പ്രണയ സത്യവാങ്മൂലം

പ്രണയത്തിലായിരിക്കുമ്പോൾ 
മറ്റൊരിക്കലുമില്ലാത്ത വിധം
ഒരസാധാരണ ധൈര്യംവന്നു മൂടുന്നത്
ഞാൻ അറിയാറുണ്ട്.

ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്യാൻ ഭയമില്ലാതിരിക്കുന്ന മറ്റേത് സമയമുണ്ട് ജീവിതത്തിൽ?
മരണത്തിന്റെ മുനമ്പോളം നഗ്നപാദയായി നടക്കാൻ പ്രണയത്തിലല്ലാതെ മറ്റെവിടുന്ന് ധൈര്യം കിട്ടും?

ഉന്മാദത്തിൻ്റെ കൊടുമുടിയിലേക്ക് കയറിക്കയറിപ്പോകാൻ, ആഴത്തിലാഴത്തിലേക്ക് ഇറങ്ങിയിറങ്ങിപ്പോരാനും മറ്റെവിടെ സാദ്ധ്യമാകും?

താനല്ലാത്ത, തന്റേ തല്ലാത്ത ഇടങ്ങൾ ഉപേക്ഷിക്കാനുള്ള ധൈര്യം
പ്രണയത്തിലല്ലാതെ
മറ്റെവിടെ?

സ്നേഹത്തിനുവേണ്ടി യാചിക്കുന്നത് നിർത്തുന്നതും അള്ളിപ്പിടിക്കുന്നതിനുപകരം
സ്നേഹത്തെ സ്നേഹമായിരിക്കാൻ അനുവദിക്കുന്നതും
പ്രണയത്തിലല്ലാതെ മറ്റെവിടെ?

പ്രണയത്തിൽ ഞാൻ ഞാനും നീ നീയുമാകുന്നതും എനിക്കുവേണ്ടി തന്നെ ഞാൻ 
നിന്നെ പ്രണയിക്കുന്നതുവഴി
പ്രണയം സ്വാതന്ത്ര്യമാകുന്നതും
പ്രണയത്തിലെല്ലാതെ മറ്റെവിടെ?

പ്രണയിക്കല്ലാതെ എവറസ്റ്റ് കീഴടക്കാനാവുമോ?
പ്രണയിക്കല്ലാതെ ശാന്തസമുദ്രം നീന്തിക്കറയാനാവുമോ?
പ്രണയിക്കല്ലാതെ കൊല്ലാനും ചാവാനുമാവുമോ?
പ്രണയമല്ലാതെ മറ്റേത് വികാരം നിങ്ങളെ
സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കും?

… അതിനാൽ
ഞാൻ
ആത്മാഹുതി
ചെയ്യുന്നെങ്കിലത്
പ്രണയത്തിനു വേണ്ടി
മാത്രമായിരിക്കും…

Comments