​രോഷ്​നി സ്വപ്​ന

മൗനത്തിൽ നിന്ന്
ഒരു കരിങ്കൽ ചീള്
കുതറിത്തെറിക്കും പോലെ
നീ
ജനിച്ചു

പൂർണ ശരീരനായി...

കൈ കാൽ വിരലുകളും
മുലകളും
അരക്കെട്ടും
ലിംഗവും
ഉടൽ രോമങ്ങളും അഴിച്ച് വച്ച് നഗ്‌നനായി നീ എന്നിലേക്ക് വന്നു

ആഴത്തിൽ വേരോടിയ
കടലായി മാറി ഞാൻ.

നിന്റെ മുടിയിഴകൾ
നീണ്ട കാട്ടിലകൾ പോലെ ഇളകിയാടി.
പച്ചയിൽ
ഇടകലർന്ന
ഹൃദയമിടിപ്പുകൾ പോലെ
ഓരോ മുടിയിഴയും
എന്നെ തൊട്ടുഴിഞ്ഞു.

ഉടലും ഞരമ്പുകളും കുത്തിയൊലിച്ചു.
ഒരാൾക്കൂട്ടം ഒലിച്ച് പോയി.

എന്നിൽ
മുങ്ങിനിവർന്ന
നിന്റെ വിരലുകൾ
മണ്ണടരുകളിൽ നിന്ന്
പഴുത്തിലകളെയും
നിലാവിനെയും
കോർത്തെടുത്തു

നീ ഉരുവം കൊള്ളാത്ത
എന്റെ അടിവയറ്റിൽ
ഒരാകാശം കത്തിപ്പടർന്നു.

ഏകാന്തത
എന്റെ നാഭിയിൽ
പച്ചകുത്തി

മനുഷ്യർക്കിടയിലെ
വിടവുകളിൽ
കടൽ എന്ന
ചിത്രം വരക്കുകയായിരുന്നു
ഞാൻ

ഏകാന്തത നീയാണ്

മനുഷ്യരെ
നാട് കടത്തിയ
ഇടത്തു നിന്ന്
ഒരു പക്ഷി
നിന്നെ കാണാൻ എത്തി.

നീ എന്റെ അടിവയറ്റിൽ
ഒളിച്ചു.
ഞാൻ നിന്നെ
നിറങ്ങളിൽ പൂഴ്ത്തി വച്ചു

വെളുത്ത മുല്ലകളും ...
ഇളം മഞ്ഞപ്പാലപ്പൂക്കളും കള്ളിമുള്ളുകളും
കൂരകളും
കുപ്പകളും
കാറ്റും മഴയും
പൂവും പൂമ്പാറ്റയും
കാടും കടലും
കായലും കലർന്ന നീ...

തുടുത്ത നിന്റെയുടൽ
എന്നിലേക്ക് കുതറി.

നിന്റെ ചുണ്ടുകളിൽ മുലപ്പാൽമണത്തു.

വിവസ്ത്രമായ ഭൂമി.

മീനുകൾ ചേക്കേറുന്നതും
മരങ്ങൾ കാറ്റാവുന്നതും
വിരലുകൾ കൊടുങ്കാറ്റാകുന്നതും ഞാനറിഞ്ഞു.

നിന്നെ അടിവയറ്റിൽ ഒതുക്കാൻ
ഞാൻ വീണ്ടും ഒരു
പക്ഷിയായി.

ഉടലും ജീവനും പേരും
ക്ഷണ നേരത്തിൽ മാറുന്ന
എന്നിൽ
നീ
വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്തു.

ഭൂമിയിൽനിന്ന്
ഉയർന്നുപൊങ്ങിയ
അനേകം
ശവശരീരങ്ങളിൽ
എന്റെ ജീവൻ
കലർന്നു.

നീ
എന്റെ ആത്മാവിനെ ചുട്ടെടുത്തു.
എന്നെ നിന്റെ ശിരസിൽ ഒളിപ്പിച്ചു
ഞാൻ എന്റെ ചോരിവാ തുറന്നു.
​ നീ നിന്റെ ആൺമുല ചുരന്ന്
എന്നെ ഊട്ടി.

ഭൂമിയിൽ നിന്റെ
ഏറ്റവും വലിയ രഹസ്യമായി
ഞാൻ വെളിപ്പെട്ടു.

മൗനത്തിൽ നിന്ന് വീണ്ടും
ഒരു കരിങ്കിൽ ചീള് കുതറി തെറിച്ചു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments