പോറൽ ഉപേക്ഷിക്കുന്നു

രിടവേള കഴിഞ്ഞു
തമ്മിൽ കാണുമ്പോൾ
പരിചയം പുതുക്കാൻ ഇച്ഛ
ഉടലിൽ പടം പൊഴിഞ്ഞു,
ആദ്യം എന്തു പറയും
എന്നറിയാത്തതിനാൽ
എന്നത്തെയും പോലെ
കൈവിരലുകളിൽ തുടങ്ങി,
കൈവിടൂ, എന്‍റെ കൈകൾ
വിയർക്കുന്നു, ഇതെനിക്ക്
ശീലമില്ല, നടന്നുപോവുമ്പോൾ
കൈകൾ കോർക്കുക
പതിവില്ല, എന്നൊടുങ്ങി
അപരിചിതർ നമ്മൾ
എന്നനുമാനിക്കാത്തവർ
അനേകർ അപരർ
നമുക്കിടയിൽ
അസ്തമയം കണ്ടു
കടൽത്തീരത്തു നിന്നും
കാറ്റാടി മരങ്ങൾക്കിടയിലൂടെ
തിരിച്ചുപോരുന്നു.

മരണമന്ദാരങ്ങൾ നിറഞ്ഞ
ചോല, മഞ്ഞയുടെ നിർമമത
തണുത്തുറഞ്ഞ രാവ്
പകലിൽനിന്ന് വിട്ടുപോവും
കിളികളുടെ ചിറകടികൾ
ജനലടച്ചാലും മുഴങ്ങുന്ന
നിന്റെ മുറി, വാതിലിനിടതുവശം
നീ വളർത്തുന്ന ചെമ്പനീർ ചെടി
തിരക്കിട്ടു പിരിയുമ്പോളുടക്കി
എന്നിൽ കുരുക്കുന്ന മുള്ളുകൾ
പോവരുതേയെന്ന
പതിഞ്ഞ ഈണങ്ങൾ
ഞാൻ പിന്നൊരിക്കൽ
എന്റെ ഉടൽ വിടർത്തി നുള്ളി മാറ്റി.
ദൂരെ നിന്നേ നിന്നെക്കുറിക്കുന്ന
എന്തോ ഒന്ന് ഓർത്തെടുത്ത്- നിൻ
ചിരിയാവാം കൈവിരലുകളാവാം-
ആൾത്തിരക്കേറിയ
തെരുവിൽ ഗോവണി കയറി
ഒരു ദിനം പൂച്ചകൾക്കും
പുസ്തകങ്ങൾക്കുമിടയിൽ നമ്മൾ
വെറും നിലത്ത്  എന്റെ ഇളം നീല സാരി
അഴിച്ചുവിരിച്ച് എന്ത് തിരഞ്ഞുവോ
അതിൻ തിളക്കം മാത്രം
നിലയില്ലാ കടലിൽ
കടൽക്കൊള്ളക്കാർ
കൊള്ളമുതൽ ആദ്യം കൈവശപ്പെടുത്തി
പിന്നീട്  പിടിക്കപ്പെടാതിരിക്കാൻ
ഉപേക്ഷിച്ചപോൽ
നിൻ നെഞ്ചിൽ
എൻ പോറൽ
ഞാൻ ഉപേക്ഷിക്കുന്നു.


സമുദ്ര നീലിമ

എഴുത്തുകാരി. ഒറ്റയ്ക്കൊരു കടൽ, ഭൂമി എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments