പി.വി. സൂര്യഗായത്രി

പോസ്റ്റ്‌മോർട്ടം ടേബിളിലെ പ്രാവ്

നിച്ചനാൾ തൊട്ട്
അവരെന്നിൽ
വട്ടത്തിലൊരു
വലിയ മുറിവുണ്ടാക്കി.

അതിൽ
കുഴിച്ചിട്ട മഴ
പൊക്കിൾച്ചുഴിയിലെ
അവശേഷിച്ച മണ്ണും
കാർന്നുതിന്നുന്നു.

അതിനാൽ
എപ്പോഴും എന്റെയുള്ളിൽ
അതിന്റെ കരച്ചിലും അലച്ചിലുമാണ്,
നിങ്ങളെന്നിൽ
നട്ടുവളർത്തിയ
ഒറ്റപ്പെട്ട മഴയുടെ.

ഒന്നുണങ്ങട്ടെയെന്ന് കരുതി ഞാൻ
വെയിലത്ത് നിൽക്കുമ്പോൾ
ജനിച്ചേറെ വർഷങ്ങൾ കഴിഞ്ഞിട്ടും
അതേ ആളുകൾ തന്നെ
തറച്ചുകയറ്റുന്നു വീണ്ടും
നോവിന്റെ പെരുംസൂചികൾ.

മുറിവിൽ
ഉറങ്ങിക്കിടക്കുന്ന
പുഴുക്കളും ചിതലുകളും
പാറ്റകളും ഉറുമ്പുകളും ഭയക്കുന്നു,
എന്റെ നെഞ്ചിൽ കുറുകുന്ന
പാതിജീവന്റെ ഒറ്റയാൻ പ്രാവിനെ.

അയാൾ അകന്നപ്പോൾ
ആക്കം കൂടിയ മുറിവിൽ
കനത്ത മഴയുടെ മഴു പ്രഹരത്താൽ
മുറിവിൽ മണ്ണിടിയും നേരം
ആഴത്തിലൊരു തൂവെള്ള
തുണിക്കീറ്.

ആരെയാണ് എന്റെ ഹൃദയത്തിൽ
കുഴിച്ചുമൂടിയത്?

ജന്മം തീരാറാകുമ്പോൾ
അടിവയറ്റിൽ
തുന്നിക്കെട്ടിയ മുറിവുപോലെ
പൊടുന്നനെ ഒരടയാളം,
ഏതുവണ്ടിച്ചക്രമുരഞ്ഞ പാട്?

ആരവമടങ്ങിയ
ഹൃദയം.
ഒഴിഞ്ഞ കുതിരാലയം.
ദൂരെയകലും കുളമ്പടി ശബ്ദം
ടക്... ടക്... ടക്...

ഇടിത്തീയിൽ
മിന്നായംപോലൊരു തൂമ്പ
ഇരുട്ടിൽ
ഉയർന്നും താഴ്ന്നും
കിതയ്ക്കുന്നു മണ്ണിൽ.

വഴിവക്കിലെ മരബെഞ്ചിൽ
തനിച്ചിരിക്കുമ്പോൾ
ഒരു ദിവസത്തെക്കൂടി അതിജീവിക്കുന്നു
അമ്മയുടെ ഓർമ്മച്ചൂട് മാത്രം
സ്വന്തമായുള്ള
മധ്യവയസ്കനായ ധനികൻ.

അവസാനത്തെ
ഊർദ്ധ്വനുമായി പടിയിറങ്ങുമ്പോൾ
സകലതിനോടുമുള്ള
അടങ്ങാത്ത പ്രേമത്തിന്റെ
അസ്വാസ്ഥ്യത്തിനിടയിൽ
അന്നാദ്യമായി മുളപൊട്ടി
അസ്ഥിയിലൊരു
കുമിൾപ്പൂ.

ഒന്നുകൂടി
ഒന്നുകൂടി ജനിക്കാനാവണം
പൊക്കിളിൽ ഒരു വേദന.


Summary: Postmortem tablile pravu malayalam poem by P V Suryagayathri Published in Truecopywebzine Packet 287


പി.വി. സൂര്യഗായത്രി

കവി. രജസ്വല, മേരിഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.

Comments