എം.പി.പ്രതീഷിന്റെ കവിത

ബാധ

ദിക്കിൽ എല്ലാ വീടുകൾക്കും മീതെ എന്റെ നിഴലുണ്ട്

പുകക്കുഴലുകൾക്കുള്ളിലും ഒഴിഞ്ഞ മച്ചിലും തൊഴുത്തുകളുടെ മുകളിലും
ഞാൻ വെറുതെ ചെന്നിരിക്കും

മരങ്ങളിലും നീർപ്പരപ്പുകളിലും തുള്ളി
കാറ്റും അലകളുമുണ്ടാക്കും
മാളങ്ങളിലും മരപ്പൊത്തുകളിലും ചൂളംവിളികൾ കൊണ്ടുവെക്കും
വളർത്തുമൃഗങ്ങളുടെ കൂടുകളിൽ
രാത്രിയിൽ വെട്ടം തെളിക്കും
വണ്ടികളുടെ ചക്രമഴിച്ചുകളയും
വിരിച്ചിട്ടതുണികളിൽ തീ കൂട്ടും
കുറുനരികളെ കുന്നിന്റെ അങ്ങേപ്പൊളിയിലേക്ക് ആട്ടിപ്പായിക്കും
പനങ്കായകൾ തല്ലിവീഴ്ത്തും
വെള്ളരിവള്ളികൾ ചവിട്ടിമെതിക്കും

ഈ ദിക്കിൽ
ഈ കുന്നുകൾക്കിടയിൽ
ഭൂതബാധയുണ്ടെന്ന് കേൾക്കുന്നു

മനുഷ്യരെല്ലാം ഒഴിഞ്ഞു പോയി ഒച്ചയനക്കങ്ങൾ വിട്ട കരയിൽ
ഒരു കമ്പും ചുഴറ്റി,
പാട്ടയിൽ കൊട്ടി,
പുളിങ്കുരു ചവച്ച്,

കിളി നിഴലുകളിൽച്ചവിട്ടാതെ
ഞാനലഞ്ഞു തിരിയുന്നു

തളരുമ്പോൾ ഈ കുന്നുകളുടെ നെറുകയെ വായിലാക്കി നുണഞ്ഞുറങ്ങുന്നു

Comments