ആർഷ കബനി

പുള്ളി


ജ്ഞാത മൃതദേഹം.
പുരുഷന്‍, പ്രായം സുമാര്‍ 70.

അടയാള വിവരം:
1. ഇടത് മുലക്കണ്ണിനുസമീപം കറുത്ത പുള്ളി.
2. പൊക്കിളിനടിയിലായ് ഇടതുവശം കറുത്ത പുള്ളി.

ഓര്‍മ്മയില്‍ പുള്ളികളുള്ള ആളുകളേയും കാത്ത്
ഒരാള്‍ വടകരയിലെ കടവരാന്തയില്‍നിന്നും
കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി കാത്തിരിക്കുന്നു.
മേത്ത് രഹസ്യപ്പെട്ട് കിടക്കുന്ന പുള്ളികളെ പരസ്യപ്പെടുത്തി.

*ഇടത് മുലക്കണ്ണിനുസമീപം കറുത്ത പുള്ളി.
അത് തിരിച്ചറിയപ്പെടാനുള്ള സാധ്യതകള്‍ അക്കമിട്ട് നിരത്തിയാല്‍ എന്തെല്ലാമായിരിക്കും.*

* ചില്ലുവിളക്കിലെ പുക
ആകാശത്തേക്ക് കുതിച്ചുയരുന്ന രാത്രികളില്‍
പുള്ളികളില്‍ ഉമ്മവെച്ചുമ്മവെച്ച് ഇക്കിളിപ്പെടുത്തിയ ഒരുത്തി ഉണ്ടാവാനിടയില്ലേ?
* അല്ലെങ്കില്‍വേണ്ട, കൂടെ ജീവിച്ച ആരുടെയെങ്കിലുമൊക്കെ കണ്ണില്‍
ആ പുള്ളി കുടുങ്ങിയിട്ടുണ്ടാവുകയില്ലേ?
* അതുമല്ലെങ്കില്‍ ഉടലു പങ്കിട്ട ആരെങ്കിലുമൊക്കെ അതിലേക്ക് എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടാവില്ലേ?
* ഓമനിക്കപ്പെടാന്‍ ആ പുള്ളിയ്ക്കുള്ളത്ര സാധ്യത അവഗണിക്കപ്പെടാനും ഉണ്ടാവാമല്ലേ?
* ഇത് ഇന്നയാളല്ലേ? ഇയാള്‍ക്ക് ഇങ്ങനൊരു പുള്ളിയുണ്ടായിരുന്നോ
എന്ന് ആരെങ്കിലും ചിന്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റുമോ?
* സ്‌നേഹിക്കപ്പെട്ട നിമിഷത്തിലല്ലെങ്കില്‍
അത്ര സുഖകരമല്ലാത്ത ഏതെങ്കിലും നിമിഷത്തില്‍ ആരെങ്കിലും അതില്‍ അള്ളിപ്പറിച്ചിട്ടുണ്ടാവുമോ?
* ഒരു പെണ്‍മുലയ്ക്ക് ഉണ്ടാവാനിടയുള്ള എന്തെങ്കിലും ആസ്വാദന സാധ്യതകള്‍
ഈ പുള്ളിയ്ക്ക് മുകളിലുള്ള ആണ്‍മുലയ്ക്ക് ഉണ്ടായിട്ടുണ്ടാവുമോ?
* പ്രേമമില്ലാത്ത ജീവിതത്തെ
പച്ചയ്ക്ക് രുചിച്ച ആളായിരിക്കുമോ ഇയാള്‍.
* കാക്കപ്പുള്ളികളെ, മറുകുകളെ
ഓര്‍മ്മിക്കാനുള്ള സുക്ഷ്മത
കൈമോശം വന്നവരാകുമോ
ഇയാളിലൂടെ സഞ്ചരിച്ചിട്ടുണ്ടാവുക?
* പുള്ളികളെ ഉള്ളില്‍ സൂക്ഷിക്കാനുള്ള
കാല്‍പ്പനികത ഞങ്ങള്‍ക്കില്ലെന്ന്
ഇയാളുടെ മനുഷ്യര്‍ ചിരിച്ച് തള്ളുമോ?

ഈ സാധ്യതകളെല്ലാം തന്നെ
അയാളുടെ പൊക്കിളിനടയിലെ
കറുത്ത പുള്ളിയേയും
ഓര്‍മ്മിക്കപ്പെടാന്‍ / തിരസ്‌കരിക്കപ്പെടാന്‍ ചൂണ്ടികാണിക്കാമെന്നിരിക്കെ,
സാധ്യതകള്‍ തിരഞ്ഞുപോകുന്നത്
എനിക്ക് വിരസമായി തോന്നുന്നു.

അയാളുടെ ഒരു ചിത്രം എല്ലാ ഓര്‍മ്മകളേയും തിരിച്ചറിയപ്പെടലുകളേയും സാധ്യമാക്കുമെന്നിരിക്കെ
പുള്ളികളെ ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യം എന്താണെന്ന ചോദ്യം എന്നില്‍ ഉടലെടുക്കുന്നു.

വേറെ എത്ര രീതിയില്‍ ഈ കവിത എഴുതാമായിരുന്നു,
പുള്ളികളില്‍തന്നെ പിടിമുറുക്കണമായിരുന്നോ
എന്നു ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു.

തിരസ്‌കരിക്കാന്‍ എളുപ്പമുള്ള യുക്തിരഹിതമോ
അല്ലെങ്കില്‍ ജീവിതത്തിന്റെ അവ്യക്തതകളില്‍നിന്ന്
കണ്ടെടുക്കുന്ന ചിത്രങ്ങളോ ഒക്കെയല്ലേ
ഈ എഴുത്ത് പോലുള്ള പരിപാടികള്‍.

'പുള്ളി'- വായിക്കുന്നതിന് മുന്‍പ്
നിങ്ങളില്‍ ഇതൊരു പ്രേമകവിതയാവാനുള്ള
സാധ്യതാവിചാരം ഉടലെടുത്തിരുന്നോ?

ഈ കവിത എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ
ഞാന്‍ ഉഴറിക്കൊണ്ടിരിക്കുന്നു.
ഇല്ല കനമുള്ളൊരു അവസാനം
എത്ര തിരഞ്ഞിട്ടും കിട്ടുന്നില്ല.

പുള്ളികളുടെ സാധ്യത തിരയുന്നത് നിര്‍ത്തി
ഇവ എവിടേക്കൊക്കെയോ തെന്നിപ്പോകുന്നു.
ഇതിന്റെ അവസാനവരി മറ്റൊരാളുടെ ഓര്‍മ്മയിലായിരിക്കുമെന്ന തോന്നലില്‍ എനിക്കത്ഭുതം തോന്നാതെയാവുന്നു.

ഓര്‍മ്മപ്പിശകുള്ള ഇയാളുടെ കാമുകി
പുള്ളികളെ കുറിച്ചുള്ള ഓര്‍മ്മ തലച്ചോറില്‍ തിരഞ്ഞ്
ശൂന്യതയില്‍ കഴിഞ്ഞുകൂടാന്‍ സാധ്യതയുള്ളതുപോലെ
ഈ കവിതയുടെ അവസാനവരി-
കഴിഞ്ഞുപോയൊരു വേനലില്‍നിന്ന്
അയാളുടെ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കുന്നു. 

Comments