രോഷ്ന ആർ. എസ്.

പുഴയിൽ
രണ്ട് പെണ്ണുങ്ങൾ

യലോത്തെ
അന്തിയൂഴത്തിൻ്റന്ന്
'രേവരി'കേറിയ പെണ്ണ്
മടലുവാരി വീശി.
പിടിക്കാൻ ചെന്ന
അമ്മായിക്കിട്ട്
കനത്തിലൊന്നു കിട്ടി.
ജനലു പൊട്ടാഞ്ഞും,
കൊടുങ്കാറ്റടിക്കാഞ്ഞിട്ടും
വീടിന്റെ കരണം പുകഞ്ഞു.
പിന്നേം പതിനഞ്ചു കഴിഞ്ഞന്ന്
അക്കൂറ്റിലവളുടെയൊച്ചക്കനം.
‘‘നീയാരാ…
'രേവരി’…’’
കളത്തിലിരുത്തി,
ഭസ്മം വാരിവിതറി,
കനലമർത്തി,
തളർത്തി വീഴ്ത്തി,
ഒച്ചയൊതുക്കി,
പടിഞ്ഞാറ്റിയിലേക്കെടുത്തു
കിടത്തി.

ഭാഷ പുതുക്കി
അവളെണീറ്റ് വന്നത്
എല്ലാരും കണ്ടു.
വിളുമ്പിലിരിക്കുമ്പോ
ഞാൻ കണ്ടതോ?
മരിച്ച നക്ഷത്രത്തിന്റെ
തിളക്കം.

എന്നും ഞങ്ങളൊ-
രേ പുഴയിൽ നീന്തി,
ഒരേ വെയിലിലുണങ്ങി,
പുഴ വഴിയിലവൾ
പുത്തൻ ഭാഷയഴിച്ചു
നീർത്തി.

‘‘നന്നായോ?
ഉഷാറായി.
അവർക്കു തിരിഞ്ഞില്ല
രേവരി കേറിയുമിറങ്ങിയും
പുരമറിച്ചിട്ട പെണ്ണിന്
ബാധ കേറിയിട്ടേയില്ലെന്ന്.

ഇന്നിവിടെ
തെയ്യാമ കേറി-
വരുന്നതും നോക്കി
അവളയലോത്ത്
കുന്തിച്ചിരുന്നു.
തെയ്യാമ വന്ന്
പാത്രമെറിഞ്ഞു പൊട്ടിച്ചു.
പട്ടുകുപ്പായങ്ങൾക്ക്
തീപിടിപ്പിച്ചു.
അവരുടെയുള്ളിലിരുന്ന്
രേവരി വിരലുകൾ
കോർത്തു.
തെയ്യാമയും രേവരിയും
പോക്കുവരവിലെല്ലാം
പരസ്പരമിറുക്കി
പുണർന്നു.

പുഴയുടെ ആഴങ്ങളിലേക്കും
ആഴങ്ങളിൽ നിന്നുയർന്നും
ഞങ്ങളുടെ ചിരിയൊഴുകി.
പുഴയിൽ മുങ്ങിനീർന്നു...

രണ്ട് പെണ്ണുങ്ങൾ!
ഒറ്റ വിപ്ലവം!

1. അയലോത്തെ: അയൽവക്കത്തെ.
2. അന്തിയൂഴം: പുല തീരുന്നതിന്റെ തലേന്ന് രാത്രി മരിച്ച ആളുടെ വീട്ടിൽ ബന്ധുക്കൾ ഒത്തുചേരുന്ന ചടങ്ങ്.
3. രേവരി: രേവതി (രേവരിയും തെയ്യാമയും പ്രേതശരീരത്തിനിട്ടിരിക്കുന്ന പേര്).
4. അക്കൂറ്റ്: അയൽവക്കം.

Comments