വിനിത റാഫേൽ

നീണ്ട മുപ്പത്തിനാല് വർഷത്തെ ഒതപ്പുകൾ

​​​​​​​തപ്പുകളെ പത്ത് പ്രമാണത്തിൽ
മാത്രം രേഖപ്പെടുത്തി
കുമ്പസാര കൂടുകളിൽ ചെന്ന്
ഏറ്റു പറഞ്ഞിരുന്ന എന്റെ വിശുദ്ധ കാലങ്ങൾ !
ളോഹ ഇട്ടവരെ കർത്താവിനേക്കാൾ
പ്രമാണിയായി കണ്ടിരുന്ന
കാർന്നോന്മാരുടെ നിഘണ്ടുവിൽ മാത്രമേ
ഞാനാ വാക്ക് കേട്ടിട്ടുള്ളു..
ഒതപ്പ് !

ഒരു വിശുദ്ധ കൂടാരവും
എനിക്ക് വേണ്ടി തണലൊരുക്കിയില്ല
ഒരു ആകാശവും മന്നാ പൊഴിച്ചില്ല
ഒതപ്പിന്റെ കുപ്പായം പൊതിഞ്ഞു
എന്നെ കെട്ടി വച്ച മുപ്പത്തിനാല് വർഷങ്ങൾ

ശരീരവും
ആത്മാവും
അവിശുദ്ധമെന്നു
പേരിട്ടു വിളിച്ച ലഹരികളെ
ഉന്മാദത്തിന്റെ
പുറമ്പോക്കിൽ കെട്ടിയിട്ടു
സ്വയം ആഘോഷിച്ച രാത്രികൾ.

ഒരു ആവൃതിയും
എന്നെ
സ്‌നേഹിച്ചില്ലല്ലോ എന്ന്
പതം പറഞ്ഞ തിരു മുറിവുകൾ.
ശരീരം ആഘോഷിച്ച വിശുദ്ധർ
അൾത്താരകളിൽ
കാസയും
പീലാസയും ഉയർത്തി
ദൈവത്തിനു
വിരുന്നൊരുക്കിയപ്പോൾ
വിഷാദത്തിന്റെ
ഒരു നേർത്ത വരയുടെ
അറ്റത്ത് നിന്നുകൊണ്ട്
അര മുറുക്കി നിന്ന
ഒരുത്തിയെ
അവർ
ഒതപ്പ് എന്ന് വിളിച്ചു.

ഒരു മാലാഖയും അവളെ
തൂവാലയുമായി കാത്തുനിന്നില്ല
ആഴമുള്ള കിണറുകളും
നീളമുള്ള കയറുകളും മാത്രം.
പുതിയ ആകാശവും
പുതിയ ഭൂമിയും
വെളിപാട് പറയുന്ന
മഹത്വത്തിന്റെ ദേശത്തു
ഞാനും
അവളും തമ്മിൽ
ഒരേയൊരു സാമ്യം
മാത്രം...
ഒതപ്പ് !▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വിനിത റാഫേൽ

കവി, അധ്യാപിക, ഡിസൈനർ, ഫാബ്രിക്​ പെയിൻറർ. ഫോസിലുകൾ എന്ന കവിത സമാഹാരം​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments