കൽപ്പറ്റ നാരായണൻ

പിഗ്മാമ്മാലിയൻ

പുരുഷനായതിനാലാവാം
സൃഷ്ടികർമ്മം
ദൈവത്തെ നിരാശയിലാഴ്ത്തി.
ഏറെ ആവേശത്തോടെ ചെയ്തത്
ഏറെ നിരാശയിലവസാനിച്ചു.
വെള്ളിലവള്ളികളിൽ അത് കാണാം
ആവേശം പിൻവാങ്ങിയപ്പോൾ
ഇതളുകൾ ഇലകളായി.
സ്ത്രീകളിൽ സംഭവിച്ചതും
അതായിരുന്നു. 

പതിവിൽ കവിഞ്ഞ ആവേശത്തോടെയാണ്
പെണ്ണിനെ നിർമ്മിക്കാനുള്ള മണ്ണ്
പടച്ചവൻ കയ്യിലെടുത്തത്.
വലിയൊരു ശുന്യത കുറേ നാളായി
നിന്തിരുവടിയെ അലട്ടുന്നുണ്ടായിരുന്നു.
അതിൽനിന്ന് മുക്തനാവാനുള്ള സമയം
അതിക്രമിച്ച് തുടങ്ങിയിരുന്നു. 

രൂപപ്പെടുന്തോറും
ദൈവമവളിൽ ഭ്രമിച്ചു
പലേടത്തും കൈ പതറി
ഒടുവിലൊടുവിൽ
തന്നെ നിയന്ത്രിക്കാനാവാതായി.
അത്രടമൊക്കെ എത്തിയപ്പോൾ
പുരുഷനും നിയന്ത്രണം നഷ്ടപ്പെട്ടത്
അവൻ ദൈവഛായയിൽ
സൃഷ്ടിക്കപ്പെട്ടതിനാലാവാം.
ഇമ്മാതിരി സന്ദർഭങ്ങളിൽ
ക്ഷമാപൂർവ്വം പെരുമാറാനുള്ള
ത്രാണി അവനുമില്ലല്ലോ. 

ദൈവത്തിൻ്റെ ദൗർബ്ബല്ല്യത്തിന്
ശിക്ഷ കിട്ടിയതോ പാവം സ്ത്രീക്ക്.
അതല്ലെങ്കിലും അങ്ങനെയായിരിക്കുമല്ലോ.
കുറ്റബോധം വെറുപ്പായി
പരാജയബോധം അകൽച്ചയായി
ശാപവും പേറിക്കൊണ്ടാണ്
അവൾ ഭൂമിയിൽ വന്നത്. 

എന്തായിരുന്നു
ആ ശാപം എന്നല്ലേ?
നിനക്ക് വേണ്ടതെന്തെന്ന്
നീ അറിയുകയില്ല
നീ വീട് തെറ്റിക്കയറും
നിന്നെ ആരാധിക്കുന്നവനെ നീ അറിയില്ല
തഴുകുന്ന വിരലുകൾ
ഒടിച്ചുകളയണമെന്ന് നിനക്ക് തോന്നും
ചവിട്ടുന്ന കാലിൽ നീ ചുംബിക്കും
നിനക്ക് വഴങ്ങാത്തവരുടെ
സ്നേഹത്തിനായി നീ യാചിക്കും
കിട്ടാക്കനികളിലുള്ള കൊതി മൂലം
കിട്ടുന്നതെല്ലാം
രുചികെട്ടതായി മാറും.
നീ കരഞ്ഞു കൊണ്ട് പാടും
‘‘കരുതുവതിഹ ചെയ്യവയ്യ ചെയ്യാൻ
വരുതിലഭിച്ചതിൽ നിന്നിടാ വിചാരം’’. 

അന്നു മുതലിന്നുവരെ
ഓരോ ജന്മത്തിലും
ശാപമോക്ഷത്തിനായി
അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
ഉള്ളത് പറയട്ടെ
ചില്ലറ ഇളവുകൾ അവൾക്ക്
ലഭിച്ചിട്ടുമുണ്ട്
എന്നാലും
പൂർണ്ണമായ മുക്തി കിട്ടിയില്ല
ഞാനെന്ത് പിഴച്ചു
എന്ന ചോദ്യത്തിന്
ഉത്തരം കിട്ടിയതുമില്ല.
ഉത്തരം കിട്ടാത്ത ചിലതില്ലെങ്കിൽ
ദൈവമുണ്ടോ?
ദൈവത്തിൻ്റെ പിൻകുടുമയാണ്
അവളെല്ലാറ്റിലും കണ്ടത്. 

എങ്കിലും
ദൈവത്തിൻ്റെ പോലും
മനശ്ശക്തി തകർത്തു
എന്നതിൽ ചിലപ്പോളൊരാനന്ദം
അവളിൽ ഇരച്ചുകയറാറുണ്ട്.
പിഗ്മാലിയൻ്റെ കഥ
തന്നെ സൃഷ്ടിച്ച
ദൈവത്തിൻ്റെ കഥയാണെന്ന്
അപ്പോളവൾ പൊട്ടിച്ചിരിക്കും.
ഇത് ശാപമോ വരമോ എന്ന്
കണ്ണാടിയിലെ ഉടലിനോട്
അവൾ ചോദിക്കും. 

ഇക്കഥ കേൾക്കാനിടയായ
രണ്ടു സ്ത്രീകളിലൊരുവൾ പൊട്ടിത്തെറിച്ചു.
ആണൊരുത്തനുണ്ടാക്കിയ
കഥയാണിത്.
അവനറിയില്ല
സ്ത്രീയല്ല സ്ത്രീകളാണുള്ളത്
അപരയും അവളെ പിന്താങ്ങി
നേരാണ്
നമുക്കെല്ലാവർക്കുമായി ഒരു കഥയില്ല
പക്ഷെ, ഒച്ച താഴ്ത്തി അവൾ തുടർന്നു
സ്ത്രീകളില്ല സ്ത്രീയേ ഉള്ളൂ
എന്ന് എനിക്ക് തോന്നിയ സന്ദർഭവുമുണ്ട്.
പുരുഷമാരില്ല പുരുഷനേയുള്ളൂ എന്ന്
നമുക്ക് മിക്കപ്പോഴും തോന്നാറുള്ളതുപോലെ.


Summary: Pygmalian malayalam poem written by Kalpatta Narayanan and Published in Truecopy Onam Special webzine Packet 297.


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments