കളിച്ചു കൊണ്ടിരുന്ന
കുട്ടി
തൊടിയിലെ മണ്ണിൽ
ഉറച്ചു പോയ കല്ലുകളെ
ഓരോന്നായി
ഉന്തിയുന്തി മറിച്ചിട്ടു.
ചിലതിന് ചോട്ടിൽ
ഉറുമ്പുകൾ
അവയുടെ അരിമണി മുട്ടകൾ
ചിലതിന് ചോട്ടിൽ
ചിതൽ പുഴുക്കൾ
അവയുടെ നെട്ടോട്ടം.
മറ്റു ചിലതിനു ചോട്ടിൽ
എട്ടുകാലികൾ
അവയുടെ
ഉണങ്ങിയ പശ.
തേരട്ടകൾ,
ഞാഞ്ഞൂലുകൾ,
കറുത്ത പല്ലിക്കുഞ്ഞുങ്ങൾ,
ഓന്ത്, പഴുതാരകൾ
കല്ലുകൾക്കടിയിൽ
യുഗങ്ങളുടെ
വെയിലും നനവും കലർന്ന് ...
കൗതുകത്തോടൊപ്പം
കുട്ടിയും
കല്ലിനു ചോട്ടിലേക്കൊഴുകുന്ന
വിചാരം
എന്നെ വരിഞ്ഞു.
എന്റെ പേടിയുടെ ഹൃദയം
കല്ലുപോലെ കനത്തു.
▮