മിത്ര നീലിമ

സായിപ്പിന്റെ സ്‌കൂൾ

ദാമ്മ പൂട! മദാമ്മ പൂട!
ബ്രിസ്റ്റോ സായിപ്പിന്റെ കപ്പലേന്ന്‌ കൊണ്ടുവന്ന വെളുത്ത പഞ്ഞി പോലത്തെ
മുട്ടായി ഒരെണ്ണം മുണുങ്ങിയേച്ചും
മേരിദാസി ഒതുക്കത്തി പറഞ്ഞു.
കണ്ണമാലിക്കാരി അന്നക്കുട്ടി
നീ എന്നാ വൃത്തികേടാടീ പറേണെന്നും
പറഞ്ഞു അടക്കി ചിരിച്ചു.
സായിപ്പിന്റുസ്‌കൂളിലെ ഏഴ് ബി യിലെ
മേബിള് മേന്റം ഹാജരു ബുക്കുമായി
വന്ന നേരത്തായിരുന്നു
പെണ്ണുങ്ങടെ ബെഞ്ചിലെ കുണുങ്ങല്.
അന്നേരം
ഏത്തപ്പഴത്തിന്റെ കുരു ചാടിപ്പോയ
കഥ പറഞ്ഞോണ്ടിരുന്ന
ആമിനക്കുട്ടിക്ക് മുള്ളാമ്മുട്ടി.
കൂട്ടത്തി കട്ട് മുട്ടി എന്നും പറഞ്ഞു
അന്നക്കുട്ടിയും മേരിദാസിയും
ഒപ്പം പോയി.
സായിപ്പിന്റെ സ്‌കൂളിലെ
മൂത്രപ്പൊരെലെ കെട്ട വാട
അഞ്ചാറ് വാല അകലേന്നു തന്നെ
അറിയാമെന്നു വാർഫുകാര്
പറയുവാരുന്നു.
മൂന്നുപേരും കൂടി തുള്ളിക്കൊണ്ട്
മുള്ളാൻ പോയ നേരത്താണ്
തൊടക്കിട്ട് പിച്ചുന്ന സേവ്യർ സാറ് മൂത്രപ്പൊരേന്റടുത്തു പതുങ്ങുന്ന കണ്ടത്.
തങ്കിപ്പള്ളി മാതാവിന് അന്നേരം തന്നെ അന്നക്കുട്ടി മെഴുകുതിരി നേർന്ന്.
ബ്രിസ്റ്റോ സായിപ്പ് അവിടങ്ങാനും
ഉണ്ടാരുന്നേൽ
ഇയാക്കടെ കഥ കഴിച്ചേനെന്ന്
മേരി ദാസിയും മുറുമുറുത്തു.
നാറി!
സായിപ്പ് കെട്ടിയ പണ്ടാരക്കെട്ടുകൾ
മുഴോനും കടലെടുത്തോണ്ട് പോട്ടെന്ന് ആമിനക്കുട്ടി പ്രാകി.
അന്നേരം
പെണ്ണുങ്ങടെ മൂത്രപ്പുരക്ക്
ഹെഡ്മാഷുടെ കാവൽ എന്നാത്തിനാ
ടീച്ചറേന്ന് ചോദിച്ച വിനോദിനിട്ട്
മേബിളുമേന്റം ഒരെണ്ണം ചാമ്പി.
അന്നേരം
സായിപ്പിന്റെ സ്‌കൂളിൽ പഠിക്കാൻ ചേർന്ന
വാത്തുരുത്തിയിലെ
പൂങ്കൊടിയും മണിമാലയും
തുടയിലെ ചോന്ന പാട്
പരസ്പരം കാണിച്ചു.
അന്നേരം
മെറ്റിൾഡ ടീച്ചർ പ്ലസ് സേവിയർ സാർ
എന്ന് സ്‌കൂൾ മതിലേല്
എഴുതിക്കൊണ്ടിരുന്ന
ആന്റപ്പന്റെ മുതുകിനിട്ട്
ആ വർഷവും എസ്.എസ്.എൽ.സി ക്ക്
സംപൂജ്യരായതിന്റെ പടക്കം
കണക്കുസാറ് പൊട്ടിച്ചു.

സായിപ്പിന്റെ പ്രേതം കപ്പലേക്കേറി പോയാലെ
സ്‌കൂള് ഗതിപിടിക്കത്തൊള്ളൂന്ന്
മെറ്റിൽഡ ടീച്ചർ
ഡ്രില്ലിന്റെ ഇടക്ക് പറഞ്ഞ നേരത്തോട് നേരത്താണ്
ടീച്ചറിന്റെ
തിരുനെറ്റിക്ക്തന്നെ
ഷിബുക്കുട്ടൻ ഫാസ്റ്റ്ബൗളിംഗ് നടത്തീത്.
പെണ്ണുമ്പിള്ള അന്നേരം തന്നെ മലച്ചു.
അന്തിക്രിസ്തു ഇതുങ്ങളേം
കൊണ്ടേ പോകൂന്ന്​
സായിപ്പ് കുരിശു വരച്ചു.

പിന്നേം പെരുമാനൂർന്ന് വൈപ്പിനിലേക്ക്
ബോട്ടെത്ര പോയി.
കായലിലെത്ര വെള്ളം ഒഴുകി.
കായൽപ്പോളകളെത്ര
ഓർമകളെ നീരോഴുക്കി.
ബ്രിസ്റ്റോ സായിപ്പ് പടം മടക്കി
അടുത്ത കപ്പല് പിടിക്കാൻ
എംമ്പാർക്കേഷൻ
ജെട്ടിയിലോട്ടാഞ്ഞു നടന്നുതുടങ്ങി.

Comments