അമ്മു ദീപ

പോയ വർഷത്തിൽ

പോയ വർഷത്തെക്കുറിച്ചാലോചിക്കുമ്പോൾ
ഒരേയൊരു കാര്യമാണ് ഓർമ വരുന്നത്

മൂന്നു തവണ
അത്
വാങ്ങി

ഓഫീസു വിട്ടു വരും വഴി
ഓർത്തുവച്ചു വാങ്ങി

ജീവൻ തുടിക്കുന്ന
ഇളംചൂടുള്ള
കോളിഫ്ലവർ

നുറുക്കിക്കൊണ്ടിരുന്നപ്പോൾ
മകൻ
അടുക്കളയിലേക്ക് എത്തിച്ചുനോക്കി
പുഞ്ചിരിച്ചു

അവന് അത്രയും ഇഷ്ടം

കോൺഫ്ലോർ ചേർത്തു മൊരിച്ചത്
തക്കാളി സോസൊഴിച്ചു വഴറ്റിയത്

അവൻ നൃത്തം ചെയ്തു
സ്പീക്കറിൽ
പാട്ടു വച്ചു

അവന്റെ സന്തോഷം
പോയവർഷത്തെ
മറ്റെല്ലാ ഓർമ്മകളെയും
മായ്ച്ചുകളയുന്നു

എനിക്കാണെങ്കിൽ
കോളിഫ്ലവർ മുറിക്കുമ്പോൾ
വൈദ്യുതാഘാതമേറ്റ പോലെ
വിറ
ഓക്കാനം

മാർക്കറ്റിൽ
കോളിഫ്ലവർ
നിരത്തിവച്ച
തട്ടുകളിൽ നിന്ന്
തല വെട്ടിത്തിരിച്ചു നടക്കുമ്പോൾ
കൂട്ടുകാരികളുടെ ചിരി

കൂട്ടുകാരികൾ!
ആരായിരുന്നു അവർ?
ആരുടെ മുഖവും ഓർമ വരുന്നില്ല

അതെ ശരിക്കും
ഒന്നും ഓർമ കിട്ടുന്നില്ല.

മൂന്നു കോളിഫ്ലവറുകളിൽ
രണ്ടെണ്ണം
ഇടം വലം പകുക്കപ്പെട്ട
എന്റെ തലച്ചോറു തന്നെ ആയിരുന്നോ?

ബാക്കി ഒരെണ്ണം ആരുടെ?

മസ്തിഷ്കമരണം സംഭവിച്ച്
ഫ്രീസറിൽ
മഞ്ഞു മൂടിക്കിടക്കുകയാണോ അത്?

എന്റെ കവിതാ പുസ്തകം ആരെങ്കിലും കണ്ടുവോ?

മകൻ ഹോസ്റ്റലിലേക്കു
മടങ്ങിപ്പോയോ?


Summary: Poya varsham malayalam Poem by Ammu Deepa published in truecopy webzine packet 265.


അമ്മു ദീപ

കവി. കരിങ്കുട്ടി (2019), ഇരിക്കപ്പൊറുതി (2022) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments