രാപ്രസാദ്

പുഴകൾ
മനുഷ്യരിൽ
മുങ്ങിമരിക്കുന്നു

വഴിയരികിലെ മരം
അന്നുമുണ്ടായിരുന്നു.
തളർച്ചകളിലെ എന്റെയാ
തണലിടം.
അതുവഴി കടന്നുപോയപ്പോഴെല്ലാം
ഞാനതിനെ നോക്കുമായിരുന്നു.

പിന്നെപ്പിന്നെ ആ മരത്തെപ്പോലെ
ഞാൻ അനാഥനായി.

ഞാൻ തെരുവിലൂടെ നടന്നു.
തെരുവിന്റെ തിരക്കിനു മാത്രമേ
എന്നെ ഒളിപ്പിക്കാനാവുമായിരുന്നുള്ളൂ.

ഒത്തിരി മതിലുകൾ എന്നെ ചൂഴ്ന്നു.
മനുഷ്യരിൽനിന്ന്
സ്വപ്നങ്ങളിൽനിന്ന്
അവയെന്നെ അകറ്റി.

എങ്കിലും
വേദന നീറ്റിയ നാളുകളിൽ
ഞാൻ പിന്നെയും വന്നു.
മതിലിനപ്പുറത്ത്
ഒറ്റയ്ക്ക് നിൽക്കുന്ന മരത്തെ കണ്ടു.
ഞങ്ങൾ സംസാരിക്കാൻ ശ്രമിച്ചു.

കമ്പുകൾ വീശി
അതെനിക്ക് ആശ്വാസം പകർന്നു.
ചെറിയ തളിരുകളിൽ
അതെനിക്കായി പുഞ്ചിരി തന്നു.
നോക്കിനിൽക്കുന്ന നിമിഷങ്ങളിൽ
അതെനിക്കായി നൃത്തമാടാൻ തുടങ്ങി.

എന്നോട് മാത്രം മിണ്ടുന്ന
ചുവടുകൾ
മുദ്രകൾ
ഞാൻ നോക്കിക്കൊണ്ടേയിരുന്നു.
പിന്നെപ്പിന്നെ
എനിക്കും വേരുകൾ മുളച്ചു,
ഇലകളും തളിരുകളും മുളച്ചു.

ഇപ്പോൾ ഞാൻ
മരത്തിന്റെ നൃത്തം കാണുകയാണ്.
ഇലയുടെ മുദ്രകൾ വായിക്കുകയാണ്.
മരങ്ങൾ എങ്ങനെയാണ്
മനുഷ്യനിൽ മരിക്കുന്നതെന്ന്
പഠിക്കുകയാണ്.


Summary: Puzhakal Manushyaril Mungimarikkunnu malayalam poem written by Raprasad Published Truecopy webzine Packet 306.


രാപ്രസാദ്

കവി, സിനിമാ സംവിധായകൻ. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവും പകലും, അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകളും ആവാർഗി, പടുക്ക എന്നീ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.

Comments