വിഷ്​ണുപ്രിയ പി.

കല്ല് മൂത്തപ്പോൾ
കെട്ടിപ്പുതഞ്ഞത്

യുദ്ധകാണ്ഡം

മുറിയുടെ തണുപ്പിൽ
നിലത്ത് മരവിച്ച കുളം
ചെറിയ അലകളുണ്ടാക്കി.
അഴിച്ചു വെച്ച കല്ലിൽ
കസേരക്കാലുകൾ
വളർന്നു വന്നതിന്റെ
ഒച്ചയ്‌ക്കൊപ്പം.

എനിക്കോർമ്മയുണ്ട്
അതെന്റെ പുതപ്പിനടീലേക്ക്
കടലായി ഒഴുകി വന്നത്.
മീൻ ചത്തും മൂത്രമൊഴിച്ചും
ഉപ്പു പൊന്തിയ ഉള്ളം കയ്യിൽ
നിറയെ പേനുകൾ.

തെങ്ങിനു തളയിട്ട പോലെ
അടിവയറ്റിൽ മുറുക്കിക്കെട്ടിയ
തോർത്ത്
ഞരങ്ങി നീങ്ങി.
വേദന ഉണ്ടാക്കാനായി
ഫാൻ
നിർത്താതെ കറങ്ങി.
ആഴത്തിൽ ഇറങ്ങിയ-
പഞ്ഞി നിറയെ
ഒപ്പിയെടുക്കാനുള്ളത്രയും
മുഷിഞ്ഞ തുണികളുണ്ടെന്ന
മാതിരി.

കട്ടിൽക്കാലിൽ നേർത്ത
ചരട് കെട്ടി ആരോ
അമ്മമ്മേടേം ചിരുതേട്ടിടേം
തുമ്മാൻ* പെട്ടി വലിച്ചെടുത്തു
മെല്ലെ മതി എന്ന്
പറഞ്ഞും പറയാതെയും
മന്ത്രിക്കുന്നു.

കല്ല് പൊതിഞ്ഞ ചുമര്
അവരുടെ മുണ്ടിന്റെ തുമ്പത്തു
കെട്ടിയ നെല്ലിക്ക പോലെ
പുളിച്ചു, പിന്നെ മതിർത്തു.

കേൾക്കുന്നതൊക്കെയും
നിന്നെക്കുറിച്ചുള്ളതാണെന്ന
ബോധം
മുഴച്ചു പൊന്തി ഒന്നാന്തരം
കൊമ്പായി വളഞ്ഞു നിന്നു

ഞാനൊരു മൃഗമാണെന്ന്
നീ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.

*തുമ്മാൻ പെട്ടി =മുറുക്കാൻ പെട്ടി

ക്ഷിയുടെ കലമ്പൽ
നേർത്ത ഒരരുവിയുടെ
പ്രേതമാവുന്നു.
കാതിൽ ഇമ്പമുള്ള
വഴക്കായി അത്
കരയിലുള്ളതിനെ
തിരിച്ചു കാണിച്ചു.

കുറുകലും കരച്ചിലും
ചേർന്ന ഒരു വാക്കും
ഞാനും തമ്മിലുള്ള
അകലമായി പക്ഷി.
അയയിൽ ഉണങ്ങാനിട്ട
തുണി പോലെ
അത് നാറ്റവും ഈർപ്പവും
കുടിച്ച വെയിലായി
​▮


വിഷ്​ണുപ്രിയ പി.

കവി, ചിത്രകാരി, ആർക്കിടെക്​റ്റ്​. ‘രൂപാന്തരം’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments