ടി.ടി. ശ്രീകുമാർ

തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുന്നതുകൊണ്ടുമാത്രം
​ഹിന്ദുത്വം പരാജയപ്പെടുകയില്ല

നെഹ്റു- അംബേദ്കർ മാതൃക ഒരു രാഷ്ട്രീയ അടിത്തറ ആയി നിലനിർത്തി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഇപ്പോൾ തെരഞ്ഞെടുപ്പു വിജയം സാധ്യമാണോ എന്നതാണ് ഈ ഘട്ടത്തിൽ ഉന്നയിക്കപ്പെടേണ്ട കാതലായ ഒരു ചോദ്യം. അതിനുള്ള സാഹചര്യം തെളിയുന്നില്ല എന്നതാണ് യു. പി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി സ്വന്തം ക്രുദ്ധ ഹിന്ദുത്വം കൂടുതൽ ശക്തിയോടെ പുറത്തെടുക്കുന്നതും മറ്റു പാർട്ടികൾ ഒരു മൃദു ഹിന്ദുത്വത്തെ താലോലിക്കാൻ തുടങ്ങുന്നതും സൂചിപ്പിക്കുന്നത്.

കെ. കണ്ണൻ: ആസന്നമായ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ ബി.ജെ.പി ചിട്ടപ്പെടുത്തിയ വർഗീയ കാമ്പയിൻ ‘ഫലം' കാണുകയാണ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ ‘യോഗി ലീഡർഷിപ്പിനെ' മറികടക്കാൻ കൂടിയെന്നോണം, നരേന്ദ്രമോദി വാരണാസിയിലെത്തി ടി.വി ക്യാമറകളെ സാക്ഷിയാക്കി ഗംഗയിൽ കുളിച്ച് പ്രാർഥിച്ച്, ഔറംഗസേബ് തകർക്കാൻ ശ്രമിച്ച കാശി, അതിന്റെ ചൈതന്യം വീണ്ടെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. സെക്യുലർ സ്‌റ്റേറ്റിന്റെ എല്ലാ സംവിധാനങ്ങളെയും സന്നാഹങ്ങളെയും ദുരുപയോഗിച്ചാണ് തീർത്തും മതപരമായ ചടങ്ങുകൾക്ക് ഭരണഘടനാ പദവിയിലിരിക്കുന്ന പ്രധാനമന്ത്രി തന്നെ കാർമികത്വം വഹിച്ചത്.
യു.പി. ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ‘അയോധ്യ, കാശി, ഇനി മഥുര...' എന്ന ട്വീറ്റിലൂടെ ദീർഘകാലമായുള്ള സംഘ്​പരിവാർ അജണ്ട സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മോദിയുടെ ഹിന്ദു ഷോയുടെ ഒരു ദിവസം മുമ്പാണ് രാജസ്ഥാനിലെ ഒരു റാലിയിൽ രാഹുൽ ഗാന്ധി, ‘ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ല' എന്നുമുള്ള തന്റെ പാർട്ടിയുടെ സത്യം തൊലി പൊളിച്ചുകാട്ടിയത്​. ‘2014 മുതൽ രാജ്യം ഭരിക്കുന്ന ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കളുടെ ഭരണം കൊണ്ടുവരണം' എന്നും അദ്ദേഹം കോൺഗ്രസ്​ ലക്ഷ്യം വിശദീകരിച്ചു. യു.പി തെരഞ്ഞെടുപ്പിൽ, ബി.ജെ.പിയെ നേരിടുന്ന സമാജ്‌വാദി പാർട്ടിയും ‘കാശിയുടെ പിതൃത്വം' സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെ മോദി പ്രഖ്യാപിച്ച ‘പുതിയ ഇന്ത്യ'യുടെ നിർവചനം- ‘വിരാസത്' (ഹെരിറ്റേജ്) ആൻറ്​ ‘വികാസ്' (വികസനം), ഒരു ഹിന്ദു ഇന്ത്യയുടെ സംസ്ഥാപനം, സാധ്യമാകാനുള്ള സാഹചര്യവുമൊരുങ്ങിയിരിക്കുന്നു, രാഷ്ട്രീയമായിത്തന്നെ. ഈ സംഭവവികാസങ്ങളെ യു.പി തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിലേക്ക് ഒതുക്കി വിശകലനം ചെയ്യുന്നത് അതിന്റെ അപകടത്തെ കുറച്ചുകാണലാകും. ഈ സാഹചര്യത്തിൽ, ഒരു സെക്യുലർ സ്‌റ്റേറ്റ് എന്ന ഐഡൻറിറ്റിയെ രാഷ്ട്രീയമായും ജനാധിപത്യപരമായും വീണ്ടെടുക്കാൻ കഴിയുന്ന ഒരു പ്രായോഗിക രാഷ്ട്രീയ പരിപാടിയുടെ ഉള്ളടക്കം എന്തായിരിക്കണം?

ടി.ടി. ശ്രീകുമാർ: ഇന്ത്യ ഒരു കാലത്തും സമ്പൂർണമായ ഒരു മതേതര രാഷ്ട്രമായിരുന്നില്ല. അങ്ങനെ ആയിരിക്കുക എന്നത് ചരിത്രപരമായി സാധ്യമല്ല. യൂറോപ്പിൽ ക്രിസ്തുമതം ഭരണകൂടങ്ങളുമായി ഉണ്ടാക്കിയ ഒരു സന്ധി പോലെ ഹിന്ദുമതവും ഇന്ത്യൻ ഭരണകൂടവും തമ്മിൽ ഒരു മൃദുബന്ധം എല്ലാ കാലത്തും ഉണ്ടായിരുന്നു. നെഹ്രുവിന്റെ കാലത്തുപോലും രാഷ്ട്രം എന്ന സങ്കൽപ്പവും ദേശീയതാ രാഷ്ട്രീയവും പല രീതിയിൽ ഈ ബന്ധത്തെ വ്യഖ്യാനിച്ചിരുന്നു. അണക്കെട്ടുകളാണ് ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങളാണ് എന്നുപറഞ്ഞപ്പോൾ നെഹ്റു ക്ഷേത്രങ്ങൾക്ക് ഇന്ത്യൻ മനസ്സിലുള്ള ഒരു വൈകാരിക പ്രാധാന്യത്തെ മനസ്സിലാക്കുകയായിരുന്നു. പ്രമുഖ ചിത്രകാരൻ നന്ദലാൽ ബോസിന്റെ നേതൃത്വത്തിലാണ് 1949-ൽ ഭരണഘടനാ വിദഗ്ദർ ഒപ്പുവച്ച ആദ്യ പതിപ്പ് നിർമിക്കുന്നത്. അതിലുള്ള 22 ചിത്രങ്ങളിൽ വേദകാലത്തെ ഗുരുകുലവും ഋഷിമാരും, രാമനും സീതയും കൃഷ്ണനും ശിവനും അർജുനനും ബുദ്ധനും മഹാവീരനും അശോകനും വിക്രമാദിത്യനും ഒക്കെ കടന്നുവരുന്നുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ഗാന്ധിയും സുഭാഷ് ബോസും ജാൻസി റാണിയും ഒക്കെയുണ്ട്. രണ്ടേ രണ്ടു ‘അപര പ്രതിനിധാനങ്ങൾ' എന്ന് പറയാവുന്നത് അക്ബറും ടിപ്പു സുൽത്താനും മാത്രമാണ്​. പൗരത്വത്തെ കുറിച്ചുള്ള അദ്ധ്യായത്തിന്​ വേദകാലം ആണ് ചിത്രമായി ചേർത്തിട്ടുള്ളത്. മൗലികാവകാശങ്ങളുടെ താളിലുള്ളത് ലക്ഷ്മണനും സീതയും രാമനുമാണ്. ഭരണകൂട നയങ്ങളുടെ നിർദ്ദേശക തത്വങ്ങൾക്ക് അകമ്പടി കൃഷ്ണനും അർജുനനുമാണ്. ചോള ഭരണ കാലത്തെ നടരാജ വിഗ്രഹവും മഹാബലി പുറത്തെ അർജുനന്റെ തപസും ആണ് തെക്കേ ഇന്ത്യയുടെ പ്രതിനിധാനങ്ങൾ. ടിപ്പു കടന്നുവരുന്നത് സ്വാതന്ത്ര്യ സമരങ്ങൾ ആലേഖനം ചെയ്യുന്ന സന്ദർഭത്തിലാണ്. ഗുരു ഗോവിന്ദ് സിങ്ങിനും ശിവജിക്കുമിടയിലെ അക്ബർ മാത്രമാണ് മധ്യകാല ഇന്ത്യയുടെ ഒരു അപര പ്രതിനിധാനം. ഇത്തരത്തിൽ ഹൈന്ദവ ബിംബങ്ങൾ നിറഞ്ഞ കയ്യെഴുത്തുപ്രതിയാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. ഭൂരിപക്ഷ മതവാദ സങ്കൽപത്തിൽ ഭരണഘടന തന്നെ അടയാളപ്പെടുത്തപ്പെടുന്ന സാഹചര്യമാണിത്. അംബേദ്കറുടെയും നെഹ്രുവിന്റെയും കണ്മുന്നിൽ തന്നെ ഇത് കഴിയുമായിരുന്നു എന്നത് അവിശ്വനീയമായി തോന്നാം. ഈയൊരു ചരിത്ര- സാമൂഹിക പശ്ചാത്തലം നിലനിൽക്കുന്നതുകൊണ്ടാണ് രാഷ്ട്രീയ കക്ഷികൾക്ക് വളരെ വേഗം മൃദു ഹിന്ദുത്വ രാഷ്ട്രീയവുമായി കൈകോർക്കാൻ കഴിയുന്നത്. ഇന്ന് ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം ഈ സമീപനത്തിന്റെ ഒരു ക്രുദ്ധരൂപത്തെയാണ് എക്കാലത്തും കൊണ്ടുനടന്നിരുന്നത്. എഴുപതുകളിൽ തന്നെ അവർ തങ്ങളുടെ രാഷ്ട്രീയ ഹിന്ദുത്വത്തിന് ഇന്ത്യയിൽ അധികാരത്തിലെത്താൻ കഴിയുമെന്നും അതിനാവശ്യം ശക്തമായ കൂട്ടുകെട്ടുകളെന്നും മനസ്സിലാക്കുന്നുണ്ട്. അടിയന്തരാവസ്ഥയിലേക്ക് നയിച്ച സമര കലാപങ്ങളിൽ ഒരു കക്ഷിയായി ചേരുകയും ജനതാ പാർട്ടി രൂപീകരണത്തിലെക്കും അതിലൂടെ ഭരണത്തിലെക്കും എത്തുകയും ചെയ്യാൻ അന്നുതന്നെ അവർക്ക് കഴിഞ്ഞിരുന്നു. ഏകീകൃത പാർട്ടി എന്നതിൽ നിന്ന് തങ്ങൾക്കു നേതൃത്വമുള്ള മുന്നണി എന്ന ആശയത്തിലേക്ക് എൺപതുകൾ ആകുമ്പോൾ അവർ എത്തിച്ചേരുന്നു. ആ പരീക്ഷണങ്ങളുടെ ഒടുവിലാണ് 2014 ൽ ബി.ജെ.പി - ആർ.എസ്.എസ് സർക്കാർ ഇന്ത്യയിൽ രൂപംകൊള്ളുന്നത്. ഇതിനിടയിൽ മതേതര പാർട്ടികളും സോഷ്യലിസ്റ്റുകളും അടക്കം നിരവധി വിഭാഗങ്ങൾ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി.ജെ.പി മുന്നണിയിലെ പങ്കാളികളായി മാറിയിട്ടുണ്ട്.

ദലിത് - ന്യൂനപക്ഷ ബഹുജന ധാരകളും ധൈഷണിക നേതൃത്വം തമ്മിലുള്ള ജൈവിക ബന്ധമാണ് ഇവക്ക് ഇത്രകാലവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മേൽക്കൈ നൽകിയിരുന്നത്. എന്നാൽ ഇവ തമ്മിലുള്ള വിടവ് ഇപ്പോൾ വർദ്ധിക്കുകയാണ്.

എന്നാൽ, അതേസമയം തന്നെ ഇന്ത്യൻ ഭരണയുക്തിയിൽ (governemntality) മത ഭൂരിപക്ഷ രാഷ്ട്രീയത്തെ അധികാരത്തിൽ നിന്ന് ഒഴിച്ച് നിർത്തുന്ന ഘടകങ്ങൾ ആദ്യകാലത്ത് ശക്തമായിരുന്നു. ആ ഘടകങ്ങളോട് നീതി പുലർത്താനുള്ള പരിശ്രമത്തെയാണ് നമ്മൾ മതേതരത്വം എന്ന് വിളിച്ചുകൊണ്ടിരുന്നത്. നെഹ്റു-അംബേദ്കർ മാതൃക എന്ന് ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു സവിശേഷ ക്ഷേമ രാഷ്ട്ര സങ്കല്പമാണ് ഇന്ത്യൻ ഭരണയുക്തിയുടെ അടിസ്ഥാനമായി നിലനിന്നിരുന്നത്. സാമ്പത്തികമായി വർഗ മർദ്ദിതരുടെ അവസര സമത്വവും, സാമൂഹികമായി ജാതി ബഹിഷ്‌കൃതരുടെ അവസര സാധ്യതകളും വർദ്ധിപ്പിക്കുക എന്ന സോഷ്യലിസ്റ്റിക്ക്- സെക്യുലർ നൈതികത ആയിരുന്നു നെഹ്റു-അംബേദ്കർ മാതൃകയുടെ സവിശേഷത. പക്ഷെ കാലക്രമത്തിൽ, വിശേഷിച്ച്​നിയോ ലിബറൽ രാഷ്ട്രീയം ആഗോള തലത്തിൽ തന്നെ ക്ഷേമ രാഷ്​ട്ര സങ്കൽപ്പത്തെ അട്ടിമറിച്ചതിനുശേഷം, ഈ ഭരണയുക്തിയോട്​ ഇന്ത്യ വിടപറയുന്നുണ്ടുണ്ട്. 1986 ലെ വിദ്യാഭ്യാസ നയവും, ആഗോള മൂലധനത്തിനു വഴങ്ങിക്കൊണ്ടുള്ള നിയോ ലിബറൽ നയങ്ങളും മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിലുണ്ടായ പരാജയവും എല്ലാം ചേർന്ന് നെഹ്റു- അംബേദ്കർ മാതൃക അസാധുവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലം മനസ്സിൽ വച്ചുകൊണ്ടുവേണം നമ്മൾ മതേതര പാരമ്പര്യം വീണ്ടെടുക്കുന്നതെങ്ങനെ എന്ന ചോദ്യം ഉന്നയിക്കാൻ.

നരേന്ദ്രമോദി

നെഹ്റു- അംബേദ്കർ മാതൃക ഒരു രാഷ്ട്രീയ അടിത്തറ ആയി നിലനിർത്തിക്കൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഇപ്പോൾ തെരഞ്ഞെടുപ്പു വിജയം സാധ്യമാണോ എന്നതാണ് ഈ ഘട്ടത്തിൽ ഉന്നയിക്കപ്പെടേണ്ട കാതലായ ഒരു ചോദ്യം. അതിനുള്ള സാഹചര്യം തെളിയുന്നില്ല എന്നതാണ് യു. പി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി സ്വന്തം ക്രുദ്ധ ഹിന്ദുത്വം കൂടുതൽ ശക്തിയോടെ പുറത്തെടുക്കുന്നതും മറ്റു പാർട്ടികൾ ഒരു മൃദു ഹിന്ദുത്വത്തെ താലോലിക്കാൻ തുടങ്ങുന്നതും സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏഴുവർഷത്തെ മോദി - ഷാ ഭരണം ഒരു സെക്യുലർ ഇന്ത്യയെ ആദ്യകാലത്ത് സങ്കൽപ്പിച്ചിരുന്ന പരിമിതമായ അർത്ഥത്തിൽ പോലും സങ്കൽപ്പിക്കാൻ ആവാത്ത നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതിനെ ചെറുക്കാനുള്ള ആദ്യപടി ബി.ജെ.പി- ആർ.എസ്​.എസ്​ സർക്കാരുകൾ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിൽ വരുന്നത് തടയുക എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുപയുക്തമായ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാവുക എന്നതാണ്. പൊതുവിൽ മത ഭൂരിപക്ഷ ഹിന്ദുത്വത്തെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന അജണ്ടയാണ് ഈ തെരഞ്ഞെടുപ്പുകളിൽ ജനാധിപത്യ പാർട്ടികൾ സ്വീകരിക്കേണ്ടത്. രണ്ടു കാര്യങ്ങൾ പ്രധാനമാണ്. ഒന്ന്, ഒറ്റയടിക്ക് മതേതര പാരമ്പര്യം വീണ്ടെടുക്കാൻ അങ്ങനെ ഒരു പാരമ്പര്യം മുൻകൂർ ആയി നിലനിൽക്കുന്നില്ല. എന്നാൽ മതഭൂരിപക്ഷ രാഷ്ട്രീയത്തെ അധികാരത്തിൽ വരാതെ കാക്കുന്ന ഒരു ലിബറൽ ജനാധിപത്യ പാരമ്പര്യമുണ്ട്. അതിനെ തീർച്ചയായും ശക്തിപ്പെടുത്തേണ്ടതുണ്ട്.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനിടയുണ്ട് എന്ന യാഥാർത്ഥ്യം ഇപ്പോൾ ബി.ജെ.പിയെയും സംഘപരിവാറിനെയും അലട്ടുന്നുണ്ട്.

രണ്ട്​, ഇന്ത്യൻ ഭരണയുക്തിയെ മൃദുഹിന്ദുത്വ മുക്തമാക്കേണ്ടതുണ്ട്. അത് പക്ഷെ സിവിൽ സമൂഹാധിഷ്ടിതം കൂടിയായ ദീർഘകാല രാഷ്ട്രീയ അജണ്ടയാണ്. അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ ജാതി വിരുദ്ധ, വർണാശ്രമ വിരുദ്ധ സമരങ്ങളിലും ന്യൂനപക്ഷ രാഷ്ട്രീയത്തിനുള്ള മുഖ്യധാരാ പ്രാതിനിധ്യത്തിലും പാട്രിയാർക്കൽ നിലപാടുകൾക്കെതിരെയുള്ള ലിംഗ സമത്വ സമരങ്ങളിലും ഒക്കെയാണ് കണ്ടെത്തുവാൻ കഴിയുക. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെടുന്നതുകൊണ്ട് മാത്രം ഹിന്ദുത്വം പരാജയപ്പെടുകയില്ല എന്ന തിരിച്ചറിവാണ് അത്തരമൊരു രാഷ്ട്രീയത്തിന് സാധൂകരണം നൽകുന്നത്.

ഒ.ബി.സി- ദലിത് വോട്ടുബാങ്കിനുവേണ്ടിയുള്ള ആഗിരണ രാഷ്ട്രീയം സംഘ്പരിവാറിന്റെ പ്രധാന അജണ്ടകളിൽ ഒന്നാണ്. യു.പിയിൽ തന്നെ, ഒ.ബി.സി- ദലിത് വിഭാഗങ്ങളിലെ 175 എം.എൽ.എമാരും എം.പിമാരും നേതാക്കളുമടങ്ങുന്ന സംഘത്തെയാണ്, ഇതിനായി രൂപം കൊടുത്ത ‘സമാജിക് സമ്പർക്ക്' പരിപാടിക്കുവേണ്ടി ബി.ജെ.പി അണിനിരത്തിയിരിക്കുന്നത്. ഇന്ന് നാമമാത്ര സ്വാധീനം പോലുമില്ലാത്ത ബി.എസ്.പിയേക്കാൾ വലിയ ‘ദലിത് പക്ഷ പാർട്ടി'യായി ബി.ജെ.പി സ്വയം അടയാളപ്പെടുത്തുന്നു. മറുവശത്ത്, ചന്ദ്രശേഖർ ആസാദിനൊപ്പമുള്ള ഭീം ആർമിയെപ്പോലെ ചില ആൾക്കൂട്ടങ്ങളെയാണ് കാണാൻ കഴിയുന്നത്. പുതിയ തലമുറ ദലിത് വിദ്യാർഥി സമൂഹത്തിൽനിന്ന് അംബേദ്കറിസത്തിൽ അധിഷ്ഠിതമായ ഒരു ഇന്റലിജൻഷ്യ രൂപപ്പെട്ടുവരുന്നുണ്ട്. കാൻഷിറാമിന്റെ മൂവ്മെൻറിന് പിന്നീട് സംഭവിച്ചതുപോലുള്ള അപകടങ്ങളെക്കുറിച്ച് ഈ തലമുറക്ക് ബോധ്യമുണ്ടെന്നുമാത്രമല്ല, ഇടതുപക്ഷം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയത്തിലെ ചതിക്കുഴികളെക്കുറിച്ച് അവർ ബോധവാന്മാരുമാണ്. എങ്കിലും ഈ ആൾക്കൂട്ടവും രാഷ്ട്രീയബോധ്യവും, മെജോരിറ്റേറിയൻ പൊളിറ്റിക്സിനെ നേരിടാൻ തക്ക ശേഷിയുള്ള ഒരു മൂവ്മെന്റായി വികസിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്?

ഇന്ത്യയുടെ നിയോ ലിബറൽ കാലം കണ്ട ഏറ്റവും ആപത്കരമായ രണ്ടു നിയമനിർമ്മാണ പാക്കേജുകൾ ആയിരുന്നു കാർഷിക- വ്യാവസായിക മേഖലകളിൽ മോദി സർക്കാർ കൊണ്ടുവന്നത്. പിന്നീട് കാർഷിക നിയമങ്ങൾ പിൻവലിച്ചു എങ്കിൽത്തന്നെയും വ്യാവസായിക നിയമങ്ങൾക്കെതിരെയുള്ള ട്രേഡ് യൂണിയൻ പ്രതിഷേധങ്ങൾ വലിയ ഫലം കണ്ടിട്ടില്ല. പക്ഷെ ഈ സമരങ്ങളോടും അതിനു മുമ്പുതന്നെ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലും ഭരണകൂടം സ്വീകരിച്ച മൃത്യുരാഷ്ട്രീയ (necro politics) നിലപാട് ഇന്ത്യയിലെ മൂലധന- ഭരണകൂട ചങ്ങാത്തത്തിന്റെ ഹത്യാധികാരത്തെ (necro power) വെളിവാക്കുന്നതായിരുന്നു.

പരമാധികാരം എന്നത് ജീവനെടുക്കാനും എടുക്കാതിരിക്കാനും മരണത്തിലേക്ക് തള്ളിവിടാനും, മരണവക്ത്രത്തിൽ നിന്ന് രക്ഷിക്കാതെ ഉപേക്ഷിക്കാനുമുള്ള നിയമപരമായതും നിയമാതീതവുമായ ഭരണകൂടാധികാരമാണെന്ന സമീപനത്തിലെ മൃത്യുരാഷ്ട്രീയവും ഹത്യാധികാരവും ഏകാധിപത്യ ഭരണക്രമങ്ങളിൽ ഉള്ളതിനേക്കാൾ സ്വേച്ഛാപരമായി ഉപയോഗിക്കുന്ന ഭരണകൂടത്തെയാണ് നാമിപ്പോൾ ഇന്ത്യയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ദുരധികാരബോധത്തോട് സന്ധി ചെയ്യാതെ അതിനുമുന്നിൽ പതറാതെനിന്നു എന്നതാണ് കർഷക സമരത്തെ വിജയത്തിലേക്ക് നയിച്ചത്​.
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനിടയുണ്ട് എന്ന യാഥാർത്ഥ്യം ഇപ്പോൾ ബി.ജെ.പിയെയും സംഘപരിവാറിനെയും അലട്ടുന്നുണ്ട്. പരാജയപ്പെടുക എന്നതോളം തന്നെ ഭൂരിപക്ഷം വളരെ കുറയുന്ന ഒരവസ്ഥയും ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ അജയ്യതാ നാട്യങ്ങളെ പരുക്കേൽപ്പിക്കുകയും ഭാവി തെരഞ്ഞെടുപ്പു സാധ്യതകളെ അട്ടിമറിക്കാനിടയുള്ള സ്ഥിതി സംജാതമാക്കുകയും ചെയ്യും. ഈ സാഹചര്യം മനസ്സിലാക്കുന്നതിലെ പരിഭ്രാന്തിയാണ് ദലിത് വോട്ടുകൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിൽ തെളിയുന്നത്.

ഇന്ത്യയിലെ ദലിത്- ന്യൂനപക്ഷ രാഷ്ട്രീയം മാറുന്ന ഭരണയുക്തിയോടു പൊരുത്തപ്പെടും എന്നാണു ബി.ജെ.പി പ്രതീക്ഷിക്കുന്നത്. പഴയ സെക്യുലറിസ്റ്റ്-ലിബറൽ ജനാധിപത്യ അജണ്ടയുടെ നാമമാത്രമായ പരിരക്ഷ ഇനിയങ്ങോട്ട് ഉണ്ടാവില്ല എന്ന സൂചനയാണ് ബി.ജെ.പി അവർക്ക് നൽകുന്നത്. അതിനു പകരം ബി.ജെ.പി സ്‌കൂൾ അവതരിപ്പിക്കുന്ന ആശയലോകത്തെക്ക് ചെക്കേറുക എന്നതാണു അവർക്ക് മുന്നിലുള്ള ഏക മാർഗം എന്ന സന്ദേശവും ബി.ജെ.പി ശക്തമായി നൽകുന്നുണ്ട്. ഇതിനു ബദലുകൾ സാധ്യമാണോ എന്ന ചോദ്യം ഇന്ത്യയിലെ ദലിത്- ന്യൂനപക്ഷ രാഷ്ട്രീയത്തെ ഇപ്പോൾ വ്യാകുലപ്പെടുത്തുന്നുണ്ട്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രവർത്തകരോടൊപ്പം

ദലിത് - ന്യൂനപക്ഷ ബഹുജന ധാരകളും ധൈഷണിക നേതൃത്വം തമ്മിലുള്ള ജൈവിക ബന്ധമാണ് ഇവക്ക് ഇത്രകാലവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മേൽക്കൈ നൽകിയിരുന്നത്. എന്നാൽ ഇവ തമ്മിലുള്ള വിടവ് ഇപ്പോൾ വർദ്ധിക്കുകയാണ്. അടിസ്ഥാന തലത്തിലുള്ള ബഹജന രാഷ്ട്രീയവും ധൈഷണിക നേതൃത്വവും തമ്മിലുള്ള ജൈവികബന്ധം മുറിഞ്ഞുപോകുന്നത് ഒരു പ്രതിസന്ധി തന്നെയാണ്. ധൈഷണിക നേതൃത്വത്തിൽ ഇപ്പോൾ നടന്നിട്ടുള്ള മുന്നേറ്റങ്ങൾ പ്രധാനമാണ്. എന്നാല അത് ബഹുജന രാഷ്ട്രീയത്തിൽ പ്രതിപ്രവർത്തിക്കുമ്പോൾ മാത്രമേ അതൊരു ഭൗതിക ശക്തിയായി മാറുന്നുള്ളൂ. യൂറോപ്പിൽ മാർക്‌സിസത്തിന് അത്തരമൊരു അപചയം സംഭവിച്ചിരുന്നു. സൈദ്ധാന്തികമായ മുന്നേറ്റങ്ങളെ രാഷ്ട്രീയ അജണ്ടയിൽ സന്നിവേശിപ്പിച്ച്​ മുന്നോട്ടുകൊണ്ടുപോകാൻ അതിനു കഴിഞ്ഞില്ല. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ വമ്പിച്ച ജനകീയ മുന്നേറ്റങ്ങളുണ്ടായപ്പോൾ പലയിടത്തും സൈദ്ധാന്തികമായി അതിന്​ ഉൾക്കരുത്തു നൽകുന്ന ധൈഷണിക നേതൃത്വങ്ങളുടെ അഭാവം കാണാമായിരുന്നു. ഇതു വിഘടീകരണത്തിലേക്കും ശിഥിലീകരണത്തിലെക്കും നയിക്കുകയും ചെയ്യും.

ഞാൻ നേരത്തെ സൂചിപ്പിച്ച പരസ്പര ബന്ധിതമായ രണ്ടു രാഷ്ട്രീയ അജണ്ടകളുണ്ട്. ഒന്ന്, ബി.ജെ.പിയെ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുക, രണ്ട്​, അംബേദ്കർ തുടങ്ങി വച്ച വർണാശ്രമ വിരുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ഇന്ത്യൻ ഭരണയുക്തിയിൽ കൂടുതലായി ഇടപെട്ടുകൊണ്ട് അതിനെ ഹിന്ദുത്വ വിമുക്തമാക്കുക. ഇതിന്​ ഇടതുപക്ഷ രാഷ്ട്രീയവും ലിബറൽ ജനാധിപത്യപാർട്ടികളും ദലിത് ന്യൂനപക്ഷ വിഭാഗങ്ങളും പരസ്പര വിശ്വാസത്തോടെ ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. എഴുപതുകളിലുണ്ടായ തീവ്ര വലതു പക്ഷ കേന്ദ്രീകരണമാണ് ആത്യന്തികമായി ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചത്. എഴുപതുകളുടെ വലതുപക്ഷ രാഷ്ട്രീയത്തെ മനസ്സിലാക്കുന്ന, അതിന്റെ പിൽക്കൽ വളർച്ചയുടെ ഗതിവിഗതികൾ തിരിച്ചറിയുന്ന, അതിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ മുന്നണിയാണ് ഇപ്പോൾ ഉയർന്നുവരേണ്ടത്. ▮

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments