പാട

ലിയ കുളത്തിൻ കരയിൽ രാത്രിയിൽ
പടികളിലൊറ്റക്കൊരുവൻ
കല്പടകളിലൊരു മങ്ങിയ പാടായ്
അവനെക്കാണാം ദൂരെ.

പിന്നിലിരുണ്ട മരങ്ങൾക്കും മേൽ
നഗരവിളക്കിൻ പാട.

നീന്തണമെന്നുണ്ടവനു നിലാവി -
ലേഴുന്നേൽക്കാനും വയ്യ.
ചുറ്റി നടക്കണമെന്നുണ്ടതിനും
പറ്റാതവിടെയിരിപ്പൂ
കല്പട മേലൊരു പാട്ടും മൂളി -
ച്ചാഞ്ഞും കൺകളടച്ചും

മാറിൽ ചേർത്തൊരു കൈയ്യൂർന്നടിയിലെ
വെള്ളത്തിന്മേൽ തൊട്ടു.

പിന്നെയുറങ്ങുകയായവ, നവനെ -
ച്ചിമ്മാ മീനുകൾ നോക്കി.
ഇപ്പോൾ വീണാൽ താങ്ങാമെന്നു
തുഴഞ്ഞീടുന്നുണ്ടാമ.

ഇടക്കു കണ്ണു തുറക്കേ കത്തീ
കുളത്തിനാഴം വരെയും
തണുത്ത തീയിലുലഞ്ഞൂ മെല്ലെ
അടിയിലെ ജലസസ്യങ്ങൾ

ഇത്രയുമൊക്കെയെനിക്കറിയാം,പി -
ന്നെപ്പൊഴെണീറ്റു നടന്നോ?
ചാരിയ വാതിൽ തുറന്നൊരു മുറിയിൽ
പായിൽ ചെന്നു ചുരുണ്ടോ?

മങ്ങിയ വെള്ളപ്പാടയിലിന്നീ
നഗരം മൂടീ, കുളവും.
കല്പടവുകളിൽ ചാരിയിരുന്നു
നിലാവിലുറങ്ങുമൊരാളും.


പി. രാമൻ

കവി. അധ്യാപകൻ. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ എന്നീ കവിതാ സമാഹാരങ്ങളും മായപ്പൊന്ന് (ജയമോഹന്റെ തമിഴ് കഥകളുടെ മലയാള പരിഭാഷ) എന്ന വിവർത്തന കൃതിയും രചിച്ചിട്ടുണ്ട്.

Comments