സുരേന്ദ്രൻ കാടങ്കോട്

കണ്ടൻ കേളൻ

മീങ്കോവ

വേലിയേറ്റത്തിരയിൽ
വലിച്ചെറിഞ്ഞ ചൂണ്ട
നൃത്തം വെച്ചിറങ്ങുന്നു
പുഴയാഴത്തിൽ മെല്ലെ മെല്ലെ.

അണിയത്തൊരു നീർക്കാക്ക
അമരത്തുജ്ജ്വല പുഴജീവിതം
കൈത്തുഴയാൽ നീങ്ങുന്നു
വെയിൽ മിന്നിക്കും
ദൃശ്യചാരുത!

വെള്ളിക്കുപ്പായമിട്ടവ
തുള്ളിച്ചാടുന്നു പാത്തിയിൽ
വെള്ളമിത്തിരി ചേർക്കുന്നു
തുള്ളി അന്ത്യോദകമെന്നപോൽ.

കണ്ണി ഇരിപ്പലകയിൽ ചുറ്റി
പാന്തം പല്ലാൽ പകുത്ത്
മാലയാക്കി ചാർത്തുന്നു
നോങ്ങോലുകൾ, ഏട്ടകൾ.

കടൽ കനൽഛായ പേറുമ്പോൾ
മടക്കം ഉപ്പുപറ്റും രൂപമായ്
മീങ്കോവ ഏറ്റിവരും
കണ്ടോ,കണ്ടൻകേളനവൻ!

തോറ്റം

കുന്നിൻമോളിലെ ചാപ്പയിൽ
കുഞ്ഞുറാന്തൽ തെളിച്ചത്തിൽ
കണ്ടൻ പാടും പാട്ടുകൾ
തോറ്റം പാട്ടുകൾ തോരാതെ.

ഏറ്റുപാടി തോറ്റമ്പി
കുറുക്കൻമാർ തളർന്നീടും
കണ്ടനമ്പോ തൊണ്ടപൊട്ടി
ശബ്ദപ്രപഞ്ചമാകുന്നു !

പുഴയ്ക്കപ്പുറം അറ നോക്കി
പിന്നെ,കടൽ നോക്കി
മിഴി രണ്ടും
കടലോളം വലുതാക്കി
ചിലമ്പേറി മറിയുന്നു.

ഇതുകാണാൻ കുന്നുണരും
സകലമാന ജീവികളും
കൂടെയാടിക്കുഴഞ്ഞീടും .

പകർന്നാട്ടം കഴിഞ്ഞെന്നാൽ
നെഞ്ചിടിച്ച് മറിഞ്ഞീടും
എയ്യൻപുല്ലിൽ വീണുറങ്ങും
എയ്യൻ വന്ന് മണപ്പിക്കും.

കിളിയൊച്ച തൊട്ടുണർത്തൂം
കുന്നിലെ വറ്റാത്ത കുളം മുങ്ങും
കട്ടനൂതും പുകച്ചീടും
കുന്നിറങ്ങി,കായലോര മണ്ണിളക്കും,
ചിരട്ടയിൽ മണ്ണിരകൾ
പുളഞ്ഞു ചുരുണ്ടീടുന്നു.

എഴുപത്തിയഞ്ചിലെ ഒരു തെയ്യം

കുഞ്ഞമ്പു പണിക്കരുടെ
കുഞ്ഞുമോനാ കണ്ടൻ കേളൻ
പതിനാറാം വയസ്സില്
തെയ്യമായ് അരങ്ങേറ്റമായി.

വെറ്റിലക്കെട്ടേറു വാങ്ങി
തട്ടും വടിയും വീശി വീശി
നിറഞ്ഞു മറന്നാടി
അറമുറ്റം പൊടിപാറ്റി.

കണ്ടിട്ടില്ലിങ്ങനെ
ഊർജ്ജത്തിന്റെ കുത്തൊഴുക്ക്
പണിക്കരെ വെല്ലും
ഉശിരൻ കോലമെന്ന്
വാഴ്​ത്തുകൾ വണക്കങ്ങൾ.

അണിയലങ്ങൾ അഴിച്ചപ്പോൾ
അന്തിയായി ചെങ്കതിർ വീണു
കോപ്പുകൾ ചുമലേറ്റി
കൂട്ടരുമായ് തോണികേറി.

അന്നുകിട്ടിയ ചെമ്പട്ട്
കഴുത്താലെ ചുറ്റിയിട്ട്
തൊട്ടുതൊട്ട് വിരാജിച്ച്
പുളകിതനായ്.

കടവിറങ്ങി ചൂട്ടുകാട്ടും
നേരത്തല്ലോ
കണ്ണഞ്ചും ടോർച്ചിൻ വെട്ടം
വിസിൽ മുഴങ്ങുന്നു!

ചെമ്പട്ട് ചുറ്റിയിട്ട
കണ്ടനെ കണ്ടവർക്കു
ചോപ്പുകണ്ട
കാളയെപ്പോൽ മദമിളകി.

തോണിയേറി രഹസ്യങ്ങൾ
കൈമാറും സഖാക്കളെ
കാത്തിരുന്ന ബൂട്ടുകൾക്ക്
കുശാലായന്ന്.

തെയ്യക്കോപ്പുകൾ വീണിട്ടോ
ചോരത്തുള്ളി പൊടിഞ്ഞിട്ടോ
പുഴയന്ന് ചെമന്നെന്ന്
നക്ഷത്രങ്ങൾ പറഞ്ഞത്രെ!

തല്ലിക്കൊല്ലല്ലേയെമാനേ....
തെയ്യക്കാരനെന്നു മിണ്ടുമ്പോൾ
ചോപ്പു ചുറ്റിയ തുള്ളലിനി
വേണ്ട പട്ടീയെന്നിടിവെട്ടി.

അന്നുതൊട്ടേ എടുത്തതാ-
യിനി കോലമില്ലെന്ന നിശ്ചയം
ഒറ്റത്തടിയായി കുന്നുകേറി
കുന്നും പുഴയും
ചേർത്തുവെച്ചു..

കണ്ടൻ കേളൻ കുന്ന്

നിലാവിലൊരു തീപ്പന്തം
ഉഗ്രവിളി വരവിളി
തെയ്യമതാ ഉറയുന്നു
കുന്നു കുലുക്കി തുള്ളുന്നു...

കുന്നിടിക്കാൻ വന്നതല്ലേ
പാതിരാത്രീല് ലോറിക്കാർ
അന്നു കണ്ടു പനിച്ചു
പിന്നെ,യിങ്ങ് കണ്ടതില്ല !

ചെണ്ടക്കൂറ്റു മുഴങ്ങുന്നു
ചൂട്ടുവെട്ടം മിന്നുന്നു
ചിലമ്പൊലി പൊങ്ങുന്നു
ചെമ്പട്ടണിയുന്നു.

മരക്കലമേറി വരുന്നുണ്ടേ
തെയ്യക്കൂട്ടമിപ്പോഴും
കണ്ടൻ കേളന്റെ നൃത്തം,
കണ്ടു, കൂടെയാടീടാൻ .

കണ്ടൻ കേളൻ കുന്നെന്നു
പേരുവീണ കുന്നിന്നും
കുന്നായിരിക്കുന്നു
കുളിരായിരിക്കുന്നു. ▮

പാത്തി- ചെറിയ തോണി പാന്തം- ഓലമടലിന്റെ നാര്​


സുരേന്ദ്രൻ കാടങ്കോട്

കവി. അധ്യാപകൻ. വയ​ലോർമ, ഐസുവണ്ടിക്കാരൻ, കടലിനും കവിക്കുമിടയിൽ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments