വിനയ ആൻ

കൊക്ക് എന്ന സഹജീവി

​​​​​​​മുറിയുടെ അരികിൽ ഒറ്റക്കാലിൽ നില്പുറച്ച ഒരു കൊക്കുണ്ട്.

മുറിയിലേക്ക് കടക്കുമ്പോഴൊക്കെ,
ഒന്നോരണ്ടോ വാക്കുകൾ
കൗതുകത്തോടെ എറിഞ്ഞിട്ടുനോക്കി.
തിരിച്ചൊന്നും വരാറില്ല
മടുത്തപ്പോൾ, ‘നീ എന്താണ് വെളുത്ത സിമൻറ്ക​ട്ടയോ? '
എന്നൊരിക്കൽ അലറി.
ഇനി യഥാർത്ഥത്തിൽ സിമൻറ്​ ആണോയെന്ന്
തൊട്ടും നോക്കി.

അല്ല, മിനുസമുള്ള തൂവലുകളുടെ ഇളംചൂട്.
(അവളുടെ ഉടൽ ഏകദേശം എന്റെ 200 sq feet മുറിയുടെ
അര മീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്.
ഞാൻ അവളുടെ 200 sq feet കുടിയേറി എന്നാവാം അവൾ പറയുക)

അവളെന്റെ പല പെയിന്റിങ്ങുകളും കണ്ടു
അതിലെ നീല ഉടലുകൾ ദീർഘനേരം നോക്കിനിന്നു.
അയക്കും മുൻപ് കത്തുകൾ അവളെ വായിച്ചു കേൾപ്പിച്ചു.
അവൾ മൂളുകയോ തല അനക്കുകയോ ചെയ്തില്ല.
രാത്രി എഴുതിയ കവിതകൾ
പുലരും വരെ അവളുടെ മുന്നിൽ വായിക്കാനായി വെച്ചു.
അഭിപ്രായം ചോദിക്കുന്നതിൽ
കാര്യമില്ലെന്ന് അറിയാമായിരുന്നിട്ടുകൂടി.

സങ്കടം അധികമായ ഒരുനാൾ,
ഞാൻ അവളെ കട്ടിലിൽ കിടത്തി.
അരികിൽ ഞാനും കിടന്നു.
ഉറക്കത്തിൽ തൂവൽ മെത്ത സ്വപ്നം കണ്ടു,
പതിനാല് വെള്ളക്കുതിരകൾ
എനിക്ക് കാവലായി ചുറ്റും ഓടുന്നത് സ്വപ്നം കണ്ടു.
അന്ന് ഞാൻ നന്നായുറങ്ങി.
പുലർന്നപ്പോൾ അവളെ തിരികെ യഥാസ്ഥാനത്ത് വെച്ചു.
പിന്നീട് വെള്ളം കൊടുത്ത് പരിചരിക്കാൻ നോക്കി.
വെളിയിലെ പ്രാണികളെ നുറുക്കി മുന്നിലിട്ട്
സ്‌നേഹം വെളിപ്പെടുത്തി.
കൊക്ക് കണ്ണ് ചിമ്മിയതുപോലുമില്ല.

മുറി പൂട്ടി ഇറങ്ങും മുൻപ്
ഞാൻ അവളെ വാതിൽ ദിശയിലേക്ക് നോക്കി നിർത്തും.
മുറിയിലേക്ക് തിരികെ വന്നാൽ
എന്റെ കസേരയിലേക്കോ കട്ടിലിലേക്കോ നോക്കിനിർത്തും.
ഇടക്ക് വല്ലപ്പോഴും ജനലിന് വെളിയിലേക്ക് നോക്കിനിർത്തും.
അവൾ സന്തോഷിക്കുമെന്നും, സന്തോഷിക്കുകയാണെന്നും, സന്തോഷിച്ചേക്കുമെന്നും
മാറിമാറി ഞാൻ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു.

സമയം 4 മണി, 6 മണി, 10 മണി ...
സൂചികൾ എത്ര തവണ വട്ടമിട്ട് പറന്നാലും
കൂസലില്ലാത്ത കൊക്ക്.
മുറിയിലാരൊക്കെ കടന്നുവന്നാലും
അതൊന്നും തനിക്ക് ബാധകമല്ലെന്ന്
നിശബ്ദമായി ജപിക്കുന്ന കൊക്ക്.
എത്രകണ്ട് അരികിൽ ചെന്ന് പ്രാർത്ഥിക്കാൻ ശ്രമിച്ചാലും
പിടിതരാത്ത ഏതോ പ്രാചീന ആചാരത്തിന്റെ ഓർമയിൽ
ഉറങ്ങിപ്പോയ കൊക്ക്.

ഒരിക്കൽ ഞാൻ: ‘പിന്നെന്തിന്​ നീ എന്റെ മുറിയിൽ വന്നു?'
അപ്പോൾ അവൾ: ‘നീയെന്തിന് എനിക്കുചുറ്റും ഒരു മുറി പണിതു?'
കണ്ണുകൾ പിന്നെയും താഴിട്ടു പൂട്ടി.
അതായിരുന്നു ആദ്യത്തെയും അവസാനത്തേതുമായ സംഭാഷണം.

പരിചരിക്കാൻ പിന്നെയും ശ്രമിച്ചു,
ഇടക്ക് കണ്ണുകൾ തുറക്കാത്തതിന് പരിഭവം പറഞ്ഞു,
മറ്റുചിലപ്പോൾ അസമയത്ത് കണ്ണുകൾ തുറന്നതിനു ദേഷ്യപ്പെട്ടു.
കേൾക്കാത്തതിനും ചിരിക്കാത്തതിനും കരയാത്തതിനും
വഴക്ക് പറയാത്തതിനും അഭിപ്രായം പറയാത്തതിനും എല്ലാമെല്ലാം
പല പക്ഷികളുടെ തൂവലുകൾ ചേർത്തുതുന്നിയ
ഭംഗിയില്ലാത്ത project പക്ഷിയെ കണക്ക്
ഞാൻ ആ കൊക്കിനെ വലയം വെക്കുന്നു.

കൊക്ക് എന്നെ കാണുന്നുണ്ടായിരിക്കണം
ഈ വരിയുടെ ഒടുക്കത്തിലും അവരെന്നെ നോക്കുന്നുണ്ടാവണം. ​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വിനയ ആൻ

കവി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ഉദയസൂര്യനും രാത്രിനക്ഷത്രങ്ങളും' എന്ന കവിതാസമാഹാരം പ്രസദ്ധീകരിച്ചു. 14ാം വയസ്സുമുതൽ യുണൈറ്റഡ്​ സ്​റ്റേറ്റിൽ താമസം. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി.

Comments