സാജോ പനയംകോട്​

എ എന്ന കന്യാസ്ത്രീ

ന്നുമെപ്പോഴും ഒരു നീരസം തോന്നീരുന്നു.
പുറംതോട് മാറിയുടുക്കാൻ
എന്തുമാത്രം പൂക്കൾ ഇലകൾ
മരങ്ങൾ വനങ്ങൾ...

അങ്ങനെയാണ് മണവാട്ടി
ഉടുപ്പുകളായ ഉടുപ്പുകൾ
ഊരാനുമിടാനും പഠിച്ചത്.

ആർത്തവം നനച്ചതും
വറ്റിയതുമായ അടിവസ്ത്രങ്ങളുടെ അയ മുറുക്കിയ
നോവേന.

ചൂടു പഴമ്പൊരിയുടെ
എണ്ണ മണമാണവൾക്കെന്ന്
ചിലർ പറഞ്ഞു തുടങ്ങീട്ടുണ്ട്.
ചിലരോ ചൂട് വീഞ്ഞെന്നും .

സംസാര രീതികളിൽ
ചില മൃഗങ്ങളെ
ഉൾക്കാഴ്ചയോടെ ചുരുക്കിപ്പറയാനും
മലർന്നു കിടക്കുന്ന ഭാഷയിൽ
ചോരകൊണ്ട് മാറ്റം വരുത്താൻരുത്താനും
ശീലിച്ചു കൊണ്ടിരുന്നവൾ, തിരുവസ്ത്രം മൂടി കൊന്തയുടെ കരുക്കിലുരുണ്ടുരുണ്ട്.

പ്രാർത്ഥനകൾ
അവധിയെടുത്ത് കറങ്ങാനിറങ്ങും നേരം
അവൾക്കറിയാം ഇത്
മുടിയിഴ ചുറ്റിയ ഒരു ചീർപ്പിൽ നിന്ന്
നേർത്ത ഒരു ലോകത്തെ
വലിച്ചൂരിയെടുക്കാൻ
നഖം കൊണ്ടൊരു പോസ്റ്റുമോർട്ടമെന്ന്.

ഉഷ്ണിച്ചു താറുമാറായ പാവനമായ
ഒരു രാത്രിയെയവൾ
എന്റെ പ്രണയമേയെന്നാണ് വിളിച്ചത്.

അതേ രാത്രിയിൽ നിന്നിറുത്തെടുത്ത
ഒരു കിനാവള്ളി അവളുടെ മുലകളിൽ
ചതഞ്ഞു കിടക്കുന്നു.
അതും ഒരു പെണ്ണായിരുന്നു.
എന്ത് പേരിട്ടു വിളിക്കുമെന്നവൾ ശങ്കിച്ചു.
എട്ടാം ക്ലാസ്സിലെ ബയോളജി ടീച്ചർ രാധ
പനിക്കു മരുന്നു തന്ന ഡോക്ടർ റസിയ
മദർ സുപ്പീരിയർ റീത്ത....

ചിറകിൽമേൽ ചിറക് ചേർത്ത്
മൈഥുനം ചെയ്യുന്ന ശലഭങ്ങളെ
അവൾ വേട്ടയാടി.

ഇനി ജീവിക്കാൻ കഴിയുമെന്ന്
അവൾക്ക് തോന്നിത്തുടങ്ങി.
തോന്നൽ
അതാണല്ലോ...

വളർന്നത്
ഇരുമ്പ് കമ്പികൾ കൂർപ്പിച്ച വീട്ടിലല്ലോ
അമ്മ ശോശാമ്മ, പനയിലാണിതറച്ച്
ഒളിവിൽ പോയ യക്ഷി, യൊരിക്കൽ
ഒരു ചിതൽപ്പുറ്റ് ചൂണ്ടിക്കാണിച്ചിരുന്നു,
പള്ളി പിരിഞ്ഞൊരു ഞാറാഴ്ച
സിമിത്തേരി ചൂണ്ടി.
ചരിഞ്ഞ കുരിശ്ശിലെ പേര് മാഞ്ഞിരുന്നു,
ല്ലേൽ അപ്പനെ തുപ്പാമായിരുന്നല്ലോ.

മനുഷ്യരെ ഇനിയതിജീവിക്കാവുന്ന
വസ്തുവായിയവൾ
കൃഷിയിടത്തിലെ എണ്ണാനാകാത്ത
വിത്തുകൾ പോലെ
കടുപ്പം കൂടിയ ഒരന്വേഷണമായി
കണ്ണിൽ കണ്ണോടിക്കും പോലെ
ഒറ്റയ്ക്കിരുന്ന് ചെസ്സ് കളിക്കുന്ന
കർത്താവിനെപ്പോലെ.

നിരാശപ്പെടാതിരിക്കാൻ
നഗ്‌നയായി നൃത്തം ചെയ്യുന്ന ആയുധമായി
അത് വിപണിയിലില്ല
അവർ അത് കണ്ട് കുർബ്ബാനയോതി ക്കൊണ്ടിരുന്നു.
മുള്ളാണിയുടെ വേദനയിലവൾ
ചുവടുകളിൽ
കസാൻദ്‌സാക്കിസിനെയോർത്തു..

ചൂടുള്ള ഭ്രൂണം
ഒരിറക്ക് വെള്ളം ചോദിച്ചതായി ...
ജീസസ് പ്രലോഭിതനായിരുന്നു.

അവളോ
പടം പൊഴിച്ച്
മരുഭൂമിയിലെ സർപ്പകന്യവാഗ്ദാനം

ഒറ്റയ്ക്ക്
വെയിലിൽ...
ചകിതനാം ജീസസ്സ്
വണ്ടി നിർത്തീല്ല.
റോഡ് മുറിച്ചു കടന്നു വരുന്നത്
മഗ്ദലന.

അവർ
ഒരു പാട്ടു പാടിത്തുടങ്ങി.​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സാജോ പനയംകോട്

കവി, തിരക്കഥാകൃത്ത്, ചിത്രകാരൻ. പിമ്പുകളുടെ നഗരത്തിൽ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments