വിനിത റാഫേൽ

ഒച്ചയില്ലാത്ത വീട്

പൂക്കാരി ലളിത
വീടുകളോട്
സംസാരിക്കാൻ തുടങ്ങിയത്
വീടില്ലാതായതോടെയാണ്.

പൂക്കളുടെ പ്രിൻറ്​ ഉള്ള
സാരിയുടുത്തു
തലയിൽ മുല്ലപ്പൂ ചൂടി
ചുവന്ന കല്ലിന്റെ
മൂക്കുത്തി ഇട്ട്
കാലിൽ നല്ല വീതിയുള്ള പാദസാരമിട്ടു
അരയിൽ ഒരു കൊട്ടയിൽ മുല്ലപ്പൂവും
ചുവന്ന ചീരയും വച്ച്
വീടുതോറും കേറി ഇറങ്ങിയിരുന്ന
ഒരു തമിഴത്തിയാണ് പൂക്കാരി ലളിത.
വീടില്ലാത്ത പെണ്ണ്.

മാർക്കറ്റിൽ കൊല്ലാൻ കൊണ്ടുവന്നിരുന്ന
കാളകളെ പൂട്ടിയിരുന്ന
കാളക്കൂടായിരുന്നു ലളിതയുടെ കിടപ്പറ.
ചീരയും പൂവും വിൽക്കാൻ
കയറുന്ന വീടിനോടൊക്കെ
ലളിത സംസാരിക്കും.

വെയിൽ ചൊവ മണക്കുമ്പോഴേ
വാടി തുടങ്ങിയ ചീരകൾക്കു
വെള്ളം തളിച്ച്
കയറുന്ന വീടുകളിൽ നിന്നെല്ലാം
കഞ്ഞി വെള്ളംചോദിച്ചു
വാങ്ങി കുടിക്കുന്ന ലളിതയ്ക്ക്
കാള ചൂരിന്റെ മണമായിരുന്നു.
അങ്ങനെ പൂവും ചീരയും
വിറ്റു വീടുകളോട്
മിണ്ടിയും പറഞ്ഞും നടക്കുമ്പോഴായിരിക്കും
പൂക്കാരി ലളിതയ്ക്കു
ഉന്മാദം തലയ്ക്കു പിടിക്കുക.

പകൽ ഇരച്ചു തലയിൽവന്നു
കൊളുത്തി വലിച്ചു പിടയുന്നതുപോലെ.
പിന്നെ ലളിത ഒരു നടത്തമാണ്.
കിലുങ്ങി മറിയുന്ന
പാദസരങ്ങളുടെ ഒച്ച

കാളക്കൂടിന്റെ ഇടവഴികളിൽ അലഞ്ഞു നടക്കും.
ആരും കയറാത്ത
തല പെരുത്ത് കയറുന്ന
കാള ചൂരുള്ള ഷെഡിലേക്കു
അവൾ വേഗത്തിൽ നടന്നു കയറും.
സാരി വച്ച് മറകെട്ടിയ
അവളുടെ ഒച്ചയില്ലാത്ത വീട്ടിൽ കിടന്നുകൊണ്ട്
അവൾ പൂ മണക്കുന്ന
തന്റെ ഉന്മാദത്തെ അറിയും.

ഒച്ചയിടാതെ അവൾ അലറി വിളിക്കും.
മിണ്ടാതെ നിൽക്കുന്ന മൂരികളെ
ഉച്ച വെയിൽ കൊണ്ട്
വിശ്രമിക്കുന്ന ഗന്ധർവ്വന്മാരായി
അവൾ കരുതും.
പിന്നെ തണുത്തുറഞ്ഞു
ചാണകം മണക്കുന്ന തറയിലെ
പായയിൽ തളർന്നു കിടന്നു കൊണ്ട്
ഒച്ചയില്ലാത്ത വീടുകളെ സ്വപ്നം കാണും.
കാളചൂരിന്റെ മണമില്ലാത്ത വീട്.

അല്ല
കാള ചൂരിന്റെ മണമില്ലാത്ത
പൂക്കാരി ലളിതയുടെ
ഒച്ചയില്ലാത്ത വീട്.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വിനിത റാഫേൽ

കവി, അധ്യാപിക, ഡിസൈനർ, ഫാബ്രിക്​ പെയിൻറർ. ഫോസിലുകൾ എന്ന കവിത സമാഹാരം​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments