പുരപ്പുറത്ത്
കറുകറുത്ത് തുലാമഴ
ചുഴിക്കാറ്റിൽ
ഉലഞ്ഞാടി പിലാവ്
മുറ്റത്ത്
പൂക്കളില്ലാ ചെടികൾ
നടവഴിയിൽ വെള്ളക്കെട്ട്
പറമ്പിൽ കൺമിഴിച്ച്
പടുമരങ്ങൾ
വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് ബോട്ടിലിൽ,
വെറുതെയിട്ട മരപ്പലകയിൽ,
ഒഴിഞ്ഞ പാത്രത്തിലൊക്കെ
മഴ പലതരം ഒച്ചയുണ്ടാക്കി
പതിയെപ്പതിയെ
അതൊരു ചെണ്ടപ്പെരുക്കമായി,
കാറ്റിന്റെ കരച്ചിലൊരു തോറ്റമായി
പകലെന്നോ പാതിരയെന്നോ
തീർച്ചയില്ലാതെ
ഒരു ചുവന്ന പൂമ്പാറ്റ
പുരക്കു ചുറ്റും അലറിപ്പറന്നു
മൂന്നാം ചുറ്റിൽ
അതിന്റെ ചിറകുകളഴിഞ്ഞ്
മഴ വെള്ളത്തിൽ ഒലിച്ചുപോയി
▮