഗ്രഹത്തെ
ഓർമ്മ വരുന്നു

തിരക്കിട്ട് കടന്നു പോകുകയായിരുന്ന
ഒരു മേഘം
നമുക്കിടയിലെ ചെറിയ അകലത്തിൽ കുരുങ്ങി
അതിന്റെ തലമുടി
ഒന്നൊന്നായ്
അഴിച്ചെടുക്കുകയാണ്.

ഒരു കാറ്റ് ഓടി വന്ന്
അതിന്റെ മുലകുടിച്ച്
അപ്രത്യക്ഷനാവുന്നു

ഭൂമിയുടെ മറുപുറത്ത് നിന്ന്
എന്നെ സ്‌നേഹിക്കുന്നില്ലെന്ന
അറിയിപ്പ് കിട്ടിയതു മുതൽ
എന്റെ ഭൂമി നിലം തൊടുന്നേയില്ല

7. ഗൂഗിൾ ഡ്രൈവ്
(ചായയിൽ വീണ ഈച്ച രക്ഷപ്പെട്ട വിധം)

ചായയിൽ വീണ ഈച്ച രക്ഷപ്പെടുന്നതിന് മുമ്പ്,
ചായയിൽ വീണ ഈച്ച ചായയിൽ വീഴുന്നതിനും മുമ്പ്
നല്ല അഹങ്കാരിയായിരുന്നു
ഈ ശരീരത്തിന്റെ ഐശ്വര്യം ചിറക് എന്ന്
അതിനറിയാവുന്ന ഭാഷയിൽ
അതിന് കാണാവുന്ന വലിപ്പത്തിൽ
അതിന്റെ സ്വന്തം കാലിന്റെ തുടയിൽ
പച്ചകുത്തിയിരുന്നു
എന്നിട്ടും ചായയിൽ വീണപ്പോൾ
അതിന്റെ ഐശ്വര്യത്തിന്റെ
മിണ്ടാട്ടം മുട്ടി
ഓട്ട വന്ന ബലൂണ് പോലെ
അതിന് ചിറക് വലിച്ചെറിയാൻ തോന്നി
ഒടുക്കം ചായയിൽ വീണ ഈച്ച
ഒന്നൊന്നര മണിക്കൂർ കരഞ്ഞ്
എന്റെ കാലു പിടിച്ചു.
ഞാൻ എടുത്തു പൊക്കി
അതിന് സന്തോഷമായ്
ഞാൻ പറഞ്ഞു;
‘വെറുതെ പറന്നു കളിച്ച് നേരം കളയരുത്
സമയമാണ് ക്രഡിറ്റ് കാർഡ്'
ഇന്നു മുതൽ നീയാണെന്റെ വാഹനം
മറഡോണയ്ക്ക് ഫുട്‌ബോൾ
യേശുദാസിന് തൊണ്ട എന്ന പോലെ

അതു കേട്ടതും ആകാശത്ത് വന്ന് നിന്ന്
കുണ്ടിയനക്കി
അതെന്നെ ആദരിച്ചു

ഞാൻ ഉടനെ ആദ്യ കൽപന
ഇൻസ്റ്റാൾമെന്റായ്
അതിന്റെ നടുപ്പുറത്തൊട്ടിച്ചു
‘ചാണകത്തിൽ ചവിട്ടരുത്.'

8. ഗൂഗിൾ ക്രോം
(വശം)

വാതിലിന് ഒരു കുഴപ്പമുണ്ട്
അത് ഒരു വശത്തേക്ക് മാത്രം തുറക്കുന്നു.

വീടിനും ഒരു കുഴപ്പമുണ്ട്
അത് ഒരു വശത്തേക്ക് മാത്രം തിരിഞ്ഞ് ഇരിക്കുന്നു.

9. പ്ലേ സ്റ്റോർ
(ചത്തവരെ കൊണ്ടുപോകൽ )

ചാകുന്നവർ എല്ലാവരും
അവരവരുടെ
കുഴിയിൽ കയറിക്കിടന്ന്
ചാകണമെന്നില്ല
എവിടെ കിടന്ന് ചത്താലും
വീട്ടിലേക്ക് എഴുന്നള്ളത്തുണ്ട്
ഭാര്യയും മക്കളും
കുറച്ചെന്തെങ്കിലും പറഞ്ഞ് കരയും
കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ
കുലുക്കി വിളിക്കുകയോ ചെയ്‌തേക്കും
അത് കഴിഞ്ഞ്
എടുത്ത് പൊന്തിക്കുമ്പോഴുള്ള അലർച്ച
നാട്ടുകാർക്കുള്ള അറിയിപ്പാണ്.

നടന്നു പോയ ഇടകളിലൂടെ
കിടന്നു പോകുന്നത്
അന്തസ്സിന് ചേർന്നതല്ല
‘ഒരു കൈ തരാമായിരുന്നില്ലേ
ചെറ്റകളെ ' എന്ന്
അയാൾ പറയുന്നത്
കേൾക്കേണ്ട ആവശ്യമില്ല.

കുഴിയിലേക്ക് താഴ്ത്തുമ്പോൾ
മീൻ പിടിക്കാൻ കൊണ്ടുപോയ
മണ്ണിരയുടെ കുടുംബക്കാർ
ചെവിക്കു ചുറ്റും വന്ന് നിക്കും
‘കാറ്റ് പോയെടോ
ഇനി നിങ്ങളെക്കൊണ്ടാവും പോലെ ചെയ്യ് '
എന്ന് പറഞ്ഞത് അവിടെ തീരും
മണ്ണ് വന്ന് വാതിലടയ്ക്കും.

പുതിയ സൂക്കേട് വന്നാണെങ്കിൽ
ആള്കള് കൂടില്ല
വെടിയിറച്ചി മാതിരി
ഒളിപ്പിച്ച് കൊണ്ടു പോണം
കയറിയിരിക്കുന്ന ബസ്
ഡ്രൈവറുപോലുമില്ലാതെ
കൊക്കയിൽ കൊണ്ടിടുന്ന മട്ടാണ്
പിന്നാലെ ഒരു കരച്ചിലോ നെടുവീർപ്പോ
വാലാട്ടി നടക്കില്ല.

ചത്തവരെക്കൊണ്ട്
തോറ്റു പോയിരിക്കുന്നു

തൊട്ടടുത്തുള്ള പുഴയിലോ
കുഴിയിലോ
സൗകര്യമുള്ളിടത്ത് കൊണ്ടിടാൻ
സമ്മതിക്കണം
ചുമന്ന് കൊണ്ടുപോകാൻ മാത്രം
അവർക്കെന്തിന്റെ സൂക്കേടാണ്
ചത്തവരെ കണ്ട് കണ്ട്
മടുത്തു മനുഷ്യമ്മാരെ....

10. ഗാലറി
(പ്രളയ കവിതകൾ)

1

വെള്ളമിറങ്ങിക്കഴിഞ്ഞതിന്റെ
പിറ്റേന്ന്
വീട്ടീൽ
പെറ്റ് കിടക്കുന്ന ചളിയെ
ആട്ടിപ്പായിക്കുന്നതിനിടയിൽ
കിണറ്റിൽ നിന്ന്
ഞങ്ങൾക്ക്
ഒരു കുട്ടിയുടെ തല കിട്ടി
സൂക്ഷിച്ചു നോക്കിയപ്പോൾ
രണ്ടു വീടപ്പുറത്തുള്ള വീട്ടിലേതാണ്
എന്നും പാലു വാങ്ങാൻ വരുന്നവനാണ്

ഇനി പറഞ്ഞാൽ
രണ്ട് വീടപ്പുറം
വീടില്ല
ആളില്ല
പറമ്പില്ല.
ഉടമസ്ഥനില്ലാത്ത ഒരു തേങ്ങ കിട്ടിയാൽ
നമ്മൾ എന്തുചെയ്യും?

2

എന്നും കാണാറുണ്ടായിരുന്ന
മിണ്ടിയും പറഞ്ഞുമിരുന്ന
ഒരു മല
പെരയ്ക്കു മേലെ
തലകുത്തനെ വന്നു വീണു
ഞങ്ങൾ മരിച്ചു പോയി.
‘ഞങ്ങളോടിത് വേണാർന്നോ'
‘എന്ത് തന്തയില്ലായ്മയാ കാണിച്ചേ'
എന്ന് സിനിമാ സ്‌റ്റൈയിലിൽ
ചോദിക്കണമെന്നൊക്കെയുണ്ട്
അടുത്ത തവണയാവട്ടെ!

3

ദുരിതാശ്വാസ ക്യാമ്പിൽ വെച്ച്
കുറേ നാളായ് കാണാതിരുന്ന
ഒരു പശുവും പോത്തും
കണ്ടുമുട്ടി.

ഉച്ചയ്ക്ക്
ഇന്ന് ബിരിയാണിയാണ്
പശു ഓർമ്മിപ്പിച്ചു
ഏതു വഴി ഓടിയാലും
ദുരന്തം തന്നെ
പോത്ത് കണ്ണുചിമ്മി.

4

മരിച്ചിട്ടില്ലായിരുന്നെങ്കിൽ
എന്തൊക്കെ ചെയ്യാമായിരുന്നു
എന്തൊക്കെ
കയ്യും കണക്കുമില്ല.
മരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട്
എല്ലാം മുടക്കുന്നത്
ശരിയല്ല.

5 വീഡിയോ
(അമ്മയും വെള്ളവും)

മുറ്റമടിക്കുമ്പോൾ
വെള്ളം
വേലിക്കപ്പുറമായിരുന്നു
അമ്മ ലോഹ്യം പറഞ്ഞു

അടുക്കളയിൽ കേറി
അരി കഴുകിയിടുമ്പോൾ
മിറ്റത്തേക്ക് അരിച്ചരിച്ച്
കയറി വന്നു വെള്ളം
അമ്മ നോക്കി ചിരിച്ചു

പതച്ച ചോറ്
ഇറക്കി വെക്കുമ്പം
വെള്ളം അകത്തേക്ക്
ഏന്തി നോക്കുന്നു
ഒരാട്ട് കൊടുത്ത്
ആദ്യം എന്തെടുത്ത് മാറ്റണമെന്ന്
നിശ്ചയമില്ലാതെ അമ്മയിരുന്നു

തുണിയായ തുണയൊക്കെ
വാരിക്കെട്ടി
അലമാരക്ക് മേലെ വെച്ചതും
കൂറയെപ്പോലെ
വെള്ളം അകത്തേക്ക് കേറി
വെറുപ്പ് പിടിച്ച്
ഇറങ്ങി വന്ന് അമ്മ
ഒറ്റച്ചവിട്ട് കൊടുത്തു

ഓടിച്ചെന്ന് അരിയും
ടിന്നുകളും ഉയരത്തിൽ കേറ്റി
ഒരരണയെപ്പോലെ
വെള്ളം അങ്ങോട്ടും
ഇങ്ങോട്ടും പാഞ്ഞു
അമ്മ ഫോണുകുത്തി
പാമ്പിനെ കണ്ടപോലെ
നിലോളിച്ചു

പ്രാന്തൻ നായയെപ്പോലെ
അപ്പഴേക്കും ഒരാൾ
അകത്തു മുഴുവൻ
കുരച്ചു ചാടിക്കൊണ്ടിരുന്നു
അമ്മ കൂട്ടിലിട്ട
മെരു കണക്കെ
ചിതറിയോടി

11. തീം
(എന്തുപറ്റി?)

ഈ ഭരണഘടനയ്ക്കിതെന്തുപറ്റി?
ചിലിയിടത്ത് രക്തം, ചിലയിടത്ത് കണ്ണീര്,
ചിലയിടത്ത് വിദ്വേഷം, ചിലയിടത്ത് വെറുപ്പിക്കൽ
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്.
ഈ അടുത്ത് അതിൽ കയറിക്കൂടിയ കറ പുറത്തെടുത്താൽ അതെത്രങ്ങാനുമുണ്ടായിരിക്കും!
അതുമതി ഈ രാജ്യത്തെ വലിയ രോഗിയാക്കാൻ
വലിയ വില കൊടുക്കേണ്ടി വരും......

12. മ്യൂസിക്
(തീട്ടത്തിനെന്ത് പേരിടും എന്ന പാട്ട്)

തീട്ടത്തിനെന്ത് പേരിടും?
സ്വന്തം തീട്ടത്തിനെന്ത് പേരിടും?
നാട്ടിലുള്ള തീട്ടമല്ലേ
നാട്ടുകാരുടെ പേരിടൂ...

നാട്ടുകാരുടെ പേരിട്ടാൽ
നാടുപൊട്ടിത്തെറിക്കില്ലേ?

തീട്ടത്തിനെന്ത് പേരിടും?
സ്വന്തം തീട്ടത്തിനെന്ത് പേരിടും?

അയലത്തുകാരായ് എത്ര പേര്
അതിലൊരെണ്ണം വിളിച്ചോളൂ...

അവരു കേട്ടാൽ ചെവി പൊട്ടും
തെറികൾ വന്നു വീഴുകില്ലേ?

തീട്ടത്തിനെന്ത് പേരിടും?
സ്വന്തം തീട്ടത്തിനെന്ത് പേരിടും?

വീട്ടിലെത്ര പേരുണ്ണുന്നു
ഉണ്ടിറങ്ങിക്കഴിയുന്നു

അവിടെന്നൊന്നെടുത്തൂടെ
പേരിട്ടു വിളിച്ചൂടെ...
അതു കേട്ടാൽ അവരെന്റെ
കാലു തല്ലിയൊടിക്കൂലെ

ഒടിഞ്ഞ കാൽ കണ്ടെന്റെ
തീട്ടവും കണ്ണീർ കുടിക്കില്ലേ?

എങ്കിലൊരു പണി ചെയ്യൂ
അവനോന്റെ തീട്ടമല്ലേ
അവകാശി നിങ്ങളല്ലേ
പേര് പാതി കൊടുത്തേക്ക്
ബാക്കി കൊണ്ട് തുടച്ചേക്കൂ.

13. ഫയൽ മാനേജർ
(സ്‌ക്രൂവും ദ്വാരവും )

രണ്ടു മനുഷ്യർ ഇണ ചേരുന്നത്
ഒരു സ്‌ക്രൂ
അതിന്റെ ദ്വാരം കണ്ടെത്തുന്നതു പോലെ
എളുപ്പമാണ്

അത് നിർമ്മിച്ചെടുക്കുന്ന ഫാക്ടറി
വിൽക്കുന്ന പീടികക്കാരൻ
വാങ്ങുന്ന ആവശ്യക്കാരൻ
എന്നിങ്ങനെയുള്ള സങ്കീർണ്ണതകൾ
സ്‌ക്രൂവും ദ്വാരവും അറിയേണ്ടതില്ല

തനിക്ക് പാകമാകുനതിനു മുമ്പ്
തന്റെ ചേർച്ചകളെക്കുറിച്ച്
നൂറ് നൂറ് കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും
നടപ്പിൽ വരുത്തിയതും
സ്‌ക്രൂവും ദ്വാരവും നന്ദിപ്പെടുത്തേണ്ടതില്ല

വീണിടത്ത് കിടന്നുറങ്ങുകയെന്ന്
സ്‌ക്രൂ
കിട്ടിയ മട്ടൽ പൊതക്കുകയെന്ന്
ദ്വാരം

വാതിൽ ചാരിയിട്ട്
ഇണ ചേർന്ന്
കിടക്കുന്നു
രണ്ട് മനുഷ്യർ

14. ഗെയിംസ്
(കടന്നു വരൂ, കടന്നുവരൂ)

1

നീന്തുക മാത്രമല്ല
മീനുകൾ പറക്കുകയും ചെയ്യും
ഫ്‌ളാറ്റിലേക്ക് വാങ്ങിയ
അലങ്കാര മത്സങ്ങളിൽ ഒന്നിനെ
നാലാം നിലയിൽ നിന്ന് ഉയർത്തി
താഴേക്കിട്ടപ്പോൾ
അത് പറന്നത് തെളിവാണ്
നിലത്തെത്തിയതും
അതിരറ്റ ആഹ്ലാദത്തിൽ
ഒന്ന് രണ്ട് വട്ടം തുള്ളിച്ചാടിയതും
തല മേൽപോട്ട് ചെരിച്ച്
നന്ദി അറിയിച്ചതും സത്യമാണ്

മീനുകൾക്ക് സാധിക്കുമെങ്കിൽ
മനുഷ്യർക്ക് എന്തുകൊണ്ടില്ല

ഈ ഫ്‌ളാറ്റിന്റെ നാലാം നിലയിലേക്ക്
ഒറ്റയ്ക്ക് കയറി വരുന്ന കുട്ടിയെ
കാത്തിരിക്കുന്നതിൽ
മുഷിയില്ലെന്ന് ഉറപ്പുണ്ട്

സമയം കാക്കകളെപ്പോലെ
ചുറ്റിത്തിരിയുന്നു
ആകാശത്തിന്റെ സിസിടീവിയിൽ
മനുഷ്യനെന്ന തെളിവ് നൽകാതിരിക്കാൻ
വലിയൊരു ആനറാഞ്ചി പക്ഷിയെന്ന്
മനസ്സിൽ പറഞ്ഞ്
കയറി വരുന്ന വഴിയിലേക്ക്
കണ്ണുകളെ കാവൽ നിർത്തുന്നു

ആർക്കും കടന്നു വരാം
ഉണങ്ങിയ ഒരു തേങ്ങ
ഭൂമിയിലേക്ക് ചാടുമ്പോലെ
ഒരവസരം
കടന്നുവരൂ, കടന്നുവരൂ ...

15. നോട്ട്പാഡ്
(മൊലക്കൃഷ്ണൻ)

ജയകൃഷ്ണന് ആറിൽ പഠിക്കുമ്പഴേ
മൊലയുണ്ടായിരുന്നു
ആവശ്യത്തിൽ കൂടുതൽ.

അടുത്തിരിക്കുന്നോരൊക്കെ
പറ്റുമ്പോഴൊക്കെ തൊട്ടു നോക്കുകയും
തടവി തടവി താഴ്ത്താൻ
മെനക്കെടുകയും ചെയ്തു
അവന്റെ നെഞ്ചിൽ നിന്ന്
അത്ഭുതപ്പെട്ട് നോക്കുന്ന
രണ്ടു കണ്ണുകളെ
ടീച്ചർമാരെല്ലാം കണ്ടു തുടങ്ങി
എട്ടിൽ പഠിക്കുമ്പഴേക്കു
ഇന്റർവെല്ലിന്
മൂത്രമൊഴിക്കാൻ ഓടുന്നവരേക്കാൾ
കൂടുതൽ പേർ
അവന്റെ മൊല പിടിക്കാൻ ഓടിക്കൂടി
വന്ന് വന്ന് ഉച്ചയ്ക്ക്
അവനുണ്ണാൻ പോലും നേരം കിട്ടിയില്ല.

പ്ലസ്ടുവിൽ പഠിക്കുന്ന കാലത്ത്
ചില പെൺകുട്ടികൾ
അവന്റെ മൊലക്കെതിരെ കൂടോത്രം ചെയ്തു
മറ്റു ചിലർ വീട്ടിൽ പറഞ്ഞ് കരഞ്ഞു
ഓട്ടോഗ്രാഫ് ചോദിച്ചപ്പോൾ
ഒരു പെൺകുട്ടി ബ്രാ കൊടുത്ത്
അവന്റെ മൊലക്കടിച്ചു.

കോളേജിൽ പോയി തുടങ്ങിയപ്പോൾ
മൊലയൊളിപ്പിക്കാൻ
അവൻ പല വഴികളും നോക്കി
ലൂസുള്ള കുപ്പായങ്ങൾ വാങ്ങി
രാവിലെ എണീറ്റ് ഓടി
രാത്രിയിലെ ചോറ് മാറ്റി വെച്ചു
മൊല പക്ഷെ കൂടുതൽ കൂർത്തു വന്നു

സുന്ദരിക്കു പൊട്ടുകുത്തലിനു പകരം
മൊലക്കു പൊട്ടുകുത്തുന്ന ഒരു പരിപാടി
യൂണിയൻ സംഘടിപ്പിച്ചു
ജയകൃഷ്ണൻ അന്ന് പോയില്ല
കൂടാതെ ജയകൃഷ്ണൻ എന്നതിനു പകരം
മൊലകൃഷ്ണൻ എന്ന് ചില ടീച്ചർമാർ
വിളിച്ചു തുടങ്ങുകയും ചെയ്തു
അതോടെ ആ പഠിപ്പ് നിന്നു.

കല്യാണത്തിനായപ്പോൾ
പതിനാല് പെൺകുട്ടികളെ അവനിഷ്ടപ്പെട്ടു
പതിനാലും മൊലയിൽ തട്ടിത്തെറിച്ചു പോയി
പെണ്ണുകാണാൻ പോയപ്പോൾ
കറവയുള്ളതാണോ എന്ന് ഒരു കാരണോര്
സംശയിച്ചു
പണ്ടായിരുന്നെങ്കിൽ
മൊലക്കരം കൊടുക്കേണ്ടി വന്നനെയെന്ന്
വഴി ചോദിക്കാൻ ചെന്നപ്പോൾ
ഒരു അപരിചിതൻ കളിയാക്കി.

ഒടുക്കം ഒരു പെൺകുട്ടി
അവനെ സ്വീകരിച്ചു
അവളുടെ കണ്ണുകൾക്ക് കാഴ്ച്ച കുറവായിരുന്നു
എന്നാലും ജയകൃഷ്ണന് സമ്മതമായി
രാത്രി അവന്റെ മൊലയിൽ തല വെച്ച്
അവളുറങ്ങാൻ കിടന്നു
രാവിലെ അത് തടഞ്ഞ് എഴുന്നേറ്റു
അവൾ ചോദിച്ചു:
‘എല്ലാറും ഇങ്ങളെ കളിയാക്കുമ്പം
എന്തു തോന്നീനും
ജയകൃഷ്ണൻ മൊല അമർന്നു പോവാതെ
തിരിഞ്ഞു കിടന്നു പറഞ്ഞു;
​"കുണ്ഠിതം'

16. ടൂൾസ്
(നട്ടെല്ല് നല്ലൊരെല്ല് )

പ്രസവിക്കാൻ ആശുപത്രിക്കാട്
തേടിയിറങ്ങുമ്പോൾ
വീണു ചൂണ്ടയൊന്നതിൽ
പാതി ചത്തൊരു മണ്ണിര

ഏറെ നേരം അനക്കമറ്റത്
ഭക്ഷണപ്പൊതിയായി മാറി
കണ്ടു മുമ്പിലെ മീനപ്പോൾ
ചൂണ്ടമേലേക്കേന്തി നോക്കി

ഇടിവെട്ടിപ്പുകയുന്ന മര-
ക്കൂമ്പ് പോലൊരുത്തൻ
ചുണ്ട് കത്തിപ്പുകയുന്നു
കൈയ്യനക്കം വെച്ചിടാതെ

കാത്തിരുന്നു മടുത്തപ്പോൾ
മോക്ഷമില്ലാതായപ്പോൾ
ചൂണ്ട കൊളുത്തിൽ നിന്ന-
നക്കം വെച്ചു വർത്തമാനം

വന്നു നിന്നത് കണ്ടില്ലേ
അത്ഭുതമെന്നല്ലാതെ
വന്നു ചേർന്നൊരു നട്ടെല്ല്
നല്ലിരുമ്പിൽ തീർത്തതാണേ

കഷ്ടകാലം പല്ലിളിക്കും
പരദേശി പ്രാണിയോട്
ഉള്ളിലൊന്നും പൊതിയാതെ
മീനൊതുക്കം പറഞ്ഞു

നട്ടെല്ല് നല്ലൊരെല്ല്
ഉണ്ടായാൽ നല്ലതാണേ
നട്ടെല്ല് നല്ലൊരെല്ല്
തുരുമ്പിച്ചാൽ പണിപാളും

17. സ്വിഗ്ഗി
(ഇരുട്ടത്തൊരു ചായകുടി)

കോനായിലെ എൽ.ഇ.ഡി
മുറ്റത്തെ മഴയെ
നോക്കി നിന്ന്
ബോറടിച്ച്
കെട്ടു
മഴ
കോനായിലെ
ഇരുട്ടിലേക്ക്
നോക്കിയിരുന്ന്
തന്നെക്കുറിച്ച്
പറയാനുള്ളത് പറഞ്ഞു കൊണ്ടിരുന്നു
കൊണ്ടു വെച്ച പുഴുങ്ങിയ ചക്ക
കട്ടൻ ചായയെ കെട്ടിപ്പിടിച്ച്
ഒരിറക്കം ഇറങ്ങുകയായിരുന്നു
പുറത്ത് നിന്ന് കയറി വന്ന ഒരു വണ്ട്
അവരെ പിന്തുടരുന്നുണ്ടായിരുന്നു
ഒരു ചീവീട് കുണ്ടിതുളഞ്ഞു പോവുന്ന ഒച്ചയിൽ
ഹോണടിച്ചു നോക്കി
കാറ്റ് വിവരം എല്ലാ പോലീസ് സ്റ്റേഷനിലേക്കും
വയർലെസ്സ് വഴി ഊതിക്കഴിഞ്ഞിരുന്നു
എൽ.ഇ.ഡിക്ക് കാര്യം മനസ്സിലായ്
വെളിച്ചം വന്നപ്പോൾ
അതിനിടയിൽ
ഇത്രയൊക്കെ നടന്നോ എന്നൊരു
ആശ്ചര്യ ചിഹ്നത്തെ കൊളുത്തി വെച്ച്
മഴ
ഒരു മിന്നാമിനുങ്ങിനേയും
കീശയിലിട്ട്
എടയിലേക്കിറങ്ങി
അങ്ങട്ടയിലേക്ക് കേറിപ്പോയ്

18. വോയ്‌സ് ടു ടെക്​സ്​റ്റ്​
(ചെടിയും സ്‌കൂട്ടറും)

1

സ്‌കൂട്ടറിന്റെ
പിറക് വശത്തെ ടയറിനോട് കുടുങ്ങി
ഒരു ചെടി
റോഡിലൂടെ കുതിക്കുന്നു
കുറച്ചിലകൾ പറഞ്ഞു പോയതിന്റെ
നീറ്റലിനേക്കാൾ
വേഗത്തിന്റെ രസം
അതിനെ ഹരം കൊള്ളിക്കുന്നു.

2

എന്റെ തലവഴി
എന്നും വിമാനം പോകും
അത് കാണുമ്പോൾ അസൂയ തോന്നും
പക്ഷികൾ ചില്ലയിൽ വന്നിരുന്ന്
തുടങ്ങിയേതോടെ
അവരെ വിമാനം എന്ന് വിളിച്ച് കളിയാക്കി
പക്ഷികൾ റോഡിലേക്ക്
പേടിയോടെ നോക്കുന്നു
എന്നെങ്കിലും ഒരു ബസ്സിൽ കേറി പോകണമെന്ന്
എനിക്കും ഉണ്ടായിരുന്നു.

3

ചെടി സ്‌കൂട്ടറിനൊപ്പത്തിനൊപ്പം
വേഗം കൂട്ടുകയും കുറക്കുകയും
കുഴിയിൽ ചാടുകയും
ബ്രേക്ക് പിടിക്കുകയും ചെയ്യുന്നു
ഒരുറുമ്പിനെ അതിൽ കയറ്റി
പരീക്ഷിക്കാമായിരുന്നെന്ന്
വേഗതയും റോഡും കരുതുന്നു
സ്‌കൂട്ടറിന്റെ വിരൂപമായ
പച്ച പെയ്ന്റടിച്ച നിഴലായ്
ചെടി രണ്ട് പാട്ടിന്റെ ദൂരം പിന്നിടുന്നു

4

ഒരു സ്‌കൂട്ടറായ് ജനിക്കണം
എന്ന ആഗ്രഹം
ചേരട്ടയോട് പറഞ്ഞിരുന്നു
തൊട്ടുമുമ്പിലെ റോഡ്
മുറിച്ചു കടക്കുന്നതിനിടയിൽ
മരണം അതിന്റെ തലയിൽ
ചുറ്റിക കൊണ്ടടിച്ചു
ആ പ്രാർത്ഥനായാണ്
സംഭവിക്കുന്നത്
ഇലകളും ചില്ലകളും വേരുകളും
വയറുകളും കമ്പിക്കാലുകളും
ലോഹക്കൂടുകളും ടയറുകളുമായ്
മാറാൻ തുടങ്ങുകയാണ്
കടും മഞ്ഞ നിറത്തിലുള്ള
സ്‌കൂട്ടറായ് റോഡിലൂടെ
ശ്വസിക്കാൻ പോകുന്നു

5

സ്‌കൂട്ടർ വശത്തേക്ക് നിർത്തി
ചെടിയെ വലിച്ച് ദൂരെയിടുന്നു
അതിന്റെ ഡ്രൈവർ
വഴിയരികിൽ
ചത്തുമലച്ച കാക്കയെപ്പോലെ
അത് തന്റെ കൂട് പറന്നു പോകുന്നത്
നോക്കിക്കൊണ്ടിരിക്കുന്നു.

19. ക്ലീനർ
(കുറ്റിച്ചൂലുമെടുത്തേ ഞാൻ)

മണ്ണ് നനച്ചു കിളച്ചവരെങ്ങോ
മഞ്ഞ് പുതച്ച് കിടക്കുമ്പോൾ
പോകുന്നന്നം മുട്ടും മുമ്പേ
കുറ്റിച്ചൂലുമെടുത്തേ ഞാൻ
റോഡുകൾ നീളെ പന്തലൊരുക്കി
വെയിലുകൾ കാവലൊരുക്കുന്നു
മാനത്തോ പകൽ തീരുന്നേരം
റൊട്ടികൾ കാത്തു കിടക്കുന്നു
കാലുകൾ നീട്ടി അളക്കുന്നുണ്ടേ
പുതിയൊരു ലോകം മിണ്ടുന്നു
ഉണ്ടുമടുത്തൊരു വമ്പന്മാരതാ
തല്ലിയൊടിക്കാൻ എത്തുന്നു
ഞാറുകളെ ചെറുകറ്റകളാക്കി
കുറ്റിച്ചൂലുമെടുത്തേ ഞാൻ
കൊട്ടാരങ്ങൾ കീറച്ചാക്കുകൾ
അടിച്ചുവാരി കളയുന്നേ

20.ഫേസ് ബുക്ക്
(ഫോട്ടോ റിവ്യൂ)

എന്നെപ്പോലിരിക്കുമൊരാളെ
കാണിച്ചുതരുന്നു
ഫേസ് ബുക്ക്.

ഞാൻ അയാളല്ലെന്ന്
എത്രവട്ടമുറപ്പിച്ചു

എന്നിട്ടും ചോദിക്കുന്നു
നിങ്ങൾ തന്നല്ലേ അയാൾ?

നോക്കൂ, ഫേസ്ബുക്കേ
മനുഷ്യർ പലതാണ്
അവർക്കൊരേ മുഖവും
കൈയ്യും കാലും മുലയും
വന്നെന്നും വരാം
എന്നിരിക്കിലും വെവ്വേറെയാണ്
ഉള്ളിലും പുറത്തും
ഒരേ മുഖമുള്ള
ഇരട്ടകളിൽ പോലും

ഒരോരുത്തരെയായ്
നീയിങ്ങനെ
കൊണ്ടുവന്ന് നിർത്തുമ്പോൾ
പണ്ട് നടത്തിയ
തിരച്ചറിയൽ പരേഡ്
ഓർമ്മയിൽ വരുന്നു

മോർച്ചറിയിൽ തണുത്ത് കിടന്നവരിൽ
അടുക്കള വിട്ടോടിപ്പോയ
അമ്മയെ തിരയുന്നു
ഒരോ ശവവും
ജീവിച്ചിരിക്കുന്നവരുടെ കൂടെപ്പോവാൻ
തിടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു
ഒട്ടും തിരിച്ചറിയാനാവാത്ത ഒരു പെണ്ണിനെ
മരിച്ചവരിൽ തങ്ങിനിൽക്കാനാവാതെ
അമ്മയായ് കണ്ട് കൂടെക്കൂട്ടി
മടങ്ങിയവനാണ് ഞാൻ

ഇനിയുമെന്നെ പരീക്ഷിക്കല്ലേ
എന്റെ മുഖം മടക്കുന്നു ഞാൻ.

21. മെസഞ്ചർ
(കറുത്ത പൂച്ചേ , കറുത്ത പൂച്ചേ
ചേതോവികാരമെന്താണ് ?)

കറുത്ത പൂച്ചേ, കറുത്ത പൂച്ചേ
ചേതോവികാരമെന്താണ് ?
എനിക്കു കുറുകെ ചാടാമെന്ന്
ഉറച്ചതെന്താണ് ?

വണ്ടി തട്ടിയാണ് അച്ഛൻ മരിച്ചത്
തട്ടിയ പാടെ
അച്ഛൻ മറ്റൊരു വണ്ടിയെ തട്ടുകയായിരുന്നു
വണ്ടിക്കു കുറുകെ
ഒരു പൂച്ച ഓടിയതായിരുന്നു
പൂച്ചയ്ക്ക് പിന്നാലെ ഒരു നായ
ഉണ്ടായിരുന്നതായ് പറഞ്ഞവരുമുണ്ട്

പൂച്ച രക്ഷപ്പെട്ടു
ഒരു വർഷത്തിനുള്ളിൽ
അത് മൂന്നു പൂച്ചകളെ പ്രസവിച്ചു
ഉണ്ടായിരുന്ന നായ
പിന്നെയും രാത്രിയിൽ
ആരെയൊക്കെയോ
ഓടിച്ചിട്ടു കടിച്ചു
അടുത്തൂൺ പറ്റി

അച്ഛനും
അച്ഛനെ കുത്തിയ വണ്ടിയും
അച്ഛനോടിച്ച വണ്ടിയും
അച്ഛനോടിച്ചിട്ടു കുത്തിയ വണ്ടിയും
അതിലിരുന്ന ആളും
ചത്തുപോയത് മിച്ചം.

ആ മൂന്ന് വണ്ടികളും
പോലീസുകാർ
വലിച്ചോണ്ടു പോയ്
സ്റ്റേഷനു അരികിൽ
കൂട്ടിയിട്ടു

മൂന്ന് വണ്ടികളും
റോഡിലേക്ക്
നോക്കിയിരുന്നു

മറ്റു വണ്ടികൾ പറക്കുന്നതും
ഇഴയുന്നതും നടക്കുന്നതും
അവർ കണ്ടു

അച്ഛനെ ഏറ്റവും പരിചയമുള്ളൊരാൾ
ദിനേശ് ബീഡി കഴിഞ്ഞാൽ
അതിലൊരു വണ്ടിയാണ്

അച്ഛനിരുന്നതിന്റെ തഴമ്പ്
വെയിലും മഴയും
ഒന്നു രണ്ടു വർഷത്തെ പണിയിൽ
തുടച്ചു കളഞ്ഞു

രാത്രികളിൽ ഒറ്റയ്ക്ക്
റോഡിലേക്കിറങ്ങി.
തട്ടുകടകളിൽ കയറി
വയറു നിറയെ കഴിച്ച്
ഒന്നു വീശി
വീടിനു ചുറ്റും വട്ടം കറങ്ങുന്നതായി
ഒരാലോചന നടത്തി നോക്കി

കാര്യമില്ല.
മറിച്ച് അച്ഛനെ കുഴിയിൽ ചാടിച്ച
പൂച്ചയോട്
അതൊരു കറുത്ത പൂച്ചയാണെന്ന് കരുതി
അച്ഛന്റെ ശബ്ദത്തിൽ

ഇങ്ങനെ പാടി ;
‘കറുത്ത പൂച്ചേ , കറുത്ത പൂച്ചേ
ചേതോവികാരമെന്താണ് ?
എനിക്കു കുറുകെ ചാടാമെന്ന്
​ഉറച്ചതെന്താണ് ?'

22. ആമസോൺ പ്രൈം
(അണ്ടർ പന്ത്രണ്ട്)

മരിച്ചിട്ടില്ലായിരുന്നെങ്കിൽ
ഞാനിത്തവണ
ഒളിമ്പിക്‌സിനു പോകുമായിരുന്നു
എന്റെ കാലക്കേടെന്ന്
പറഞ്ഞാൽ മതിയല്ലോ.

അണ്ടർ അഞ്ചിന് കളിക്കുമ്പോഴാണ്
അപ്പനെടുത്ത് എറിയുന്നത്
ഓയിലിട്ടതിന്റെ ഉശിര്
അപ്പനന്ന് കൂടുതലുണ്ടായിരുന്നു
ആകാശത്ത് വെച്ച് ആദ്യമായ്
പുറം ലോകം
ഞാനൊന്നോടിച്ചു കണ്ടു
അയലത്തുകാർ മാറി നിന്ന്
കൈയ്യടിക്കുന്നുണ്ടായിരുന്നു
പക്ഷികളോടുള്ള മതിപ്പ് തോന്നുന്നത്
അങ്ങനെയാണ്

അണ്ടർ പത്തിലെത്തുമ്പോൾ
തരക്കേടില്ലാത്ത വേഗതയുണ്ടായിരുന്നു
അമ്മച്ചിയുടെ പെറ്റ് പെറ്റൊടിഞ്ഞ നടുവിൽ ചവിട്ടി
കൊടുവാളെടുത്ത് അപ്പൻ പിന്നാലെ പായും
എടവഴികൾ, കൊള്ളുകൾ, തോടുകൾ
എല്ലാം എത്ര പെട്ടെന്നാണ് മറികടക്കുന്നത്
ഒരു ഗതികെട്ട വെട്ടിൽ
കാലിന്റെ വിരലുകൾ
അറ്റുപോയില്ലായിരുന്നെങ്കിൽ
കുറച്ചു കൂടി ജീവിച്ചിരുന്നേനെ

അണ്ടർ പന്ത്രണ്ട് കടക്കാൻ
സാധിച്ചില്ല കാണികളേ
അമ്മച്ചി പേടിച്ച് ചത്ത് പോയിരുന്നു
ഉണ്ടായിരുന്ന പൊര
അപ്പൻ ജയിലിൽ പോകും മുമ്പ്
കത്തിച്ച് കളഞ്ഞിരുന്നു
കുടുംബക്കാര് ഒറ്റയെണ്ണവും
ഒരു കൈ തന്നില്ല

ചത്തു കളയുന്നതിൽ
മത്സരമുണ്ടായിരുന്നെങ്കിൽ
സ്വർണ്ണം നേടുന്നത്
കാണിച്ചു കൊടുക്കുമായിരുന്നു
എന്റെ കാലക്കേടെന്ന്
പറഞ്ഞാൽ മതിയല്ലോ

23. ഡിക്ഷണറി
(വളരെ)

എത്രയാണയാൾ ഉദ്ദേശിക്കുന്നതെന്ന്
ഒരു പിടുത്തവുമില്ല
പറ്റാവുമ്പോലെ
കൂടെ കൊണ്ട് നടന്നിട്ടുണ്ട്
ഇടയ്ക്കിടെ ചിലവാക്കിയിട്ടുണ്ട്

കുറഞ്ഞു പോവരുതെന്നുള്ളിടത്ത്
മറ്റൊരാളെ ചിന്തിക്കാനേ കഴിയില്ല
കൂടുതൽ വേണ്ടിടങ്ങളിൽ
ആവർത്തിക്കാതെ തരമില്ല

എല്ലാം അൽപാൽപമുള്ള
ഒരു കാലത്തിലായിരിക്കാം
ഒരു ദേശത്തിലായിരിക്കാം
അത് ജനിച്ചിട്ടുണ്ടാവുക

മതിയാവാത്തവർ പിന്നാലെ ചെന്ന്
എടുത്ത് കൊഞ്ചിച്ചതാവണം

പറഞ്ഞ് മതിയാവുന്നില്ല
ഒരിക്കൽ പോലും
വളരെ ... വളരെ വളരെ

24. മാഗ്സ്റ്റർ

1. ഇള്ളാക്കുട്ടി
( ബാലമാസിക വായിക്കുന്നു)

ഇല്ലാത്ത നാട്ടിലെ ഇള്ളാക്കുട്ടി
ഉള്ളി കണക്കെ കരഞ്ഞിരുന്നു
ശർക്കര പോലെ നിറമുള്ളവൾ
കൽക്കണ്ടം പോലെ ചിരിച്ചിരുന്നു

അപ്പാടെ പെയ്തു നിറഞ്ഞ നാളിൽ
ചേമ്പിന്റില ചൂടി ചെന്നവള്
മേലാകെ ചേറും ചളിയുമായി
മോന്തായം ചോർന്നൊരു ഉസ്‌കൂളിൽ

ഇല്ലാത്തൊരാല വരച്ചു കാട്ടി
‘അ ആ' എന്നു ചൊല്ലിയവൾ
കൂടാരു വന്നെന്ന് ചോദിച്ചപ്പോൾ
'ഇ ഈ' എന്നു ചിരിച്ചു കാട്ടി

അന്നേരം മാഷ് പിരികം നീട്ടി
‘ഉ ഊ' പറഞ്ഞു പോയ് ഇള്ളാക്കുട്ടി
ചൂരല് പൊന്തി വരച്ചവളിൽ
‘ഋ' പോലെ മൂക്കു വളഞ്ഞ ചിത്രം

‘എ ഏ' കരഞ്ഞവൾ ഓടിയപ്പോൾ
‘ഐ ഒ ഓ' പറഞ്ഞതാ ഓടിക്കൂടി
ഇല്ലാത്ത നാട്ടിലെ നാട്ടുകൂട്ടം

‘ഔ' എന്ന് മിണ്ടാതിരുന്നു പോയി

‘അം' എന്ന് വായയടച്ചവളും
‘അ:' എന്ന് മിണ്ടാത്ത കൂട്ടുകാരും

2. പാറാടൻ
(ആഴ്ചപ്പതിപ്പ് വായിക്കുന്നു)

എല്ലാ വെയിലും ചവിട്ടിക്കുഴച്ച്
ആഞ്ഞു പറന്നേ പാറാടൻ
ഇല്ലാ വിയർപ്പിൻ മണപ്പാച്ചിലിൽ പെടാ-
തുള്ളാൽ വിയർത്തേ പാറാടൻ

ഞാനോ പണ്ടേയിങ്ങനെ കാറ്റ
റിയാതെ പരക്കം പാഞ്ഞും
പൂക്കാ പാലയിൽ വട്ടം വെച്ചും
വാക്കുരു മുള്ളാൽ പോറിയ നീറ്റൽ
ഊതിയ നാക്കാൽ ഉന്തി താഴ്ത്തി
ചെറുവിരലാഞ്ഞിലിയായി കൂർപ്പി-
ച്ചമ്പഴമേലെ കൊത്തിയൊടിച്ചും
നോവാൽ നേര് വിടർത്താൻ
രാവറിയാതെ ഊറിയുഴന്ന് നടപ്പോൻ

നിലാവിനെ ഓടിച്ചിട്ട് മലർത്തി പൊത്തി
പൊന്തുമൊരുൻമാദത്താൽ ചോന്നൊരു
കുരുമുളകിൻ ചൂണ്ടു കടിച്ചാട്ടാർപ്പു
വിളിച്ചു പറക്കും പാറാടൻ

ഇല്ല നോവിന്റെ ഊറ്റം പറയുവാൻ
വന്നു നിൽക്കില്ലൊരുത്തന്റെ മുന്നിലും
കണ്ടു കൂടാത്ത വെളിവെട്ടങ്ങളിൽ
നിന്നൂക്കായ് പറന്നന്യ ഗോളത്തിൽ
ഈ മണ്ണ് വിട്ടുറയ്ക്കൂന്നതെങ്ങനെ ?
അതിനാൽ കണ്ടറയ്ക്കുക
നിരർത്ഥം, നിരാകൃത ജീവിതം

25. ക്ലബ് ഹൗസ്
(ഗംഗാപ്പിം രാജനും)

ഞാനും ഒരു പരിങ്ങനും
കൂട്ടാരായിരുന്നു
പരിങ്ങന്റെ പേര് ഗംഗാപ്പി
എന്റെ പേര് രാജീവൻ
പരിങ്ങന് മുമ്പ്
ഗംഗാപ്പിന്നൊരു പേരിൽ
ഒരു പാമ്പുണ്ടായിരുന്നു
അയാള് നല്ല പൂസായിരുന്നു
അയാള് കുടിച്ചത്രേം
പൊയേല് പോലുമില്ലാരുന്നു
അയാളെ ഓള് തല്ലിക്കൊന്നു
അതേ പിന്നെ ഗംഗാപ്പിയെന്ന പേര്
ഒറ്റക്കായി
ഒറ്റക്കായി ഒറ്റക്കായി
ചത്തു കളയുമോന്ന്
പേടിച്ച് നിന്നപ്പം
ഒരു പരിങ്ങനിറങ്ങി വന്നു
അപ്പം പേരെടുത്ത്
പരിങ്ങനു കൊടുത്ത്
കിട്ടിയ പേരും കൊണ്ട്
ഗംഗാപ്പി പരിങ്ങനായി

2

എന്റെ പേര് പറഞ്ഞല്ലോ
പെറ്റപ്പം പേര് രാജന്നായിരുന്നു
രാജ്യം പോയിറ്റ്
രണ്ട് സെന്റ് പോലുമുണ്ടായില്ല
പിന്നെങ്ങനെ രാജനാവും
ഞാനെന്റെ പേര് വെട്ടി
ഉസ്‌ക്കൂളിലാരും സമ്മയിച്ചില്ല
ഉസ്‌ക്കൂളി പിന്നെ പോയില്ല
നാട്ടിലതുമിതും പറഞ്ഞു
ഞാങ്കേട്ടില്ല
വീട്ടിലാരും വിളിച്ചിക്കില്ല
ഞാനൊന്നും പറയാൻ നിന്നില്ല
ഒരു ദിവസം ഗംഗാപ്പി വിളിച്ചു:
രാജീവാ..... കേറി വാ

26. കേരിമാൻ
(മീനും തക്കാളിയും)

ഒരു മീനും
അടുപ്പത്തിരിക്കുന്ന കറിയിലേക്ക്
നേരിട്ട് കയറി ചെന്നിട്ടില്ല
അവർക്കിടയിൽ
ചൂണ്ടയും, മുക്കുവനും, കാത്തിരിപ്പും
ഇരിപ്പുണ്ടായിരുന്നു
ചൂണ്ടകൾക്കിടയിൽ ഒരു ക്രിസ്തു
ജനിച്ചിട്ടില്ലാത്തതിൽ
പാപബോധം തീണ്ടി തുടങ്ങിയിരുന്നില്ല
ചൂണ്ടയ്ക്ക്.
കാത്തിരിപ്പ് അരൂപിയായ
യോഗിയായിരുന്നു.
അത് ആരിൽ നിന്നും ഒന്നും
പ്രതീക്ഷിച്ചിരുന്നില്ല.
മുക്കുവൻ അങ്ങനെയായിരുന്നില്ല
മീൻകറി അയാൾക്ക് പൗരത്വത്തേക്കാൾ
പ്രധാനമായിരുന്നു
അതു കൊണ്ട് മറ്റൊരുപാധിയും
മീൻ മുന്നോട്ടുവെച്ചില്ല.
മൂന്നു ദിവസം മുമ്പെ
ചൂണ്ട കോർത്ത്
കവിള് കീറിപ്പോയ മീനിന്
വായ തുറക്കുമ്പോഴേക്ക്
ചോര അഴിഞ്ഞു പോകുമായിരുന്നു
അത് സാരമില്ല.
കറിയിലിരുന്ന് മീൻ
കട്ട പിടിച്ച
തന്റെ ചോരയെന്ന് കരുതി
​തക്കാളിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments