ഞങ്ങൾക്ക്
ഒരു വളർത്തു പൂച്ചയില്ല.
പൂച്ച മാത്രമല്ല.
പശു, പട്ടി, ആട്, കോഴി, താറാവ്, വാത്ത, അണ്ണാൻ, മുയൽ,
കിളികൾ, വെരുക് അങ്ങനെ ഒന്നുമില്ല.
അമ്മ കുട്ടിയായിരുന്നപ്പോൾ
അമ്മേടെ വീട്ടിൽ കൊറേ വളർത്തുമൃഗങ്ങളുണ്ടായിരുന്നത്രേ.
വീട്ടുകാർക്കെല്ലാം എന്ന പോലെ
അവരെയും പല പേരുകളിൽ വിളിച്ചിരുന്നത്രേ.
അമ്മയുമച്ഛനും ഏഴ് മക്കളുമുള്ള അവരുടെ വീട്ടിൽ
മൃഗങ്ങളുടെ മേൽ എല്ലാർക്കും തുല്യ അവകാശമാണ്.
അധികാരവും.
അമ്മക്ക് മാത്രമായി
ഒരൂസം ഒരു പൂച്ചയെക്കിട്ടിയത്രേ.
അച്ഛനമ്മയെ കല്യാണം കഴിക്കണേന്റ
മാസങ്ങൾക്ക് മുന്നേ
നായ്ക്കൾ ടെയോ മറ്റോ കടിയേറ്റ് അത്
ചത്ത് പോയത്രേ.
അമ്മ ആരും കാണാതെ കൊറേ കരഞ്ഞത്രേ.
ഞങ്ങളുടെ വീട്ടിൽ വളർത്തുമൃഗങ്ങളൊന്നുമില്ല.
എന്നാലും
മീൻ നന്നാക്കുമ്പോൾ
ഏതോ ഓർമ്മയിൽ അമ്മ മീന്തല വൃത്തിയുള്ള
മുറ്റത്തിന്റെ ഒരോരത്തിടും.
കൊതി കാട്ടണ്ടാ, ഞാന്തരാ
എന്ന് കത്തി ഇടക്കിടെ ചെറുതായൊരു താളത്തിൽ
വലത്തേക്ക് വീശും.
▮