എഴുപത്തി മൂന്നു വർഷം പഴക്കമുള്ള
വലത്തേ കാൽച്ചോട്ടിനു താഴെ, നിറഞ്ഞ സന്ധ്യയ്ക്ക്
ആ പകലിലെ ഉറുമ്പിനെ ഞെരിച്ചുകൊണ്ട്, അങ്ങോർ
സഹോദരീ സഹോദരന്മാരേ എന്ന്
ഉറക്കെ വിളിക്കുമ്പോൾ
സാറ വിറയ്ക്കാൻ തുടങ്ങുന്നു.
അതിർത്തിയിൽ
അത്രനേരവും നിശ്ശബ്ദയായി നിന്ന കുന്ന്, പെട്ടെന്ന്
വാ തുറക്കുന്നത് കാണുന്നു.
കൊക്കിൽ തീ തേയ്ച്ച പക്ഷികൾ
കുന്നിൽ നിന്നും പറന്നു പൊന്തുന്നത് കാണുന്നു.
സാറ പേടിച്ച് വിറയ്ക്കാൻ തുടങ്ങുന്നു.
- സഹോദരീ സഹോദരന്മാരേ…
കച്ചിലെ ചെരുപ്പുകുത്തിയുണ്ടാക്കിയ
സർപ്പത്തലയുള്ള ചെരുപ്പിനു താഴെ, ഒരുറുമ്പ്, ഇതാ
ആനയെപ്പോലെ ഇപ്പോൾ പിടയുന്നു.
- അങ്ങോർ പറയുന്നു.
വന്ന വഴി സാറ മറക്കാൻ തുടങ്ങുന്നു.
വീട്,
വീട്ടുകാർ,
മുറ്റത്ത്
തലേന്നത്തെ കാറ്റ് പുതച്ച്,
ഇപ്പോഴും
ഉറങ്ങുന്ന നാട്ടുനായ,
പാൽക്കാരി,
പത്രക്കാരൻ,
ഇവരെയൊക്കെ
അവൾക്കോർമ്മ വരുമെങ്കിലും,
സാറ,
അവരെ വേഗം വേഗം മറക്കാൻ തുടങ്ങുന്നു.
- എന്റെ സഹോദരീ സഹോദരന്മാരേ…
എല്ലാ ശബ്ദത്തിനും മുമ്പുള്ള ഒരു ശബ്ദം, അതിന്റെ മുതുകിൽ
മിന്നുന്ന കത്തികൾ ചിറകുകളാക്കി കോർത്തുവെയ്ക്കാൻ തുടങ്ങുന്നു.
കുന്നിൽ നിന്നും പറന്നുപോയ പക്ഷികളെ ഇനി കാണാനാകുമോ, കണ്ടാൽ
തിരിച്ചറിയുമോ
സാറ സങ്കടപ്പെടുന്നു.
ആനയുടെ മരണത്തിലേക്കരഞ്ഞ ഉറുമ്പിനെ ഓർത്ത് സാറ സങ്കടപ്പെടുന്നു.
- എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ…
അങ്ങോർ വീണ്ടും വിളിക്കുന്നു.
കടലിൽനിന്ന് മുങ്ങി നിവരുന്ന ഭീമാകാരനായ അണ്ണാനെ കണ്ട്, അതിന്റെ മുതുകിലെ
മൂന്നു നീണ്ട വരകളുടെ
മന്ത്രണം കേട്ട്,
ഉറക്കത്തിൽനിന്ന്
ഞെട്ടിയുണരുമ്പോൾ,
കച്ചിലെ ചെരുപ്പുകുത്തിയെ
ഓർമ വരുമ്പോൾ,
സാറ പേടിച്ച് പേടിച്ച് വിറക്കുന്നു.
അവൾ അവളുടെ സഹോദരന്റെ അരികിലേക്ക് ഉരുണ്ടുചെല്ലുന്നു
നീ എന്താണ് എന്നെ വിളിക്കുക, സാറ അവളുടെ സഹോദരനോട് ചോദിക്കുന്നു.
രാത്രി അവരെ ഒന്നുകൂടി പേടിപ്പിക്കുന്നു.