ഇമ്മാനുവേൽ മെറ്റ്ൽസ്

പുഞ്ചിരിക്കൂ…

വർ പറഞ്ഞു: ‘പുഞ്ചിരിക്കൂ’.
ഞാൻ പകലിലേക്ക് നോക്കിപ്പുഞ്ചിരിച്ചു.
ഉറപ്പിച്ചു, പകൽ തന്നെ!
പകലൊരു പുതിയ ഉദ്യോഗിയെപ്പോലെ ലജ്ജിച്ചു, ടൈ ശരിയാക്കി,
നോട്ടം മാറ്റി.
ഞാൻ ശുദ്ധവായു ചോദിച്ചു;
അവരെനിക്കൊരു
ഇടുക്കു മുറിയിൽ
പ്രഭാഷണം വിറ്റു.
‘പക സ്വതന്ത്രമായി ഒഴുകുന്നല്ലോ’, ഞാൻ പറഞ്ഞു.
ഐഡിയും ഇല്ല, കർഫ്യൂവും ഇല്ല;
‘പക്ഷേ നിന്റെ ശരീരത്തിന്
നിലനിൽക്കാൻ
ക്ലിയറൻസ് വേണം’, പകൽ പറഞ്ഞതു സത്യം.
ഞാൻ പൊട്ടിച്ചിരിച്ചു.
നിശ്ശബ്ദത
പരാതി നൽകി.
രാത്രി തല കുലുക്കി,
‘നല്ല സ്ത്രീയായിരിക്കൂ,
ശബ്ദത്തിന്റെ ഡെസിബൽ
നിയന്ത്രിതമാക്കൂ’.

അവർ ഉച്ചഭക്ഷണത്തിൽ
എരി ചേർന്ന ചോദ്യങ്ങളും
പുളിച്ചു തുടങ്ങിയ നിബന്ധനകളും ചേർത്തു
സമത്വം വിളമ്പി.

പകൽവെളിച്ചം പുളകം കൊണ്ടെന്നു തോന്നി.
‘ആഹാ, ആർഭാടം’.
ഭീതിയുടെ അടിക്കുറിപ്പുകൾ ചേർത്തു
കാറ്റ് അതെഴുതിവെച്ചു,
ഫോണ്ട് വലിപ്പം എട്ട്.

ഒരു തുള്ളി ചിരി
എനിക്കും കൊണ്ടുവരൂ,
ഞാൻ അപേക്ഷിച്ചുകൊണ്ടേയിരിക്കുന്നു;
കാരണം ശ്വാസം പോലും
രാഷ്ട്രീയമാണ്,
സത്യങ്ങൾക്കുള്ള വിലാപമതിലുകൾ
നിലനിൽക്കുന്നു
എന്നു നടിക്കുന്നിടങ്ങളിൽ
കള്ളങ്ങൾ ചോർന്നൊഴുകുന്നു...
അതുകൊണ്ട്,
ഒരു തുള്ളി ചിരി,
എനിക്കും തരൂ…


Summary: Punjirikku malayalam poetry by Immanuel Mettles Published in Truecopy webzine Packet 268.


ഇമ്മാനുവേൽ മെറ്റ്ൽസ്

കവി, വിവർത്തക, ചിത്രകാരി. ഇംഗ്ലീഷിലും തെലുഗിലും മലയാളത്തിലും കവിതകൾ എഴുതുന്നു. ലളിതകലാ അക്കാദമിയിലും മാഹി മലയാളകലാ ഗ്രാമത്തിലും എകാംഗ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

Comments