കാടിൻ്റെ വന്യതയിൽ,
എണ്ണക്കറുപ്പാർന്ന സഹ്യനെപോൽ,
ഉടലഴകാർന്നൊരു ഗജരാജൻ.
ആഴിയും നിലാവും ലയിച്ചപോൽ,
സഹ്യനവൻ്റെ ഒച്ച കണ്ടെത്തിയ പോൽ
മേഘങ്ങളെ തുമ്പിക്കൈയാൽ കോരി
പ്രണയമെന്ന ഭാഷയെ
നദിയായവൻ വിവർത്തനം ചെയ്യുന്നു.
പ്രണയമൊരു ഗജമായതിനാൽ
വാരിക്കുഴിയൊരുക്കി വീഴ്‌ത്തി
മർദ്ദനമുറകളിലൂടെ ചട്ടം പഠിപ്പിച്ച
പാപ്പാനെ, നിങ്ങളെവിടെയാണ് കണ്ടത്?
കണ്ണാടിയിലേക്ക് നോക്കിയാൽ
പിടിക്കപ്പെടാവുന്നൊരു
പാപ്പാനെ തന്ത്രപൂർവ്വം
മറച്ചുവെക്കുന്നുണ്ടോ?
സഹ്യനെപ്പോലെ തലയെടുപ്പുള്ള ശിരസ്സിൽ, അനിഷ്ടങ്ങളുടെ തിടമ്പേറ്റിച്ച്
നെറ്റിപ്പട്ടമണിയിച്ച്
കൂച്ചുവിലങ്ങിട്ട് നടത്തും.
ഉത്സവത്തിമിർപ്പുകളിലാർത്ത്,
ചങ്ങലയുരഞ്ഞ് പൊട്ടിയ
വ്രണങ്ങളിലേക്ക് നോക്കി
എല്ലാം പ്രണയമെന്ന് പറയും.
പ്രണയത്തിൻ്റെ ഭാഷ
സ്വാതന്ത്ര്യമാണെന്നറിയാതെ
തോട്ടിയേന്തി ജീവിച്ചു തുടങ്ങിയ
ജനത നിനക്കുചുറ്റും
ആനന്ദനൃത്തം ചെയ്യും.
വാരിക്കുഴിയിലെ മർദ്ദനമുറകളെ
പ്രണയമെന്നും സ്‌നേഹമെന്നും
പരിഭാഷപ്പെടുത്തി പഠിപ്പിക്കും.
ജാതിയെന്ന തോട്ടി ചാരി
പ്രണയഗജത്തെ മെരുക്കിയെടുക്കുമ്പോഴും
ഉള്ളിൽ നിന്നകലുന്നില്ല, കാട്.
പ്രണയമൊരു ഗജമായിരിക്കേ,
തോട്ടിയേന്തി നടക്കുന്ന
പാപ്പാന്മാർക്കിടയിലും
അവനൊരു കാട്
ഉള്ളിൽ വളർത്തുന്നു.
എനിക്കാ ഗജത്തെ
ആലിംഗനം ചെയ്യണം,
മേഘനദിയിൽ നീന്തി
പ്രണയമെന്ന കവിതയെഴുതണം.
