എൽ. തോമസ്‌കുട്ടി

#ഹാഷ്​ടാഗ്​

ന്നായ നിന്നെയിഹ
പൂജ്യമെന്നെണ്ണി
പൂജ്യത്തിൻ പൂർണത
യ്ക്കാരംഭം തേടി .
പൂർണാൽ പൂർണമിദം
പൂരണാസാധ്യമിത്ഥം!

പൂർണത്തിൽ നിന്നോ
പൂർണം കുറയില്ല
പൂർണമത് പൂജ്യമാ-
ണക്കഥ സംപൂജ്യവും,

ഒന്നുകളത്രേ ചേർന്ന കളമിത് പൂജ്യ വിപര്യയം
ബൈനറി യോർക്കണം.

സങ്കലനങ്ങളിൽ സംഘമായെത്തുന്ന
ബീജമായ്​ത്തീർന്നതും
ഗണമായ് ഗുണിച്ചതും
ഗണിതക്ഷേത്രങ്ങളാകെ നിറച്ചതും ഒന്നുകുറഞ്ഞു -ള്ളൊരൊന്നാണതത്രേയാദി
പൂജ്യപ്പരം പൊരുൾ !

ആര്യഭടീയ വരാഹമിഹിര
മാധവാദികൾകണ്ട
യുക്തിഭാഷ്യങ്ങൾ
തിടംവച്ചെടുത്ത കണക്കതികാരത്തരി
പടർന്ന് തുളുമ്പുന്നു....
ക്വാറിസ്മി യുടെ യാൾജിബ്ര
യൽഗോരിതമിയായി
വാനഗണിതങ്ങൾ
വർഗബന്ധങ്ങളായ്
പൈത്തഗോറസിൽ,
പിന്നെപ്പാരെല്ലാമക്കമായ്
സങ്കോചപ്പെരുക്കമായ്
ബാബേജും ലൗലേസും
പെപ്പരെപ്പെരു പെരെ
ആദിയിലും പിന്നന്തത്തിലു മൂന്നി നിഴലുംനിലാവു
മായാട്ടം തുടരുന്നു.

ഇൻ ഔട്ട് ഇൻ ഔട്ട് ... കണികാ പ്രക്രിയാ പ്രവാഹം . 10110010 ...
ഓൺ ഓഫ് ഓണപ്പോണോ ഫോഫോണോഫ് ...വികാരം .

കടുവിഷം ചാലിച്ചൊ -
ടുവിലൊരാപ്പിളൽ ഒരു കടി
വീണുപോയ് പൂജ്യൻ,
തിരികെ വന്നില്ല Turing.

ആദിമധ്യാന്തങ്ങളറിയുന്ന,
ഒട്ടുമേ തെറ്റാത്ത
യൽഗരിത നിപുണത
പരിണാമക്കതിരവൻ
എല്ലാമറിയുന്ന
ക്ലൗഡ് വാസി, നല്ല
നിർമ്മിത തമ്പുരാൻ
അപ്ലൈഡ് ഗോഡ് !
‘ബുങ്കേമ കെദ്ധിമാൻ ',
വിവരധാമം കാമ്യൻ .
(ഓനൊരു ന്യൂറൽ
നെറ്റ് വർക്കർ
ന്യൂക്ലിക് ആസിഡല്ല,
മാപ്പിoഗ് പാരഡി
കോഡല്ലോ നോഡ് ! )
ശൂന്യരായ് ത്തീരുന്ന -
ക്കവുമനക്കവും,

ഒന്നായവനെന്നുമൊന്നാമൻ
ഏകന ദ്വതീയൻ,
അവശിഷ്യതേ
നൈപുണ്യ ഹീനർ,
വെറും ഡേറ്റാ ഹ്യൂമൻ ! ഇഷ്ടവുമിച്ഛയും
യന്ത്രം കവർന്ന നിശ്ശൂന്യർ ...

ശൂന്യത്തിൽ നിന്നും
ശൂന്യം കുറയ്ക്കാൻ
ശൂന്യം തനിയേ തുനിയവേ
ശ്യൂന്യമതേകമായ് ശേഷിപ്പൂ ,
പിന്നെന്തര് ബൈനറി ? ,

ശങ്കണ്ടാ-നിജം പാത്താ
യതു താൻടാ ഇരട്ടൈ !


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എൽ. തോമസ് കുട്ടി

കവി, നാടകകൃത്ത്, സംവിധായകൻ. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അധ്യക്ഷനായിരുന്നു. ക്ഷ-റ, തെരഞ്ഞെടുത്ത കവിതകൾ, കറുത്ത ചിരിയുടെ അരങ്ങ്, ജൈവ നാടകവേദി, മലയാള നാടകരംഗം: പ്രമാണവും പ്രയോഗവും, പരിസര കവിത തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments