‘ജീവിതം സ്പഷ്ടമാക്കപ്പെടുന്നത് ഓർമയിലൂടെയാണെന്ന് പറഞ്ഞ്
ഒരു മാർക്കിന്റെ ആദ്യ പത്ത് ചോദ്യങ്ങൾ നെഞ്ചുവിരിച്ച് നിന്നു.
കടലാസിലേക്ക് സമനിലതെറ്റിയ ഭാഷയിൽ
അവന്റെ ഒറ്റവരിയുത്തരങ്ങൾ നിറഞ്ഞു.
നാലു വരിയിലൊതുക്കാനാവാത്ത മറുപടികളെ
രണ്ടു വരിയിലാക്കി പറയണമെന്നായിരുന്നു
രണ്ടാം ഭാഗത്തെ ചോദ്യങ്ങളുടെ ആവശ്യം.
വിശദീകരിക്കുന്തോറും
ആദ്യമെഴുതിയ ഉത്തരത്തിന്മേൽ
അത് സംശംയം പ്രകടിപ്പിച്ചു.
തിരുത്തുന്തോറും തെറ്റുകൾ
പുതിയ കുപ്പായത്തിലേക്ക് ചേക്കേറി.
അവനൊപ്പം രണ്ട് മാർക്കിന്റെ ഉത്തരം
രണ്ടാം പുറത്തേക്കൊഴുകി.
അഞ്ച് മാർക്കിലെത്തുമ്പോഴേക്ക്
ദാഹിച്ച് തൊണ്ട വരണ്ടു.
ചേരുംപടിയിൽ
‘ഞാൻ ചേരും ഞാൻ ചേരും’ എന്നു പറഞ്ഞ്
എ കോളം ബി കോളത്തെ
ഇറുകെ പിടിച്ച് നിന്നു.
അവൻ ചോദ്യക്കടലാസിലെ പട്ടിക തന്നെ
ഉത്തരമായി പകർത്തിവെച്ചു.
കിതച്ച് കിതച്ച് ലഘുകുറിപ്പിന്റെ ഭാഗമെത്തി.
കുറിച്ച മരുന്നുകൾ വാങ്ങാൻ
പൈസ തികയാതെ വന്നപ്പോൾ
മെഡിക്കൽസ്റ്റോറിൽ നിന്ന് പുറത്തിറങ്ങി
കുറിപ്പടി കാറ്റിൽപ്പറത്തിയ
അതേ ഭാവത്തിൽ
അവനാ ചോദ്യത്തെ പറത്തിവിട്ടു.
അവസാനത്തെ ചോദ്യം,
എട്ട് മാർക്കിന്റെ വിശദീകരണക്കുറുപ്പിന്
കാത്തു നിന്നില്ല.
പേപ്പർ ടീച്ചറെ ഏൽപ്പിച്ച് അവൻ
പെരുമഴയുടെ പറമ്പിലേക്കിറങ്ങി.
പരീക്ഷ തീർന്നു.
‘നേരത്തെ പേപ്പർ കൊടുത്തിറങ്ങിയ
ഇവനെപ്പോലുള്ളവന്മാരൊക്ക
പഠിക്കാനല്ല സ്കൂളിൽ വരുന്നതെ’ന്നുപറഞ്ഞ്
സ്റ്റാഫ് റൂമിൽ വൈകീട്ട് ചിരിയും അറപ്പും ചായക്കൊപ്പം പൊരിഞ്ഞു.
അവൻ
പെട്രോൾ പമ്പിൽ എണ്ണനിറച്ച്,
പൊറോട്ട ചുട്ട്,
ഊണ് തയ്യാറെന്ന ബോഡ് വീശി കാണിച്ച്,
ജീവിതത്തിന്റെ പ്രളയനദിക്ക് കുറുകെ
നീന്തൽ തുടർന്നു.
മതിയായ ഹാജരില്ലാത്ത സ്കൂൾ
കുട്ടിയുടെ ജീവിതത്തിന് പുറത്തായി.
തോൽവി സമ്മതിക്കാതെ
ടീച്ചർ ഹാജർവിളി തുടർന്നു…
