ക്വസ്റ്റ്യൻ ബാങ്ക്

ചോദ്യങ്ങളുടെ മാനിഫെസ്റ്റോയിൽ നിന്ന്
ചിലത് ചരിത്രത്തിലേക്ക്
തിരിഞ്ഞ് നടക്കുമ്പോൾ
ഒരു ചോദ്യം അവശേഷിക്കും
എല്ലാ ഉത്തരങ്ങളിലും.

വിപ്ലവത്തിന്റെ ഇതിഹാസം
ഏണസ്റ്റോ ചെ ഗുവേര
ഇന്ത്യയിൽ വന്നപ്പോൾ
അവിഭക്ത പാർട്ടി
അവഗണിച്ചതെന്തിന്?
ജനറൽ സെക്രട്ടറി അജയഘോഷും
ചെ-യും തമ്മിൽ എന്തെങ്കിലും ഡയലോഗ്?
വിപ്ലവത്തിന്റെ തന്ത്രങ്ങൾ?

വിയറ്റ്‌നാം പോരാളി ഹോ ചിമിൻ
ഇന്ത്യൻ ജനതയോട്
'നിങ്ങൾക്കൊരു ഗാന്ധി മതി'
ഞാനും മറ്റുള്ളവരും
വിപ്ലവനേതാക്കളായിരിക്കാം,
പക്ഷെ ഞങ്ങൾ എല്ലാവരും തന്നെ!
ഗാന്ധിയുടെ ശിഷ്യന്മാരാണ്
നേരിട്ടോ അല്ലാതെയോ എന്തുകൊണ്ട്?

ജോസഫ് സ്റ്റാലിൻ
മരിച്ച ദിവസം
ഡോ. ബി. ആർ. അംബേദ്കർ
ഉപവസിച്ചത് എന്തിനായിരുന്നു,
ചെരുപ്പുകുത്തിയുടെ മകനായിട്ടാണോ?

കേരളം മലയാളികളുടെ മാതൃഭൂമിയിൽ
ഇ. എം. എസ് എന്തുകൊണ്ട്
മഹാത്മാ അയ്യൻകാളിയെ
ഒഴിച്ചുനിർത്തിയത്?
'പാഠമില്ലെങ്കിൽ പാടത്തേക്കില്ല'
പഞ്ചമിയുടെ മക്കളിപ്പോഴും
എയ്ഡഡ് കോഴ നിയമന
സവർണ ജാതിക്കോളനിക്ക്
പുറത്തുനിൽക്കുന്നു.
സ്വർഗ്ഗത്തെ കടന്നാക്രമിച്ചവർ
നരകജീവിതം തിരഞ്ഞെടുക്കുമോ?

Comments