വിമീഷ് മണിയൂർ

പ്രശസ്തമായ ഒരു മണം

നാട്ടിൽ നിന്ന്
അഞ്ഞൂറ്റി ഇരുപത്തിനാല് കിലോമീറ്ററുകൾക്കപ്പുറത്ത്,
രാജ്യന്തര ചലച്ചിത്രമേള നടക്കുന്ന
ഗോവയിലെ
പ്രശസ്തമായ ഐനോക്സ് തിയ്യറ്ററിന്റെ തൊട്ടപ്പുറത്ത്
കാണികൾക്കായി ഒരുക്കിയ
താത്കാലിക ടോയ്ലൊറ്റുകളിലൊന്നിൽ വെച്ച്
ഞാൻ എന്റെ തീട്ടത്തെ വീണ്ടും കണ്ടുമുട്ടി.

തിരിഞ്ഞു നോക്കിയിട്ട് കൊറേയായി
തീട്ടം ഓർമ്മിപ്പിച്ചു.
എനിക്കെന്തോ പോലെ തോന്നി.

ആളാകെ ക്ഷീണിച്ചിട്ടുണ്ട്
മെലിഞ്ഞ്, കറുത്ത് തലകുനിച്ചിരിക്കുന്നു
എന്റെ വയറ്റിൽ നിന്ന് ഇങ്ങനെയൊന്ന്
പുറത്ത് ചാടുമെന്ന്
ഒരു മലയാളിയും പ്രതീക്ഷിക്കില്ല.

സ്റ്റിക്കർ മാറ്റിയൊട്ടിച്ചെന്നേ ആർക്കും തോന്നൂ
എന്ത് പറ്റിയെന്ന് ചോദിക്കാൻ നാവ് വരണ്ടു.

പഴയ പോലെയല്ല, സൂക്കേടുകളുണ്ട്
വാരിവലിച്ച് തിന്നാനാവില്ല
ജീവൻ പിടിച്ചുനിർത്താനുള്ളത് കഴിഞ്ഞാൽ
കാര്യമായി ബാക്കിയൊന്നുമുണ്ടാവില്ല

സത്യം പറഞ്ഞാൽ, ഈ കോലത്തിൽ
പുറത്തിറങ്ങാൻ നല്ല ചമ്മലുണ്ട്
ഒരുപാട് നിർബന്ധിക്കുമ്പോൾ
മടിച്ച് മടിച്ച് ഇറങ്ങിക്കൊടുക്കും.

ഇനിയെന്ത് പറയണമെന്നറിയാതെ ഞാങ്കുഴഞ്ഞു.
എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
അത് ചിരിച്ചു. ഞാൻ വിട്ടില്ല.
അമ്മയുടെ തറവാട് വിറ്റപ്പോൾ കിട്ടിയ
പതിനേഴ് സെന്റും ഒരു പീടികമുറിയുമുണ്ട്
എനിക്കത് കൊണ്ട് ഒരാവശ്യവുമില്ല
നിനക്കത് എഴുതിതരട്ടേ?

എന്തു ചെയ്യാം
കഴുകി എഴുന്നേറ്റിട്ടും
സോപ്പിട്ടുരച്ചിട്ടും
പ്രശ്സ്തമായ ഒരു മണം
എന്റെ കുടലിൽ ചുറ്റിപ്പിടിക്കുന്നു.


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments