ഷീബ ദിൽഷാദ്​

അയൽക്കാരൻ

വീടിന് തൊട്ടു ചേർന്ന് ഒരൊഴിഞ്ഞ
പുരയിടമുണ്ട്,

മഴ നിറഞ്ഞ വൈകുന്നേരങ്ങളിൽ
കാട്ടുപുല്ലുകൾ സ്ഫടികം പോലെ
തിളങ്ങുന്ന ഒരിടം

അതിന്റെ നടുക്ക്
നിറയെ പൂക്കളുള്ള ഒരു കടമ്പ് മരമുണ്ട്

അതിൽ നിന്ന് പച്ചില പാമ്പുകളിറങ്ങി
വരുന്നതും
ഇണ ചേരുന്നതും
ഞാൻ
ജന്നത്തുൽ ഫിർദൗസിന്റെ
മാന്ത്രികക്കൊട്ടാരം കാണുന്ന
അതിശയത്തോടെ കണ്ടു..

അനാഥനായൊരു ചേരയും
അവിടെയുണ്ടായിരുന്നു

കുട്ടികൾ പാതികടിച്ച പലഹാരങ്ങൾ
രഹസ്യമായി
അവനെറിഞ്ഞു കൊടുത്തു

അമ്മമാർ
ബാക്കി വന്നതെല്ലാം
അവന് കൊടുത്തു..

അവനെ ഞങ്ങളൊരു
പൂച്ചയെപ്പോലെ വളർത്തി

പച്ചില പാമ്പുകൾക്ക്
അന്യമായിരുന്ന വാത്സല്യം
ഞങ്ങളവന് കൊടുത്തു

പുരയിടത്തിൽ പുതിയ വീട്
വയ്ക്കാനാളുകൾ വന്നു

മരങ്ങൾ മുറിയ്ക്കുമ്പോൾ
പച്ചിലപ്പാമ്പുകൾ
പറന്നും നീന്തിയും മണ്ണിന്റെ
രഹസ്യവാതിലുകളിലൂടെ
അപ്രത്യക്ഷമായി

പുല്ലാനികൾ ഉഴുതു മറിയ്ക്കുമ്പോൾ
പാമ്പിൻ ഗന്ധത്താൽ
കാറ്റ് പുകഞ്ഞു, ചുഴികൾ തീർത്തു

അവന്റെ താമസം
ഇടവഴിയിലേക്ക് മാറി

ഇടവഴി കോൺക്രീറ്റ് ചെയ്യാനും
പൊന്ത വെട്ടിത്തെളിക്കാനും

പഞ്ചായത്ത് തീരുമാനമെടുത്ത
കാര്യം ഞാനവനോട് പറഞ്ഞു

മറ്റൊരു താമസസ്ഥലം നോക്കണം
മതിലുകൾക്കിടയിൽ ഒരു വിടവില്ല

വഴി കോൺക്രീറ്റ് ചെയ്താൽ
ഇതുവഴി വണ്ടികൾ പോകും

നീ വേറെയെങ്ങോട്ടെങ്കിലും പോകൂ

‘ആരെയും നിങ്ങൾ മുൻവിധിയോടെ
സമീപിക്കരുത്
യാഥാർത്ഥ്യം നിങ്ങളെ
ചാട്ട കൊണ്ടടിക്കും '

അവൻ പറഞ്ഞു

അവന്റെ തത്ത്വചിന്തയുടെ പൊരുൾ
എനിക്ക് മനസ്സിലായതേ ഇല്ല

പാമ്പുകളുടെ വംശത്തിലാണ്
ഞാനും പിറന്നത്
വിഷമില്ലാത്തതിനാൽ,
ഞാൻ കടിച്ചാൽ
ആരും മരിക്കാത്തതിനാൽ
നിങ്ങളെന്റെയുള്ളിലെ
പാമ്പിൻസ്വത്വത്തെ പരിഹസിക്കുന്നു
ഭയമാണല്ലോ ആദരവിന്റെ ഉറവിടം
മേൽക്കോയ്മകളും

എനിക്കിത് രണ്ടുമില്ല
നിങ്ങൾ വെട്ടുന്ന വഴിയിൽ ഞാൻ വരുന്നില്ല

പരിഹാസങ്ങൾ പക തീർക്കലാണെന്ന്,
സംഘം ചേരുമ്പോൾ
അതിന് മൂർച്ച കൂടുമെന്ന്
എനിക്ക് മനസ്സിലാവുന്നു

നിങ്ങളുടെ
വംശക്കാരടുത്തെത്തുമ്പോൾ
ഓരോ നോട്ടത്തിലും
ഓരോ കൂട്ടം ചേരലിലും
ഞാനെന്നെ തിരിച്ചറിയുന്നു

രൂപത്തിൽ പാമ്പത്തം
തോന്നുന്നത് എന്റെ കുറ്റമല്ല

ചേരയായിപ്പിറന്നത് മനഃപൂർവ്വവുമല്ല

ഞങ്ങളുടെ ഇടങ്ങളിലേക്കുള്ള
നിങ്ങളുടെ അധിനിവേശങ്ങൾ
ഞങ്ങളെ പ്രകോപിപ്പിക്കില്ല

ഞങ്ങൾ ഒഴിഞ്ഞു പോവുകയേ ഉള്ളൂ

അന്ന് രാത്രി മുതൽ
അവനെക്കാണാതായി

വളരെക്കാലത്തിനു ശേഷം
പട്ടണത്തിൽ വെച്ചവൻ
വീണ്ടുമെന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു

ഒരു കീരിയുടെ
കുപ്പായവുമണിഞ്ഞ് !​▮


ഷീബ ദിൽഷാദ്​

കവി. അവസാനത്തെ ആകാശവും പക്ഷികളും എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments