ഇമ്മാനുവേൽ മെറ്റ്ൽസ്.

പൂക്കളുടെ
പശ്ചാത്തലത്തിൽ
ഒരു ദേശം

പൂക്കൾക്കിടയിൽ നിൽക്കുമ്പോൾ
കണ്ടുപോന്ന
നാടുകളെക്കുറിച്ചാണ്
പക്ഷികൾ ചിന്തിക്കുന്നത്,
അപ്പോഴൊക്കെ
നമ്മളും.
ഭൂപടങ്ങളിൽ അടയാളപ്പെടാത്ത
രാജ്യങ്ങളുണ്ടോ എന്ന് അവയോടുതന്നെ
ചോദിക്കണം.
മണ്ണിന് അതിരുകളില്ലാത്ത
നാടുകൾ,
വേരുകൾക്ക് തിരിച്ചറിയൽ രേഖകളോ
പൂക്കൾക്ക് വംശാവലികളോ
ആവശ്യമായിരുന്നില്ലെന്നതുപോലെ,
മനുഷ്യർ മണ്ണിൽ മനസുകൾ നട്ടുപിടിപ്പിക്കുന്ന നാടുകൾ.

കാടുകളിൽ പൂവുകളോട്
അതിന്റെ പൂർവികർ
എവിടെനിന്നു വന്നുവെന്ന്
ആരെങ്കിലും ചോദിക്കുന്നുണ്ടാവുമോ,
വേരുകളുടെ നീളവും നിറവുമളന്ന്,
കൊമ്പുകൾ, ചുള്ളികൾ,
മൊട്ടുകളുടെ പച്ച,
കൊഴിഞ്ഞു പോയവയുടെ മണങ്ങൾ അളന്നും ചൊരിഞ്ഞും വെട്ടുകയോ
വിരട്ടപ്പെടുകയോ ചെയ്യുന്നുണ്ടാവുമോ?
വേരറുത്തു വേവാൻ വിടുന്നുണ്ടാവുമോ?

വെയിൽ,
ചെടികളുടെ പൗരത്വം പരിശോധിക്കുന്നുണ്ടാവുമോ?
എപ്പോൾ വന്നു,
ആരു കൊണ്ടുവന്നു, എവിടെ മുളച്ചു?
കൊമ്പുകളെത്ര? ഇതളുകളെത്ര? എന്നൊക്കെ തിരക്കുന്നുണ്ടാവുമോ?

മഴ
ആരുടെയും പ്രാർത്ഥനകൾ
എണ്ണിത്തിട്ടപ്പെടുത്തിയിട്ടല്ലല്ലോ
വിത്തുകളിലേക്കിറങ്ങിച്ചെല്ലുക.

ഹാ!
കിളികൾക്ക് പ്രതിഷേധത്തിന് ബാനറുകൾ ദൃശ്യമായിരിക്കണം എന്നില്ല.
അവ വേർതിരിവുകൾക്ക് മുകളിലൂടെ,
സ്വതന്ത്രപ്പെടുന്നു.

ഇവിടെങ്ങളിൽ ഞങ്ങളുടെ
തോട്ടത്തിന്റെ അരികുകളിൽ
പൂക്കൾ
ഇപ്പോഴും
വേലിക്കുപുറത്തായിരിക്കുന്നു.

അവയുടെ നിറങ്ങൾ
മാലിയുടെ കളർചാർട്ടിനു പുറത്തു വെട്ടിക്കളഞ്ഞിരിക്കുന്നു
അവയുടെ തായ് വേരുകളുടെ പേരുകൾ മതിലുകളിലെ
പട്ടികകളിലുണ്ടായിരുന്നില്ലപോലും.
ചിലതിന്റെ വേരുകൾ
തലമുറകളായി
അതേ മണ്ണിലായിരുന്നു എന്ന്
കല്ലുകൾ സാക്ഷ്യം പറഞ്ഞിരുന്നു.
എന്നിട്ടും
അവയോട്
അവിടുത്തുകാരാണെന്ന്
തെളിയിക്കാൻ സന്ദർശകർ
ചോദിച്ചുകൊണ്ടിരിക്കുന്നു.

മറ്റൊരിടത്ത്
പെൺപൂക്കൾ
ഇതളുകളുടെ
ഉടമസ്ഥാവകാശത്തിന് പൊരുതുന്നുണ്ടിപ്പോഴും.
അതുങ്ങളുടെ വിരിയലിന്
സമയവും നിയമവും
നിശ്ചയിച്ചവർ
അതിന്റെ വാടലിനെക്കുറിച്ച്
ഒന്നും പറയുന്നതുമില്ല.

തോട്ടത്തിന്റെ നടുവിൽ
ഒരു പഴയ വൃക്ഷമുണ്ടിപ്പോഴും.
അതിന്റെ തണലിൽ
എല്ലാവർക്കും ഇടമുണ്ടെന്ന്
ഒരിക്കൽ
എഴുതിവച്ചിരുന്നു.
കാലം ചെല്ലുന്തോറും
ചിലർ തണലിന്റെ
അവകാശികളായി.
മറ്റു ചിലർ
വെയിലിന്റെ,
വെള്ളത്തിന്റെ,
കാറ്റുകളുടെ.

വൃക്ഷം മാത്രം
അതിന്റെ ഇലകളിൽ
പഴയ വാഗ്ദാനങ്ങൾ
സൂക്ഷിച്ചുവെയ്ക്കുന്നു.

ഇന്നലെ
ചെറിയ പൂക്കൾ
കാറ്റിനോട് ചോദിച്ചു:
ജനിച്ച മണ്ണിൽ
ജീവിക്കാനുള്ള അവകാശം
ആരാണ് ദാനമായി നൽകുന്നത്?

ചോദ്യം
വേലികൾ കടന്നു.
വേരുകളിൽനിന്ന്
വേരുകളിലേക്കു സഞ്ചരിച്ചു.
സ്വാതന്ത്ര്യം
ഒരേ നിറത്തിൽ പൂക്കലല്ലെന്നും
സമത്വം
ഒരേ സുഗന്ധം പരത്തലല്ലെന്നും
നിറങ്ങൾ
ഋതുക്കൾ നൽകുന്ന
ഔദാര്യങ്ങളല്ലെന്നും.

സന്ധ്യയ്ക്ക്,
കാറ്റിൽ വ്യത്യാസമുണ്ടായിരുന്നു.
അതു
പൂക്കളുടെ സുഗന്ധം മാത്രമല്ല,
അവയുടെ ചോദ്യങ്ങളും
വഹിച്ചിരുന്നു.

മരം മുള്ളുകളാഴ്ത്തി പൂവുകളെ കീറികളയുമ്പോൾ,
അന്യരായിപ്പോകുന്നത് എങ്ങനെയാണെന്ന്
കിളികളോടുതന്നെ ചോദിക്കുക.


Summary: Pookkalude paschathalathil oru desham, a malayalam poem by Immanuel Mettles Published in Truecopy Webzine Packet 307.


ഇമ്മാനുവേൽ മെറ്റ്ൽസ്

കവി, വിവർത്തക, ചിത്രകാരി. ഇംഗ്ലീഷിലും തെലുഗിലും മലയാളത്തിലും കവിതകൾ എഴുതുന്നു. ലളിതകലാ അക്കാദമിയിലും മാഹി മലയാളകലാ ഗ്രാമത്തിലും എകാംഗ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

Comments