ഷീബ ദിൽഷാദ്​

രാത്രിയുമായുള്ള
എന്റെ സംഭാഷണങ്ങൾ

ഹേ, രാത്രീ
എനിക്ക് സംസാരിക്കണം
മരുഭൂമികൾ നീണ്ട ഏകാന്തതയ്ക്കു
ശേഷം
എൻ്റെ നാവ് ഭാഷയെ കൊതിക്കുന്നു.

ചെവികൾ
നിന്നെ കേൾക്കാനാഗ്രഹിക്കുന്നു.

ദൂരെ
നഗരസഭയിൽ നിന്ന്
സൈറന്റെ വിലാപം.

ഗുവേരത്തൊപ്പി വച്ച
യാചകൻ പല്ലിളിച്ചു
നിൻ്റെ ഇരുളിച്ചയിൽ
നടുക്കങ്ങളുടെ ഷോർട്ട് സർക്ക്യൂട്ട്.

തകർന്ന മിനാരത്തിൽനിന്ന്
ഒഴുകിവരുന്നു
ഉറക്കച്ചടവുള്ള പ്രാർത്ഥന
വൈകിവന്ന യാത്രികരുടെ
ഇടറുന്ന നിഴലുകൾ.

നടപ്പാത -
പുളിച്ച ചാരായത്തിനും
ദുർഗന്ധങ്ങൾക്കും
അരികിൽ ഉറങ്ങുന്നവർ
എനിക്കൊപ്പമോ
എനിക്ക് മുമ്പേയോ പിറന്നവർ.

ഇടയ്ക്ക് ഞാൻ കേൾക്കുന്നു
ആ പൊട്ടിച്ചിരി
ഉപേക്ഷിക്കാനാകാത്ത ഒരുവൻ
- കവി
തെറുത്ത കൈകൾക്കിടയിൽ
ചുരുട്ടിയ കവിത.

അവൻ പാടുന്നു,

"ഭ്രഷ്ടപ്രണയമേ,
ആത്മനിന്ദയുടെ അനാശാസ്യകവിതേ,
ഇതാ എൻ്റെ ഉണ്മയുടെ
രഹസ്യമദ്യം നിറച്ച ഗോത്രവാദ്യം
ഇതിൽനിന്നു കുടിപ്പിൻ"*

നീ,
നിയോഗരഹസ്യമറിയാതെ
ഉലാത്തുന്ന
പാറാവുകാരൻ്റെ വ്യഥയോടെ
അവനെ പുതപ്പിയ്ക്കുന്നു.

മലകൾ നിന്നെ ഉറക്കത്തിൽ
നിന്നും വിളിച്ചുണർത്തുന്നു
നീ വാക്കുകളുടെ വിലാപത്തിന്
സാക്ഷിയാകുന്നു.

അവൻ നീട്ടിയ കോപ്പയിൽ
നീയൊഴിക്കുന്നൂ
നക്ഷത്രങ്ങളെ വാറ്റിയ
വിശുദ്ധരക്തം.

രസം പോലതുരുക്കുന്നവൻ്റെ
കല്പനാവ്യഥകളെ, കരളിൻ
ഭ്രമദ്രുമങ്ങളെ, ആസക്തി
കാർന്നുതിന്നൊരാ
ഹൃത്തിൻ ദലപുടങ്ങളെ.

കണ്ണീരിൻ്റേയും ചോരയുടേയും
കന്മദപുഷ്പം
വിരിയുന്ന യാമങ്ങളിൽ
നിരാശ്രയ
പതംഗമായലയുന്നവൻ.

അവൻ വരുന്നു
അവൻ്റെ നെറ്റിയിൽ
കാണുന്നൂ വെള്ളിനക്ഷത്രം
അവൻ്റെ ചിറകിൽ നിന്നു
പൊഴിയുന്നു സുവർണ്ണ രേണുക്കൾ.

അത് ചൂളക്കാക്കകളുടെ
വേദനിക്കുന്ന തൊണ്ടയിൽ
കാടിൻ്റെ ആഴമുള്ള നീലത്തിൽ
പകരുന്നു നീ....

ഇരുട്ടിൽ ഒരു പോലെയാവുന്ന
ദുഃഖ നദി..
പല ദേശങ്ങളിലൂടെ
നിന്നെ പ്രാപിക്കുന്നു
നിന്നെ മാത്രം പ്രണയിക്കുന്നു
പ്രപഞ്ചത്തിൻ നിഗൂഢതകൾ..

വേദന
വേദന
സൃഷ്ടി
സംക്രമണം
സംഹാരം
പകലിൻ്റെ തുടക്കമേ
കടലിടുക്കുകളുടെ
പ്രഹരമേ
പ്രസൂനമായൊരു
വിഷാദമേ
എല്ലാത്തിൻ്റേയും
ആരംഭമായവനേ
നിന്നോടാവട്ടെ എൻ്റെ സംഭാഷണം.

(*കവി ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ വരികൾ).


Summary: Raathriyumaayulla ente Sambhashanangal, Malayalam Poem written by Sheeba Dilshad and published in Truecopy webzine packet 255.


ഷീബ ദിൽഷാദ്​

കവി. അവസാനത്തെ ആകാശവും പക്ഷികളും എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments