വെയിലിൽ
സൈക്കിൾ ചവിട്ടിപോകുന്ന അച്ഛനെ
ഏറെ നേരം നോക്കി നിൽക്കാനാവില്ല.
പ്രേതങ്ങളെ കാണുന്നത് നിർത്തിയത് അങ്ങനെയാണ്.
എങ്കിലും, കുയിൽ വിളിക്കുമ്പോൾ
ഇപ്പോഴും ഞാൻ സൈക്കിൾ മണി കേൾക്കുന്നു.
വെയിലിൽ മഴയുടെ നാരുകൾ പാറുന്നത് കാണുന്നു.
പിന്നൊരു ദിവസം വീട്ടിലേക്കുള്ള വഴി എത്തുംമുമ്പേ ഞാൻ ബസ്സിറങ്ങി.
നടക്കാൻ തുടങ്ങി.
പഴയതൊന്നുമില്ലാത്ത അതേ നിരത്ത്.
അതേ ഇറക്കം, ഉയരം, വളവുകൾ.
ഒരു സമയം മുമ്പിൽ വന്നുപെട്ട
സ്കൂൾ ചെങ്ങാതിയും, അവൻ മരിച്ച
അതേ പ്രായത്തിൽ.
അവനെന്നെ മറന്നിരിക്കും.
ഞാൻ വിചാരിച്ചു. അവനെന്നെ തിരിച്ചറിയില്ല.
ഞാൻ വിചാരിച്ചു.
അവൻ, പക്ഷേ മറന്നിട്ടേ ഇല്ല.
സ്വന്തം മരണം നഷ്ടപ്പെടുത്തിയ
അവന്റെ പ്രണയം പറഞ്ഞു ചിരിച്ചപ്പോൾ
വീണ്ടും ഞാൻ പ്രേതങ്ങളെ അവിശ്വസിച്ചു.
മരണം എത്ര വേഗമാണ് ആളുകളെ മാറ്റുന്നത്.
ഉറക്കം കൺപീലികൾ പൊഴിക്കുന്നത്ര ചിട്ടയിൽ.