‘വിധിയായി വിധിയായി
ഒടുവിലെ വിധിയായി
മണവാളന്‍ മേഘത്തിന്‍
രഥമേറി വരവായി’
എന്ന്
വലിയെടുക്കുന്ന ഇടവേളയിലപ്പാപ്പന്‍
ചുണ്ടറിയാതെ പാടിക്കൊണ്ടിരുന്നു
'ഇതെന്നാ കാണാനിരിക്കുവാ അപ്പാ,
ചാറ്റലും കൊണ്ടീ ബാല്‍ക്കെണീലെന്ന്'
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്ന മരുമോള്
കുലുക്കി കുലുക്കി ചോദിച്ചിട്ടു കുളിക്കാന്‍ പോയി.
അപ്പാപ്പനപ്പോള്‍
ചൊമന്ന കണ്ണുരുട്ടി
വലിച്ച കഞ്ചാവിന്റെ പുകച്ചുരുളില്‍
ആന- മയില്‍- ഒട്ടകരൂപങ്ങള്‍
തെറുത്തുവിട്ടു.
ഏലമ്മച്ചി മീന്‍വറ്റിച്ചതിന്റെ ഓര്‍മ്മയില്‍നിന്നും
പുളിയെടുത്തു കളഞ്ഞപ്പാപ്പന്‍ തലകുടഞ്ഞു.
കരനെല്ലുംകണ്ടത്തില്‍ ഉറവയിട്ടതില്‍നിന്നും വാളയെ വെട്ടിപിടിക്കുന്നൊരു പഴയകാല ചിത്രത്തീന്നപ്പം
അപ്പാപ്പന്റെ ഉടലാകെ
കുളിരുകോരി.
മീനച്ചിലാറ്റിന്റെ കരക്കിരുന്നപ്പാപ്പന്‍
അകലെ മലബാറെന്ന
തേനും പാലുമൊഴുകുന്ന കാനാന്‍ ദേശം കണ്ടു;
കണ്‍നിറഞ്ഞൊരു മഴവില്ലും.
പൊക പടരവേ
കണ്ണടച്ചപ്പാപ്പന്‍ കടലേറിവരുന്നൊരു തോണികണ്ടു.
'പത്രോസേ, വലത്തോട്ടറിയെടാ വല,-യെന്റെ
വകതിരിവില്ലാത്തോനേ' എന്ന്
ഗുരു പറയേണകേട്ടപ്പോ
പോകയൊക്കെ വകഞ്ഞോണ്ട്
കരിങ്കല്ല് കീറിയിട്ടേക്കണ മുറ്റത്തൂടെ
പെരുവണ്ണാമുഴി ഡാമിന്റെ ഷട്ടറും പൊക്കി
പുഴപാഞ്ഞു വരുന്നതപ്പാപ്പന്‍
പകല്‍പോലെ കണ്ടു;
വഞ്ചിപോലെ വളഞ്ഞും
വാക്കത്തിപോലെ വീശിയും
വരാല് ചാടുന്നത് റൂഹാനെ അറിഞ്ഞു.
കുടിയേറ്റകാലത്തെ കരുത്തിലപ്പാപ്പന്‍
കുതികാലില്‍ വളഞ്ഞു:
'പള്ളികണ്ട് കബറ് കണ്ട്
തച്ചുടച്ച വാളുകണ്ട്
നീട്ടിച്ചവിട്ടി ചാടികുറുകി
കാറ്റിലിളവന്‍ മറിയുന്നേന്ന്'
നീട്ടിപ്പാടി
തലേക്കെട്ടഴിച്ച്
കുറുമുണ്ട് ആരേലോട്ട് ചുറ്റി
എറമ്പടീന്നൊരു ആരുവാക്കത്തി വലിച്ചെടുത്തെന്ന വിചാരത്തില്‍
മുറ്റത്തോട്ടൊരു മുങ്ങാകുഴിയിട്ടു.
പെട്ടെന്ന് ഭൂമിയിരുണ്ടു,
ആകാശം തുറക്കപ്പെട്ടു,
'എന്റെ പള്ളീന്നൊരു' നീട്ടിയ നിലവിളിയുണ്ടായി.
കിട്ടി കിട്ടി കൊണ്ടുവാ കൊണ്ടുവാ എന്ന്
ഒറ്റേം പെട്ടേം അടിക്കാന്‍ കപ്യാരോട് പറയെണ്ടായോ എന്ന്
പള്ളിമണി തിടുക്കപ്പെട്ടു.
അപ്പാപ്പനപ്പോള്‍ തപ്പുകളാലും കിന്നരങ്ങളാലും ആനയിക്കപ്പെട്ട്
വാനമേഘങ്ങളില്‍ ആഗതരായ മാലാഖമാരുടെ ചിറകില്‍
ഭൂമിയിലേക്ക്ക്കിറങ്ങുകയായിരുന്നു.
ഭൂമിതൊട്ട നേരം 'അമ്മച്ചീ' എന്നൊരു വിളിയുണ്ടായി.
പിന്നെല്ലാരുംകൂടി പെറുക്കിയെടുക്കുമ്പോളപ്പാപ്പന്‍
ചുണ്ടേന്ന് ചുരുട്ട് തെറിച്ചുപോയേന്റെ കലിപ്പില്‍
ചുറ്റുമുള്ളോരേ നീട്ടി പ്രാകി-
'ഏലമ്മേടീ, ഞാനെത്തീടീന്ന്' നീട്ടി നിലവിളിച്ചു.
അപ്പാപ്പനെ കൂട്ടാന്‍ ഏലമ്മാമ്മ പറഞ്ഞുവിട്ട മാലാഖ
മങ്ങിയൊരന്തി വെളിച്ചത്തില്‍
ചെന്തീയുമായി വരുന്നകണ്ടപ്പോള്‍
'ഊമ്പിയപ്പാ വരാലുപോയി, ഊമ്പിയപ്പാ വരാലുപോയി'ന്ന്
ലുത്തീനിയാക്കുത്തരം പോലെ ഉരുവിട്ടോണ്ടിരുന്ന അപ്പാപ്പന്‍
ഒടുക്കം,
'തെറുത്തതൊക്കെ തീര്‍ന്നോടാ മൈ*'
എന്ന ചോദ്യത്തില്‍
അല്പം തീ ചോദിച്ച്
തീപോലെ ചുവന്നുപോയ കണ്ണടച്ച്
നിത്യസമ്മാനത്തിനായി യാത്രയായി.
ലീവെടുത്തുവന്നോരും
ലീവെടുക്കാന്‍ നിന്നോരും
അപ്പാപ്പന്റെ ഒസ്യത്തില്‍ പേരു കാണാഞ്ഞ്
'ഊമ്പിയപ്പാ വരാലുപോയി, ഊമ്പിയപ്പാ വരാലുപോയി'-ന്ന്
ഒപ്പീസിന് ഒപ്പം പാടി.
'അവറാച്ചന്‍ (94)
കുണ്ടൂപ്പറമ്പില്‍.
ഞാന്‍ നല്ലവണ്ണം ഓടി
എന്റെ ഓട്ടം പൂര്‍ത്തിയാക്കി'
എന്ന് മരിച്ചറിയിക്കല്‍ കാര്‍ഡില്‍ കണ്ടപ്പോള്‍
'മൈ**ണെന്ന്'
നാട്ടുകാരുടെ ചുണ്ട് കോടി.