എം.പി. അനസ്

ച്ചനേരംതന്നിൽ
തറവാട്ടു മുറ്റത്തെങ്ങും
ഊതിയിട്ടുപോകും
മുറിമുണ്ടുടുത്തോരാള്.

എന്തുകാട്ടുന്നെന്ന്
കാരണോറാരായും
ഉങ്കളുള്ളമറിയും
നല്ലുത്തരമെന്നോതും.

കൈയ്യിലുള്ളൊരു
തണ്ടാലോങ്ങിച്ചെല്ലുന്നേരം
ചിരിച്ചു നിക്കുന്നോറെ
തിരിയാതെ കണ്ടു മടങ്ങും.

ഒറ്റമുണ്ടിന്നരയിൽ
കെട്ടിയുള്ള ചരടിൽ
ചെമ്പുറുക്കിൽ തൊട്ട്
ഓറ് മന്ത്രിച്ചൂതും.

കൈമുറുക്കും നെഞ്ചിൽ
തമിഴ് കൂട്ടിച്ചൊല്ലും
കണ്ണടച്ചു നിൽക്കും
കണ്ടുനിൽപ്പോർ വേവും.

കാരണോറോ വേഗം
പേടിയാലെ വണങ്ങും
കച്ചവടം പൂട്ടും,
സുയിപ്പാക്കിടല്ലെന്നാവും.

ഊതിപ്പോകുന്നോറെ,
കുറ്റമൊന്ന് പൊറുക്ക്
തിരിയാതെപോയേനെന്ന്
കൈപിടിച്ചു ചൊല്ലും.

ഇങ്കെയെല്ലാമേ
നാനൂതിവന്തിട്ടാരേ
നാനൂതിടാമൽ ലോകം
എങ്കുമില്ലെന്നോറും.

ഉറുമ്പു വരിയെല്ലാമും
ഉടക്കുമാറ്റിപ്പോവാൻ
ഊതിടാനെന്നുൺമൈ
ഉറക്കിലോതിയതാലേ.

ഉറുക്കുമേലെ തൊട്ട്
മന്തിരിപ്പേനെന്റ്രാൽ
ഇന്തലോകം മായും
ഉറമ്പു ലോകം വാഴും.

ഉറമ്പുകൾക്കെല്ലാമേ
ഊട്ടിവിട്ടേനെന്നാൽ
ഉങ്കൾ മേലെ കോപം
ഉലകുനായകർ നീക്കും.

കേട്ടുനിൽപ്പവർയെല്ലാം
മനംതുറന്ന് തേടും
ഉറുമ്പുകൾക്കെല്ലാമേ
മധുരമൂട്ടാൻ നേരും.

ഊതുന്നോറ് നടന്നാ
ഇടിഞ്ഞ കോലാലെത്തും
ഇരുന്നിരുപ്പിലുറങ്ങും
കിനാവിലാണ്ടു ചിരിക്കും. ​▮


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments