സൗമ്യ ചന്ദ്രൻ

പുസ്തകം
തിരയുന്ന
ദൈവം

ടുവിലത്തെ പ്രേമവും കൊഴിഞ്ഞുപോയ രാത്രിയിൽ
ഞാനും ദൈവവും മുഖാമുഖം ഇരുന്നു.
ഒരുപക്ഷെ ആദ്യമായി
അല്ലെങ്കിൽ അവസാനമായി,
കൈകോർത്തു ഞങ്ങൾ ഇരുന്നു
എന്റെ കട്ടിൽ ചുവട്ടിൽ.

പുരികം ചുളിക്കേണ്ട, നോക്കൂ
ഇതെന്റെ മാത്രം ദൈവമാണ്.
ഭൂമിയിൽ എനിക്കേറ്റവും സുഖകരമായ ഇടത്ത്
ദൈവം എന്നോടു ചേർന്നിരുന്നു.
പണ്ടൊക്കെ, കട്ടിൽക്കാലിലിരുന്നു
കരഞ്ഞു പ്രാർഥിക്കുമ്പോൾ
അദ്ദേഹം ഇങ്ങനെവന്നിരുന്നിട്ടില്ല.
അതേ, ഇതൊടുവിലത്തെത് തന്നെയാണ്.

ആ രാത്രിയിൽ എന്റെ വിരലുകളിൽ
വിരൽചേർത്തദ്ദേഹം ഇരുന്നപ്പോൾ
അവ എന്റെ പ്രണയം പോലെ
തണുത്തു മരവിച്ചിരുന്നു.
കാത്തിരിപ്പിന്റെ അടക്കിവെച്ച മുഷിപ്പ്
കണ്ണുകളിൽ ജ്വലിച്ചു.

ദൈവം ഒരു സ്ത്രീയായിരുന്നെങ്കിലെന്ന്
ഒരിക്കൽ ഞാൻ കൊതിച്ചിരുന്നു
അല്ല, അനീതി നിറഞ്ഞ ഭൂമിയുടെ സ്രഷ്ടാവ്
പുരുഷൻ തന്നെയാണെന്ന്
ഞാനെന്തു കൊണ്ടോ ഓർത്തില്ല.
യുദ്ധഭീതി നിറഞ്ഞ ഭൂമിയുടെ
നിസ്സഹായനായ സ്രഷ്ടാവ്
ഇപ്പോൾ എന്നോടൊപ്പമാണുള്ളത്.
എങ്കിലും ആ സ്പർശത്തിനു സ്ത്രീയുടെ മൃദുലത.

ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു,
‘ഇനി?’
‘നേരമായി’, ഞാൻ പറഞ്ഞു.
പുഞ്ചിരി പൊട്ടിച്ചിരിയായപ്പോൾ
അറിയാതെ ഞാനാ വായ് പൊത്തിപ്പിടിച്ചു.
മറ്റാരും എന്റെ ദൈവത്തെ കേൾക്കേണ്ട
അസൂയ നിറഞ്ഞവളാണല്ലോ ഞാൻ.

വെളുത്ത മേലങ്കി പുതച്ച്
അദ്ദേഹം അതീവ സുന്ദരനായി കാണപ്പെട്ടു.
ഇരുണ്ട നിറക്കാരനായിരുന്നു.
വിഷാദം വമിക്കുന്ന കനത്ത മുടിയിഴകൾ
കൗമാരത്തിൽ നിന്നും
ഞാൻ പകർന്നു നൽകിയതാണ്.
ഓരോ സ്നേഹത്തിലും വായിച്ച
വിശുദ്ധ ഗ്രന്ഥത്തിന്റെ
മടക്കുകൾ കൺകോണുകളിൽ.
പരാജിതന്റെ പൊട്ടിച്ചിരി നൽകി
ഞാൻ വാർത്തെടുത്ത എന്റെ ദൈവം
എന്നിട്ടും അപൂർണനാണ്, ചിറകുകൾ മുളച്ചിട്ടില്ല.

ഞാൻ നോക്കി,
പ്രണയമൊഴിഞ്ഞ ശാന്തത മുഖത്ത്.
ഉടുപ്പിന്റെ മടക്കിൽ തിരുകിയിരിക്കുന്ന പേന
ഞാൻ സമ്മാനിച്ചതാണൊരിക്കൽ.
‘സത്യത്തിലും?
വാക്ക് നൽകൂ’.

സ്വർഗ്ഗത്തിലെ മഞ്ഞുതരികൾ
പറ്റിപ്പിടിച്ച ആ കൈകളിൽ
എന്റെ വിയർത്ത കൈകൾ
ചേർത്ത് ഞാൻ വാക്ക് നൽകി.
മറ്റൊരു പ്രേമത്തെ പ്രതി ഇനി ഞാൻ കരയുകയോ
പ്രാർഥിക്കുകയോ ചെയ്യില്ല.
ഇതെഴുതുമ്പോഴും അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല.
എന്റെ കണ്ണീർചാലുകൾ കൂടി
മായ്ച്ചുകളഞ്ഞ് ഞാൻ നോക്കി
വായിക്കാൻ പുസ്തകം തിരഞ്ഞുകൊണ്ട്
എന്റെ മുറിയിൽ അലഞ്ഞു നടക്കുന്നു ദൈവം
ആരുടെ പുസ്തകമായിരിക്കും അദ്ദേഹം
ഇന്നെന്റെ മുറിയിലിരുന്നു വായിക്കുക?

പ്രേമമില്ലാത്ത പെണ്ണായി ഞാൻ പരിണമിക്കുംവരെ
ദൈവത്തിനു സമയമുണ്ട്.

Comments