മാർത്ത നടന്ന വഴിയിലെല്ലാം
ചുവന്ന പൂക്കൾ വിരിഞ്ഞു
കിടക്കയിൽ
അടുക്കളയിൽ
പൈപ്പിൻ ചുവട്ടിൽ
അങ്ങനെ അങ്ങനെ
എല്ലായിടങ്ങളിലും.....
പണി പിന്നെയും ബാക്കിയായിരുന്നു
മുറ്റമടിച്ച്
വെള്ളം കോരി
മീൻ വെട്ടി
പുകയൂതി
ചുവന്ന പൂക്കളെ അവൾ മറന്നുകളഞ്ഞു
ഇടയ്ക്കിടയ്ക്ക് അടിവയറ്റിൽ ഒരാന്തൽ
പരവേശം
പൂക്കളപ്പോൾ മുള്ളുകളാവും
മാർത്തയെ പേടിപ്പിക്കും
പെണ്ണെ
ലേഡീയെ കണ്ടാലോ
സലോമിയാണ്
അലക്കിയിട്ടും അലക്കിയിട്ടും
മാറാത്ത ചോരയെ
അലക്കി വെളുപ്പിക്കാൻ
കൂട്ട് വന്നവൾ
പണ്ടേ പണ്ടേ കൂട്ട് വന്നവൾ
പറയാത്ത കാര്യമില്ല
മുലഞെട്ട് കീറിയപ്പോൾ
കൂടെ കരഞ്ഞവൾ ഇവളാണ്
കടുക്
ഉപ്പ്
മനസ്സ്
വിശപ്പ്
കണ്ണുനീർ
എല്ലാം പകുത്തവൾ
ലേഡീയെ കാണാം,
മാർത്ത പറഞ്ഞു.
ഇനിയും കീറാൻ
ലുങ്കിയില്ല
ചോരപ്പൂക്കൾ വിരിഞ്ഞു കൊണ്ടേയിരുന്നു.
കാല് കുന്തിച്ചിരിക്ക്
കരയാതിരിക്ക്
മാർത്ത ശബ്ദമില്ലാതെ കരഞ്ഞു
സലോമിയും
രോഗം (കുറ്റം )- സ്ത്രീയായത്
ചോരപ്പൂക്കൾ വിരിഞ്ഞുകൊണ്ടേയിരുന്നു
ഒഴുകിയൊഴുകി
ചോരപ്പൂക്കൾ
സലോമിയെ തിരഞ്ഞുവന്നു.
ചായവെള്ളം കുടിച്ചോടി?
ചുമന്ന പൂക്കൾ ഉറക്കെ ചോദിച്ചു
മറഞ്ഞു പോയ ബോധത്തിന് മുന്നേ
സലോമി എന്ത് കണ്ടിരിക്കും?
സെമിത്തേരി വഴി നിറയെ ചോര
വഴി തെറ്റിയ ഉപ്പൻ
ഉറക്കെ കൂവി പറഞ്ഞു
ഉറക്കെയുറക്കെ…