എൻ.ഇ. സുധീർ

ചരിത്ര വഴി

ഞാൻ ചരിത്രപുസ്തകത്തിനടുത്തിരിക്കുകയായിരുന്നു.
പെ​ട്ടെന്ന് ചിലർ വന്ന്
അതിലെന്തൊക്കയോ മായ്ച്ചുകളയാൻ തുടങ്ങി

ഞാൻ ഞെട്ടലോടെ പിടഞ്ഞെഴുന്നേറ്റു
പുസ്തകം എന്നെ നോക്കി ചിരിച്ചു.
വീണ്ടും കൂടെയിരിക്കാനാവശ്യപ്പെട്ടു

‘ഇതിലെനിക്കെന്ത് പുതുമ?
ഞാനിതെത്ര കണ്ടതാണ്?
സത്യത്തിൽ ഞാനൊരു തുറന്ന പുസ്തകമാണ്.
മായ്ച്ചുകളയാനും കൂട്ടിച്ചേർക്കാനുമായി
ഞാനെന്റെ പേജുകളങ്ങനെ തുറന്നിട്ടിരിക്കുകയല്ലേ
എന്റെ പേജുകളെ ഭയക്കുന്നവർ എന്നെത്തേടി വന്നുകൊണ്ടേയിരിക്കുന്നു.
ഞാനവർക്ക് വഴങ്ങിക്കൊടുക്കുന്നു
വിജയികൾ വെട്ടിത്തിരുത്തിയെഴുതിയ
കെട്ടുകഥകളുടെ പുസ്തകമാണ് ഞാൻ
ചരിത്രത്തിന് എന്നെയാവശ്യമില്ല.
ചരിത്രത്തിൽ ഉറച്ചവർക്കും'

ഞാൻ ചരിത്രപുസ്തകത്തെ കേട്ടുകൊണ്ടിരുന്നു.
എന്റെ മൗനം കണ്ട് പുസ്തകം വീണ്ടും പറഞ്ഞു.

‘നിങ്ങൾ മൗനം വെടിയുക
മൗനം അടിമകളുടേതാണ്
അത് ജനാധിപത്യവിരുദ്ധമാണ്
അതിനാൽ നിങ്ങൾ
എന്നിൽ നിന്ന് ഇറങ്ങി നടക്കുക
ചരിത്രത്തിലേക്ക് മടങ്ങുക
അന്വേഷിച്ചുകൊണ്ടേയിരിക്കുക
ശബ്ദിച്ചുകൊണ്ടിരിക്കുക
ചരിത്രത്തിനു വേണ്ടി'

അപ്പോഴും
മായ്ച്ചവരുടെ വിജയാരവം മുഴങ്ങുന്നുണ്ടായിരുന്നു.
എനിക്കവരോട് സഹതാപം തോന്നി
ഞാൻ ചരിത്രത്തിലേക്ക് മടങ്ങി.
മായ്ക്കപ്പെട്ടവർക്കു വേണ്ടി
മായ്ക്കപ്പെടാനാരിക്കുന്നവർക്കുവേണ്ടി
​▮


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments