പച്ചയിൽ
ചുവന്ന പൊട്ടുകൾ
മൊട്ടിട്ടു പൂത്ത,
പഴച്ചാറ് നാറുന്ന,
നീട്ടി ചൊറിഞ്ഞ്
തൊലിപ്പൊടി പറ്റിയ
ലുങ്കി പുതച്ചവൻ
ഒരു നീണ്ട ഭരണിക്കുള്ളിൽ
കിടക്കുമ്പോൾ
ഞെരിപ്പൻ അച്ചാറിന്റെ
മണമങ്ങനെ മനംപിരട്ടും.
തളം കെട്ടിയ
ചൊർക്ക* നീരിനെ
തിരിഞ്ഞുനോക്കാത്ത
അവനൊരു
പൂത്ത അച്ചാറാണ്.
കണ്ണീര് പോയ വഴി
നീണ്ട അടയാളം.
അതവന്റെ നടുവളവും
കടന്ന്
തള്ളവിരലിന്റെ ചെന്നിയിൽ
തൊട്ടപ്പോൾ,
ചങ്ങലക്കണ്ണിയത്
കുത്തിപൊട്ടിച്ചപ്പോൾ,
തന്റെ തൊലി തുപ്പിയതും
ചോര!
അവനപ്പോൾ
പുളിയച്ചാറിന്റെ
കഷണം ഞെരുടിയ ഭാവം.
ചങ്ങല കൂട്ടച്ചിരി
ഇളക്കുമ്പോൾ
അവൻ
എണ്ണ തൂവുന്ന
എരിവിൻ കൂട്ടുപോലെ
ഓർമ്മ പായിക്കും.
പണ്ട്
ചോരയുള്ളവർ
ആ ഇരുകാലനെ,
ഉടലിൽ
മുളകുവെള്ളം തങ്ങിയ,
തലയിൽ ചൊർക്കയുടെ
പടുരൂപമെന്ന് പടച്ചിറക്കി
ഭരണിയിൽ കേറ്റി
വാ മൂടി.
ചങ്ങലച്ചിരിക്കുമുൻപ്
ഇരുമ്പുതോട്ടിയുടെ
കുത്തേറ്റ കാലത്ത്
മദം ഇളകില്ലെന്നാണയിട്ട്,
വിറയാർന്ന കൈകളെ
അവൻ പൂവാക്കിയപ്പോൾ
പല കണ്ണുകൾ
അതിന്റെ
ഇതളുകൾ നുള്ളി,
അമറി.
അന്നവൻ
പുളിയേറിയ കൂട്ടായി
പരുവപ്പെട്ടു.
പിന്നെയും
ഭരണിയുടെ വാ തുറക്കും,
ചൊർക്ക ആവിയാകുമ്പോൾ
വീണ്ടുമൊഴിക്കും.
പൂത്താലും
ഖനി പുളിക്കണം.
എണ്ണ വറ്റിയാലും
ചുവപ്പ് ചോരപോലെ
തിരിയണം.
ഭരണി മൂടുമ്പോൾ
അതിനകം
ഉറഞ്ഞുതുള്ളണം
അവനു പൊള്ളണം.
▮
*ചൊർക്ക - വിനാഗിരി.
